Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആകാശത്തിലെ...

ആകാശത്തിലെ അദ്ഭുതങ്ങള്‍

text_fields
bookmark_border
ആകാശത്തിലെ അദ്ഭുതങ്ങള്‍
cancel

അല്ലാഹു പറയുന്നു: ‘തങ്ങളുടെ മുകളിലുള്ള ആകാശത്തെ അവര്‍ നോക്കിക്കാണുന്നില്ളേ? എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നതെന്ന്? അതിലൊരു വിടവുമില്ല’ (വി.ഖു. 50:6). എത്ര നോക്കിനിന്നാലും കൊതിതീരാത്ത ഒരു മനോഹരക്കാഴ്ചയാണ് നക്ഷത്രങ്ങള്‍ കണ്ണുചിമ്മിക്കളിക്കുന്ന ആകാശലോകം. പ്രപഞ്ചം മനുഷ്യന് ഒരു വീടുപോലെയാണെന്നുകാണാം. ആവശ്യമായ എല്ലാം തികഞ്ഞ ലക്ഷണമൊത്ത ഒരു വീട്. മേല്‍പുരയായി ആകാശം, വിരിപ്പും കിടക്കയും തൊട്ടിലുമൊക്കെയായി ഭൂമി, വിളക്കുകളായി നക്ഷത്രങ്ങള്‍, നിക്ഷേപമായി ഖനിജങ്ങള്‍, ആഹാരമായി സസ്യങ്ങളും ജീവികളും അങ്ങനെ എല്ലാം ഈ പ്രപഞ്ചത്തില്‍ അല്ലാഹു സംവിധാനിച്ചുവെച്ചിരിക്കുന്നു. ‘സമാ’ എന്ന അറബിപദത്തിന് ഉയര്‍ന്നു എന്നാണര്‍ഥം.

ഭൂമിക്ക് മുകളിലുള്ളത് എന്ന അര്‍ഥത്തില്‍ ആകാശത്തിന് ഖുര്‍ആന്‍ ‘സമാഅ്’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഭൂമിയെ വിരിപ്പാക്കി എന്ന് പറഞ്ഞതുപോലെ ആകാശത്തെ മേല്‍പുരയാക്കി എന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ‘ആകാശത്തെ നാം സുരക്ഷിതമായ മേല്‍പുരയാക്കി. പക്ഷേ, അതിലെ ദൃഷ്ടാന്തങ്ങളില്‍നിന്ന് തിരിഞ്ഞുകളയുകയാണ് അവര്‍ ചെയ്യുന്നത്’ (വി.ഖു. 21:32). ഈ മേല്‍പുരയെ അല്ലാഹു വിളക്കുകള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. ‘ഭൂമിയുടെ ഉപരിലോകത്തെ നാം മനോഹരമായ പ്രകാശഗോളങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു’ (വി.ഖു. 37:6). ആകാശത്തെ നാം മേല്‍പുരയാക്കി എന്ന ഖുര്‍ആനിന്‍െറ പ്രയോഗം എത്ര മനോഹരമാണ്. ആകാശത്തെക്കുറിച്ച് പറയാവുന്ന ഏറ്റവും നല്ല ഉപമയാണത്.

