Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്നേഹം...

സ്നേഹം അടയാളപ്പെടുത്തിയ സുന്നത്ത് നോമ്പ്

text_fields
bookmark_border
സ്നേഹം അടയാളപ്പെടുത്തിയ സുന്നത്ത് നോമ്പ്
cancel

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം തികയുന്നതിന് മുമ്പാണ് ഭാര്യ വസൂരി ബാധിച്ച് മരിക്കുന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു അവര്‍. ഉറ്റവരും സ്നേഹിതരും നിര്‍ബന്ധിച്ചിട്ടും അദ്ദേഹം മറ്റൊരു വിവാഹത്തിന് തയാറായില്ല. ആ സ്നേഹത്തിനു പകരമായി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മരണം വരെ എല്ലാ വ്യാഴാഴ്ചയും നോമ്പെടുത്തിരുന്നു.

ഏറനാട്-വള്ളുവനാട് മണ്ഡലത്തിലെ എം.എല്‍.എ ആയപ്പോള്‍ അദ്ദേഹം മണ്ഡലത്തിലെ ജനങ്ങളെ കാണാന്‍ ഇറങ്ങും. ഓരോ ദിവസവും ഓരോരുത്തരുടെ വീടുകളില്‍നിന്നാണ് ഭക്ഷണം. സ്കൂള്‍ ഇല്ലാത്ത ദിവസം ഞാനും കൂടെ പോയിരുന്നു. നോമ്പുള്ള വ്യാഴാഴ്ചകളിലും ഭക്ഷണം കഴിക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം സുപ്ര വിരിച്ച് ഇരിക്കും. അതില്‍ ബസി (ഇന്നത്തെ പ്ളേറ്റ്) വെച്ച് ഭക്ഷണം കോരിയിടും. ഈ സമയം സാഹിബ് ബസി കമിഴ്ത്തി മറ്റുള്ളവര്‍ക്ക് ഇട്ടുകൊടുക്കാന്‍ പറയും. എല്ലാവര്‍ക്കും ബസിയില്‍ ഭക്ഷണമായാല്‍ ഇന്ന് വ്യാഴാഴ്ചയായതിനാല്‍ തനിക്ക് നോമ്പ് ഉണ്ടെന്നും താന്‍ കാരണം മറ്റുള്ളവര്‍ക്ക് ഭക്ഷണം കിട്ടാതിരിക്കരുതെന്നും അദ്ദേഹം പറയുമായിരുന്നു.

റമദാന്‍ കടന്നുവരുമ്പോള്‍ എന്‍െറ ഓര്‍മയിലത്തെുന്നത് 1937 മുതല്‍ കോഴിക്കോട് അല്‍അമീന്‍ ലോഡ്ജില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനോടൊപ്പമുള്ള നോമ്പുകാലമാണ്. ചെറിയ കുട്ടികളായ ഞങ്ങള്‍ തലോമ്പും (റമദാന്‍ മാസത്തിലെ ആദ്യ നോമ്പ്) 27ാം രാവിലെ നോമ്പുമാണ് എടുത്തിരുന്നത്. വലിയവര്‍ എല്ലാ നോമ്പും നിര്‍ബന്ധമായി എടുത്തിരുന്നു.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബുമായി കോഴിക്കോട്ടെ മൊയ്തീന്‍ പള്ളിയില്‍ എല്ലാ നമസ്കാരത്തിനും എത്തും. ഉപ്പ ഇ. മൊയ്തു മൗലവി പട്ടാളപ്പള്ളിയിലാണ് നമസ്കാരത്തിന് പോയിരുന്നത്. മൊയ്തീന്‍പള്ളിയില്‍ അന്ന് ജുമുഅ ആരംഭിച്ചിട്ടില്ല. പട്ടാളപ്പള്ളിയിലും കുറ്റിച്ചിറയിലും ആണ് ജുമുഅ നമസ്കാരം. കോഴിക്കോട് ഗണപത് സ്കൂളില്‍ സെക്കന്‍ഡ് ഫോറത്തില്‍ പഠിക്കുമ്പോള്‍ വെള്ളിയാഴ്ച ഉച്ചക്ക് അര മണിക്കൂര്‍ മുമ്പ് മുസ്ലിം കുട്ടികളെ ജുമുഅക്ക് വിടും. അന്നത്തെ സിക്സ്ത് ഫോം ആണ് ഇന്നത്തെ എസ്.എസ്.എല്‍.സി. നോമ്പുതുറക്കാന്‍ പള്ളിയില്‍നിന്ന് വെടിപൊട്ടിക്കുന്നത് കാത്തുനില്‍ക്കും. എല്ലാ വലിയ വീടുകളില്‍നിന്നും നോമ്പുതുറ വിഭവങ്ങള്‍ പള്ളികളില്‍ എത്തുമായിരുന്നു.

