പിറന്നാള്‍ സുകൃതത്തിന്‍െറ നിര്‍വൃതിയില്‍ ഗൗരിയമ്മ
text_fields
ആലപ്പുഴ: കെ.ആര്‍. ഗൗരിയമ്മയുടെ ജീവിതവഴിയില്‍ ഒരു ജന്മദിനംകൂടി കടന്നുപോയി. പതിവുപോലെ ഇപ്രാവശ്യവും മധുരവും ആശംസകളും പൂക്കളും നിറഞ്ഞതായിരുന്നു പിറന്നാള്‍ ആഘോഷം. 98ലേക്ക് പാദമൂന്നിയ വേള ഒരു സുകൃത ജന്മത്തിന്‍െറ നിര്‍വൃതി അനുഭവിക്കുകയായിരുന്നു അവര്‍.
നഗരത്തിലെ ചാത്തനാട്ടെ വീടിന് വിളിപ്പാടകലെ റോട്ടറി ക്ളബ് ഹാളിലായിരുന്നു കേരളത്തിന്‍െറ വിപ്ളവനായികയുടെ പിറന്നാള്‍ ആഘോഷം. സി.പി.എമ്മില്‍നിന്ന് പുറത്തായശേഷം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പ്രേരണയിലാണ് ഗൗരിയമ്മ പിറന്നാള്‍ദിനം കൊണ്ടാടിവരുന്നത്. മിഥുനത്തിലെ തിരുവോണം നാള്‍ അതിനാല്‍ ഗൗരിയമ്മയുടെ ജീവിതത്തിലെ ആഘോഷദിനമാണ്. വെള്ളിയാഴ്ച രാവിലെ 9.30ഓടെതന്നെ അതിഥികളെ സ്വീകരിക്കാന്‍ ഗൗരിയമ്മ ഒരുങ്ങിക്കഴിഞ്ഞിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഒപ്പമുണ്ടായിരുന്ന പലരും ജെ.എസ്.എസിലെ ഭിന്നതമൂലം ഗൗരിയമ്മയുമായി പിണങ്ങി ഓരോ താവളത്തിലാണ്. അതിനാല്‍ പഴയ മുഖങ്ങള്‍ ഇത്തവണ കുറവായിരുന്നു. ചിലരെ അപ്രീതി പ്രകടിപ്പിച്ച് ഗൗരിയമ്മതന്നെ മാറ്റിനിര്‍ത്തുകയും ചെയ്തു. ഓരോ കാലത്തും പല കാര്യങ്ങള്‍ക്കായി ഗൗരിയമ്മയുടെ മുന്നില്‍ വരുന്നവരുടെ എണ്ണം കുറവല്ല. ആരുടെയും താല്‍പര്യങ്ങള്‍ക്ക് ഗൗരിയമ്മ വിലങ്ങുതടിയായിട്ടുമില്ല. ആരു വന്നാലും രണ്ടുകൈയും നീട്ടി സ്വീകരിക്കും. പിറന്നാള്‍ദിനത്തില്‍ അതിന് അല്‍പം ആവേശം കൂടും. എല്ലാവര്‍ക്കും ആഹാരം കൊടുക്കുക എന്നത് കളത്തില്‍പറമ്പില്‍ കുടുംബത്തിന്‍െറ പാരമ്പര്യമാണ്. ഗൗരിയമ്മയുടെ അച്ഛന്‍ രാമനും അമ്മ പാര്‍വതിയും അങ്ങനെയാണ് മക്കളെ പഠിപ്പിച്ചിട്ടുള്ളത്. അത് താന്‍ മറന്നിട്ടില്ളെന്ന് ഗൗരിയമ്മ ഈ പിറന്നാള്‍ദിനത്തിലും തെളിയിച്ചു. 1500ഓളം പേര്‍ക്ക് സദ്യവട്ടം ഒരുക്കിയത് അത്രയുംപേരെ ക്ഷണിച്ചിട്ടല്ല. ഇറച്ചി പൊരിച്ചതും മീന്‍കറിയും പച്ചക്കറി വിഭവങ്ങളും എല്ലാം കൂടിയുള്ള സദ്യയായിരുന്നു. പോരാഞ്ഞിട്ട് അമ്പലപ്പുഴ പാല്‍പായസവും പ്രഥമനും വേറെ.
രാവിലെ 11ന് ഗൗരിയമ്മ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷത്തിന് തുടക്കമിട്ടു. സി.പി.എം ജില്ലാ ആക്ടിങ് സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ കമ്മിറ്റി അംഗം പി.പി. ചിത്തരഞ്ജന്‍, സി.പി.ഐ ജില്ലാ ആക്ടിങ് സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപന്‍, സി.ഐ.ടി.യു നേതാവ് വി.എസ്. മണി തുടങ്ങി ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. ആഘോഷ ചടങ്ങില്‍ ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ടി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഓരോരുത്തരും പൂക്കളും മോതിരവുമെല്ലാം ഗൗരിയമ്മയെ അണിയിച്ചു. 97 ചുവന്ന റോസാപുഷ്പങ്ങളില്‍ തീര്‍ത്ത മാലയാണ് ജെ.എസ്.എസ് ജില്ലാ സെക്രട്ടറി സി.എം. അനില്‍കുമാര്‍ അണിയിച്ചത്.
ഗൗരിയമ്മതന്നെയാണ് കേക്ക് മുറിച്ച് എല്ലാവര്‍ക്കും നല്‍കിയത്. സഹോദരിയുടെ മകള്‍ ബീനയുടെ കൊച്ചുമകള്‍ക്ക് കേക്ക് നല്‍കിയാണ് തുടക്കംകുറിച്ചത്. ചിലര്‍ ഗൗരിയമ്മക്കുവേണ്ടി അമ്പലങ്ങളില്‍ വഴിപാടും നടത്തിയിരുന്നു. പുടവകളും പൂമാലകളുമൊക്കെയായി പിറന്നാള്‍ സമ്മാനമായി ഇത്തവണയും ഏറെ ലഭിച്ചു. എല്ലാവരും ഊണുകഴിച്ചെന്ന് ഉറപ്പായശേഷമാണ് ഗൗരിയമ്മ വീട്ടിലേക്ക് മടങ്ങിയത്. എന്നിട്ടും വിശ്രമമുണ്ടായില്ല. അതിഥികള്‍ പിന്നെയും എത്തിയിരുന്നു. ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാനുള്ള ആയുസ്സ് നല്‍കണമെന്ന എല്ലാവരുടെയും പ്രാര്‍ഥന കേട്ടാണ് ഗൗരിയമ്മ ചടങ്ങുകള്‍ക്ക് വിരാമമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.