അവസാന പത്തിന്‍െറ മാഹാത്മ്യം
text_fieldsഅല്ലാഹുവിന്‍െറ അനുഗ്രഹത്താല്‍ റമദാന്‍ അതിന്‍െറ അവസാനത്തെ പത്തിലേക്ക് പ്രവേശിക്കുകയാണ്. സത്യവിശ്വാസിയെ സംബന്ധിച്ച് അവന്‍ കാത്തിരിക്കുന്ന ദിനരാത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. റമദാനിലെ അവസാനത്തെ പത്തിന്‍െറ പ്രത്യേകതകളെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ട്. റമദാന്‍ അവസാനത്തെ പത്ത് ആഗതമായാല്‍ നബി (സ) വളരെയേറെ പരിശ്രമിച്ച് ആരാധനകളില്‍ മുഴുകിയിരുന്നതായി ഹദീസുകളില്‍ കാണാന്‍ സാധിക്കും. ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെയാണ്. അവസാനത്തെ പത്തില്‍ നബി (സ) മറ്റു സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത വിധം അധ്വാനിക്കുമായിരുന്നു. മുഴുവന്‍ ദിവസവും അല്ലാഹുവിന്‍െറ ഭവനത്തില്‍ ഇഅ്തിഖാഫ് ഇരിക്കുമായിരുന്നു.
മറ്റൊരു ഹദീസില്‍ പറയുന്നു: അവസാനത്തെ പത്ത് ആയാല്‍ പ്രവാചകന്‍ രാത്രി മുഴുവന്‍ സജീവമാക്കുമായിരുന്നു. കുടുംബത്തെ എഴുന്നേല്‍പിക്കുമായിരുന്നു. ഭാര്യമാരെ വിളിച്ചുണര്‍ത്തുമായിരുന്നു. മുഴുവന്‍ സമയവും അല്ലാഹുവിന് വേണ്ടി മാറ്റിവെക്കുമായിരുന്നു. ആയിശ (റ) റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുന്നു: പ്രവാചകന്‍ രാത്രി മുഴുവന്‍ ഖുര്‍ആന്‍ ഓതുകയും രാത്രി മുതല്‍ സുബ്ഹി വരെ നിന്ന് നമസ്കരിക്കുയും മാസം മുഴുവന്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നത് റമദാനില്ലാതെ ഞാന്‍ കണ്ടിട്ടില്ല. നമ്മെ സംബന്ധിച്ച് ഇത് നമ്മുടെ അവസാനത്തെ റമദാനാണ്, അല്ലാഹു നല്‍കിയ അവസാനത്തെ അവസരമാണ് എന്ന് കരുതി ഈ സമയം പരമാവധി ഉപയോഗപ്പെടുത്താന്‍ പരിശ്രമിക്കണം. കാരണം ഇനിയൊരു അവസരം നമുക്ക് ലഭിക്കുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ പറ്റില്ല. നമുക്കാര്‍ക്കും നമ്മുടെ ആയുസ് പ്രവചിക്കാന്‍ കഴിയില്ല.
ലൈലത്തുല്‍ ഖദ്ര്‍ എന്ന വിധിനിര്‍ണായക രാത്രിയാണ് അവസാന പത്തിന്‍െറ പ്രത്യേകത. അല്ലഹു ഖുര്‍ആനില്‍ വ്യക്തമാക്കുന്നു: ‘പരിശുദ്ധ ഖുര്‍ആനെ നാം അവതരിപ്പിച്ചത് ഈ അനുഗ്രഹീത രാത്രിയിലാണ്. അത് ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാണ്.’ അന്ന് ജിബ്രീല്‍ (അ) മലക്കുകള്‍ക്കൊപ്പം ഇറങ്ങിവരും. മനുഷ്യന്‍െറ അടുത്ത ഒരു വര്‍ഷത്തേക്കുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതും ആ രാത്രിയിലാണെന്നും ഹദീസുകളില്‍ പറയുന്നു. ഈ സന്ദര്‍ഭത്തെ ഒരിക്കലും നാം നഷ്ടപ്പെടുത്തരുത്. ആളുകളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന രാത്രിയാണത്. റമദാനിലെ അവസാനത്തെ പത്തിലാണ് അത് അന്വേഷിക്കേണ്ടത്. പ്രത്യേകിച്ച് ഒറ്റയായ രാത്രികളില്‍. എന്താണ് ലൈലത്തുല്‍ ഖദ്റില്‍ പ്രത്യേകമായി പ്രാര്‍ഥിക്കേണ്ടതെന്ന് ആയിശ (റ) ചോദിച്ചപ്പോള്‍, പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു. ‘അല്ലാഹുവേ, നീ പാപങ്ങള്‍ വിട്ടുപൊറുത്ത് മാപ്പാക്കി കൊടുക്കുന്നവനാണ്. നീ മാപ്പ് കൊടുക്കുന്നതിനെ നീ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് എനിക്കും നീ മാപ്പു തരണേ’. ജമാഅത്ത് നടക്കുന്ന പള്ളികളില്‍ ഇഅ്തിഖാഫ് ഇരിക്കുന്നതാണ് സുന്നത്ത്. മഗ്രിബിന് തൊട്ടുമുമ്പ് പള്ളിയില്‍ പ്രവേശിക്കുക. ആവശ്യത്തിന് മാത്രമേ പുറത്തുപോകൂ എന്ന കരുതലോട് കൂടി പള്ളിയില്‍ കഴിയുകയാണ് ഇഅ്തിഖാഫിന്‍െറ പ്രതിഫലം ലഭിക്കാന്‍ ഉത്തമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.