ഞാന്‍ എല്ലാ ദിവസവും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ കൂടെ അല്‍ അമീന്‍ ലോഡ്ജില്‍നിന്നാണ് നോമ്പ് തുറക്കുക. കാരക്കയും വെള്ളവും ആണ് വിഭവം. അതുകഴിഞ്ഞ് മൊയ്തീന്‍പള്ളിയില്‍ പോയി മഗ്രിബ് നമസ്കാരം കഴിഞ്ഞ് മടങ്ങിയത്തെിയാല്‍ പഴംപൊരിച്ചതും ചായയും കുടിക്കും. പഴംപൊരി ആയിരുന്നു സാഹിബിന്‍െറ ഇഷ്ട കടി. ഞാനും സാഹിബും മൊയ്തീന്‍ പള്ളിയിലും ഉപ്പ പട്ടാളപ്പള്ളിയിലും തറാവീഹിന് പോവും. തറാവീഹ് നമസ്കാരത്തിനു ശേഷമാണ് ചീരോകഞ്ഞിയും പത്തിരിയും ഇറച്ചിയും കഴിക്കുക. പുതിയാപ്ള സല്‍ക്കാരം മുഖ്യ ചടങ്ങായതിനാല്‍ കോഴിക്കോട്ടെ പ്രധാന തറവാടുകളില്‍ നിന്ന് നോമ്പുതുറ വിഭവങ്ങള്‍ അല്‍അമീന്‍ ലോഡ്ജിലും എത്തിക്കും. എല്ലാ വര്‍ഷവും ഇ.എം.എസ്, കെ. ദാമോദരന്‍, ടി. നാരായണന്‍ എന്നിവരെയും സാഹിബിന്‍െറ സഹപ്രവര്‍ത്തകരെയും ഒരു ദിവസം അല്‍അമീന്‍ ലോഡ്ജില്‍ നോമ്പ് തുറപ്പിക്കും.

അത്താഴത്തിന് ചോറും പച്ചക്കറിയും മീന്‍ കറിയുമാണ് പതിവ്. റമദാന്‍ ആദ്യപത്ത് കഴിഞ്ഞാല്‍ പിന്നെ മിഠായിത്തെരുവ് രാത്രിയില്‍ തുറന്നിരിക്കും. അത്താഴം വരെ എല്ലാ കടകളും തുറക്കും. സ്ത്രീകളടക്കം രാത്രിയില്‍ ദൂരെദിക്കില്‍നിന്ന് നടന്നുവന്ന് തുണി സാധനങ്ങള്‍ എടുക്കും. പണക്കാര്‍ കുതിരവണ്ടിയിലാണ് രാത്രിയില്‍ എത്തുന്നത്. സകാത്തും 27ാം രാവിന്‍െറ പണവും അര്‍ഹരായവര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കും.
ഉപ്പ റമദാന്‍ പകുതിയായാല്‍ പട്ടാളപ്പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കും. ഉമ്മ മാറഞ്ചേരിയില്‍ ആയതിനാല്‍ ഞാനും ഉപ്പയും പെരുന്നാളിനാണ് ഉമ്മയുടെ അരികില്‍ പോകുക.

തയാറാക്കിയത്: എ. അന്‍വര്‍ റഷീദ് എറമംഗലം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan
Next Story