പൊക്കമില്ലാത്തവരുടെ ജീവിതാനുഭവം പുസ്തകരൂപത്തിലാക്കി വിപിന്‍
text_fieldsആലപ്പുഴ: പൊക്കമില്ലാത്തവരുടെ ജീവിതാനുഭവങ്ങളും സമൂഹം അവരോട് കാണിക്കുന്ന നെറികേടുകളും കുറിക്കുകൊള്ളുന്ന ഭാഷയില്‍ വിവരിക്കുകയാണ് ചേര്‍ത്തല മണപ്പുറം പടിഞ്ഞാറേ വെളിയില്‍ പി.പി. വിപിന്‍ എന്ന 31കാരന്‍. ‘തോന്ന്യാക്ഷരങ്ങള്‍’ എന്ന പേരിട്ട ഓര്‍മക്കുറിപ്പുകള്‍ വായനക്കാരുടെ ഹൃദയംകവരുന്നതാണ്. ഓള്‍ കേരള സ്മാള്‍ പീപ്ള്‍സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഈ കുഞ്ഞുമനുഷ്യന്‍ സിനിമ-സീരിയല്‍ നടന്‍ കൂടിയാണ്.
ആലപ്പുഴ പ്രസ് ക്ളബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിലെ ഏറ്റവും ഉയരംകൂടിയ വനിതയായ അഡ്വ. കെ.കെ. കവിത പുസ്തകം കൈമാറിയാണ് പ്രകാശനം ചെയ്തത്. അസോസിയേഷന്‍ അംഗമായ കോഴിക്കോട് സ്വദേശിനി നിമ്മിയും പൊക്കം കുറഞ്ഞ സുഹൃത്തുക്കളും ചേര്‍ന്ന് ആദ്യപ്രതി ഏറ്റുവാങ്ങി.
മാധ്യമപ്രവര്‍ത്തകനായ പി.ആര്‍. സുമേരന്‍ അധ്യക്ഷത വഹിച്ചു. പുസ്തക പ്രസാധകരായ റിയല്‍ മീഡിയ പ്രതിനിധി നിധീഷ് സുരേന്ദ്രന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അസോസിയേഷനില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ വിദ്യാധരനെ ആദരിച്ചു.
കുള്ളന്മാരുടെ ജീവിതകഥ പറയുന്ന വിനയന്‍ ചിത്രമായ ‘അദ്ഭുത ദ്വീപി’ല്‍ അഭിനയിച്ചതോടെയാണ് വിപിന്‍ നാട്ടില്‍ പ്രശസ്തനായത്. തുടര്‍ന്ന് പട്ടണത്തില്‍ ഭൂതം, ത്രീ ചാര്‍ സൗ ബീസ്, മായാപുരി എന്നീ സിനിമകളിലും കായംകുളം കൊച്ചുണ്ണി, കുസൃതിക്കുട്ടന്‍, വെള്ളിരിക്കാപ്പട്ടണം എന്നീ സീരിയലുകളിലും അഭിനയിച്ചു.
ആദ്യസിനിമയായ അദ്ഭുത ദ്വീപിലേക്ക് എത്തിയപ്പോഴാണ് പൊക്കം കുറഞ്ഞ ആളുകളെ കാണാനും പരിചയപ്പെടാനും ഇടയായതെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരം ആളുകളുമായി കൂടുതല്‍ സംസാരിക്കാനും തങ്ങള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന കഷ്ടതകള്‍ പങ്കുവെക്കാനും സാധിച്ചു. തന്നെപോലെ പൊക്കക്കുറവുമൂലം സമൂഹത്തില്‍ അവഗണന നേരിടുന്നവരെ സഹായിക്കാനാണ് ഈ പ്രസ്ഥാനം തുടങ്ങിയത്.
പൊക്കം കുറഞ്ഞ മകന്‍ ജനിച്ചതിന്‍െറ പേരില്‍ ഉപേക്ഷിക്കുന്ന സംഭവം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രശ്നം നേരിടുന്നത് യാത്രചെയ്യുന്നതിന്‍െറ പേരിലാണ്. തങ്ങളുടെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്ന 75ഓളംപേര്‍ സാധാരണക്കാരാണ്.
അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ എത്തിക്കുന്ന ചെലവ് വന്‍ ബാധ്യതയാവുകയാണ്. സര്‍ക്കാറില്‍നിന്ന് ആനുകൂല്യം അസോസിയേഷനോ അംഗങ്ങള്‍ക്കോ ലഭിക്കുന്നില്ല. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ്, ട്രെയിന്‍ എന്നിവയില്‍ യാത്രാ ഇളവ് നല്‍കുന്നില്ല. വികലാംഗര്‍ക്ക് മുച്ചക്രം കൊടുക്കുന്ന പദ്ധതി നാട്ടിലുണ്ട്. എന്നാല്‍, ഈ ലിസ്റ്റില്‍ പൊക്കംകുറഞ്ഞവരെ ഉള്‍പ്പെടുത്തിയിട്ടില്ല. വെട്ടിയ വഴിയിലൂടെ സഞ്ചരിക്കാന്‍ ധാരാളം ആളുകളും ഉണ്ട്. സ്വന്തമായി വഴിവെട്ടി സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് തങ്ങളെന്ന് വിപിന്‍ പറഞ്ഞുവെക്കുന്നു. തന്‍െറ പുസ്തകത്തിനുപിന്നില്‍ പിതാവ് പി.കെ. വിജയന്‍െറ പ്രചോദനമാണെന്ന് വിപിന്‍ വെളിപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.