നന്‍മ കൊണ്ട് പ്രതിരോധിക്കാം
text_fieldsവിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വിശിഷ്ടമായ പാഠമാണ് തിന്‍മയെ നന്‍മ കൊണ്ട് നേരിടുകയെന്നത്. മനുഷ്യ ജീവിതത്തില്‍ ഉണ്ടാകുന്ന ഒട്ടേറെ സംഘര്‍ഷങ്ങള്‍ക്ക് കാരണം തിന്‍മയെ തിന്‍മ കൊണ്ട് നേരിടുന്നതിന്‍െറ അനന്തര ഫലങ്ങളാണ്. ഒരു പ്രവൃത്തിയെ അതേ നാണയത്തിലുള്ള പ്രതിപ്രവര്‍ത്തനം കൊണ്ട് തിരിച്ചടിക്കുമ്പോള്‍ അന്തരീക്ഷം വഷളാവുകയും സംഘട്ടനങ്ങളിലേക്കും മനുഷ്യചരിത്രത്തില്‍ തന്നെ നാശം വിതച്ച വലിയ സംഭവങ്ങളിലേക്കും വഴിമാറിയതായി കാണാന്‍ സാധിക്കും. പ്രവാചകനോടുള്ള അല്ലാഹുവിന്‍െറ കല്‍പന ഇങ്ങനെയാണ്: ‘എല്ലാവരോടും കാരുണ്യത്തില്‍ വര്‍ത്തിക്കുക. തിന്‍മയെ നന്‍മ കൊണ്ട് എതിരിടുക. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നിങ്ങള്‍ പ്രതിരോധിക്കുക. നന്‍മയും തിന്‍മയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് പ്രതിരോധിക്കുക.’
നോമ്പിന്‍െറ സുപ്രധാനമായ പാഠവും അതുതന്നെയാണ്. സുപ്രധാനമമായ ഹദീസില്‍ നബി (സ) പറഞ്ഞിട്ടുണ്ട്. ‘നിങ്ങളുടെ നോമ്പിന്‍െറ ദിവസം നിങ്ങള്‍ ശണ്ഠ കൂടരുത്, വഴക്കടിക്കരുത്, അശ്ളീലമോ അസഭ്യമോ പറയരുത്. നിങ്ങളെ ആരെങ്കിലും ആക്ഷേപിച്ചാല്‍, നിങ്ങളോട് ആരെങ്കിലും വഴക്കിന് വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറയുക’.
ക്ഷമ എന്ന പാഠമാണ് പഠിപ്പിക്കുന്നത്. അതിനേക്കാളുപരി തിന്‍മയെ നന്‍മ കൊണ്ട് എതിരിടാനുള്ള വഴിയാണ് പഠിപ്പിക്കുന്നത്. തിന്‍മ ചെയ്യുന്ന ഒരാള്‍ക്കെതിരെ തിന്‍മ ചെയ്യുന്നില്ല എന്ന് മാത്രമല്ല, അയാള്‍ക്കെതിരെ നന്‍മ ചെയ്തുകൊണ്ട് അയാളേക്കാള്‍ ഉന്നതമായ വിതാനത്തില്‍ നാം പ്രവര്‍ത്തിക്കുക. അതാണ് വാസ്തവത്തില്‍ ലോകത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുക. പ്രവാചകന്‍െറ ജീവിതത്തില്‍ ഇതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. അഭയമന്വേഷിച്ച് ത്വാഇഫില്‍ ചെന്നപ്പോള്‍, അവിടെ നിന്ന് കല്ളേറും ആക്ഷേപവും സഹിച്ച് ഒരു ചുവരിന്‍െറ തണലില്‍ വന്നിരിക്കുന്ന പ്രവാചകനോട് മലക്കുകള്‍ വന്ന് പറയുന്നുണ്ട്. ‘അല്ലാഹുവിന്‍െറ ദൂതരെ, താങ്കള്‍ അനുമതി തന്നാല്‍ ഈ ജനവിഭാഗത്തെ രണ്ട് മലകള്‍ക്കിടയില്‍ ഞെരുക്കി ഞങ്ങള്‍ ഇല്ലാതാക്കാം.’ എന്നാല്‍ പ്രവാചകന്‍െറ മറുപടി വേണ്ടെന്നായിരുന്നു. അദ്ദേഹം കൈയുയര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ‘നാഥാ എന്‍െറ ജനതക്ക് നീ പൊറുത്തുകൊടുക്കണേ, അവര്‍ക്കറിയില്ല, അവരുടെ കൂട്ടത്തില്‍ നിന്ന് ഏതെങ്കിലുമൊരു തലമുറ നിന്‍െറ മാര്‍ഗത്തിലേക്ക് കടന്നുവരാന്‍ സാധ്യതയുണ്ട്.’
ഇതാണ് പ്രവാചകന്‍ മനുഷ്യസമൂഹത്തോട് സ്വീകരിച്ച നിലപാട്. ഹിജ്റയുടെ സന്ദര്‍ഭത്തില്‍ തന്നെ വധിക്കാന്‍ വന്ന സുറാഖയുടെ കുതിരയുടെ കാലുകള്‍ മണ്ണില്‍ പൂണ്ടുപോകുമ്പോള്‍, അദ്ദേഹത്തെ വിളിച്ച് പ്രവാചകന്‍ ഇങ്ങനെ പറയുന്നുണ്ട്. ‘സൂറാഖ താങ്കളുടെ കൈകളില്‍ കിസ്റയുടെയും കൈസറിന്‍െറയും വളകള്‍ അണിയിക്കപ്പെടുന്ന ഒരു കാലം വരും’. വധിക്കാന്‍ വന്ന മനുഷ്യനോട് പോലും ഭാവിയില്‍ വരാനിരിക്കുന്ന ശുഭസൂചകമായ വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ട് നല്ളൊരു ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സൂചിപ്പിക്കുന്ന പ്രവാചകനെയാണ് കാണാന്‍ കഴിയുക. തന്നെ ഉപദ്രവിച്ച ഒരുപാടുപേര്‍ക്ക് മക്ക വിജയത്തിന്‍െറ അവസരത്തില്‍ മാപ്പുനല്‍കി വിട്ടയക്കുന്നുണ്ട് പ്രവാചകന്‍. അല്ലാഹു നമുക്ക് പൊറുത്തുനല്‍കണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, സഹജീവികള്‍ക്ക് പൊറുത്തുകൊടുക്കാന്‍ നമ്മള്‍ പഠിച്ചേതീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.