മാരകമായ കോസ്മിക് രശ്മികളില്‍നിന്നും മറ്റനേകം അപകടകാരികളായ പ്രകാശങ്ങളില്‍നിന്നും നമ്മെയും മറ്റു സകല ജീവജാലങ്ങളെയും കാത്തുരക്ഷിക്കുന്നത് ഈ മേല്‍പുരയല്ലാതെ മറ്റെന്താണ്. ഓസോണ്‍ പാളിക്ക് ഓട്ട വീണിരിക്കുന്നു എന്നുംപറഞ്ഞ് മനുഷ്യന്‍ പരക്കംപായുന്നത് നാം കാണുന്നുണ്ടല്ളോ. അതിതീവ്ര പ്രകാശമുള്ള ഉല്‍ക്കകള്‍ ഈ ഭൂമിയില്‍ പതിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് തടയുന്നതും ഈ ആകാശമാണത്രെ! കാലാവസ്ഥയെ നിയന്ത്രിക്കുന്നതും വായുമണ്ഡലത്തെ ഭദ്രമായി നിലനിര്‍ത്തുന്നതും ഈ ആകാശമാണെന്ന് വരുമ്പോള്‍ ‘സുരക്ഷിതമായ മേലാപ്പ്’ എന്ന ഖുര്‍ആനിക എത്രമേല്‍ അനുയോജ്യമല്ല! ആകാശത്ത് ജ്വലിച്ചുനില്‍ക്കുന്ന സൂര്യനെക്കുറിച്ചും നിലാവെളിച്ചം പ്രസരിപ്പിക്കുന്ന ചന്ദ്രനെക്കുറിച്ചും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെക്കുറിച്ചും ഖുര്‍ആന്‍ വര്‍ണിക്കുമ്പോള്‍ ഈ മഹദ്ഗ്രന്ഥം എത്ര കൃത്യമായിട്ടാണ് ആകാശത്തെ അടയാളപ്പെടുത്തുന്നത് എന്ന് കാണാം. ഭൂമിയുടെ കത്തിജ്വലിക്കുന്ന വിളക്കാണ് സൂര്യന്‍.

ചന്ദ്രനാവട്ടെ ആ ജ്വലിക്കുന്ന വിളക്കിന്‍െറ പ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അത് സ്വയം പ്രകാശിക്കുന്നില്ല എന്ന് ഇന്ന് നമുക്കറിയാം. ഇതുപോലും എത്ര കൃത്യമായിട്ടാണ് ഖുര്‍ആന്‍ വിശദീകരിക്കുന്നത്. സൂര്യനെ കത്തിജ്വലിക്കുന്ന വിളക്കായും ചന്ദ്രനെ ശോഭപരത്തുന്നതായും ഖുര്‍ആന്‍ വേര്‍തിരിക്കുന്നു. ‘ആകാശത്ത് നക്ഷത്രപഥങ്ങളുണ്ടാക്കിയവന്‍ ഏറെ അനുഗ്രഹമുള്ളവന്‍ തന്നെ. ആ ആകാശത്തവന്‍ ജ്വലിക്കുന്ന വിളക്ക് സ്ഥാപിച്ചിരിക്കുന്നു. അവിടെ പ്രകാശിക്കുന്ന ചന്ദ്രനെയും സ്ഥാപിച്ചിരിക്കുന്നു(വി.ഖു. 25:61). ‘അവന്‍ പ്രകാശമായി ചന്ദ്രനെയും വിളക്കായി സൂര്യനെയും നിശ്ചയിച്ചു (വി.ഖു. 71:16). സൂര്യനാണ് സ്വയം പ്രകാശിക്കുന്നതെന്നും ചന്ദ്രനില്‍നിന്നുവരുന്നത് സൂര്യന്‍െറ ശോഭമാത്രമാണെന്നും നമുക്ക് മനസ്സിലായത് വളരെ അടുത്തകാലത്താണ്. ഞങ്ങളുടെ ചെറുപ്പകാലത്ത് സ്കൂളുകളില്‍ പഠിപ്പിച്ചിരുന്നത് സൂര്യന്‍ നിശ്ചലമാണ് എന്നാണ്. അക്കാലത്ത് ഖുര്‍ആന്‍െറ ഈ വാക്യം വളരെ പരിഹസിക്കപ്പെട്ടിരുന്നു. ‘സൂര്യന്‍ അതിന്‍െറ സങ്കേതത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്‍െറ സൂക്ഷ്മമായ പദ്ധതിയനുസരിച്ചാണത്. ചന്ദ്രനും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അവസാനം അത് ഉണങ്ങിവളഞ്ഞ ഇത്തപ്പനക്കുലയുടെ തണ്ടുപോലെയായിരിക്കുന്നു(വി.ഖു. 36:38,39). സൂര്യന്‍ അതിന്‍െറ താരസമൂഹ കേന്ദ്രത്തെ വൃത്താകാരത്തില്‍ വലയംചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഇന്ന് ശാസ്ത്ര പഠിതാക്കള്‍ക്കറിയാം. അല്ലാഹു പറയുന്നു: ‘രാപ്പകലുകള്‍ പടച്ചത് അവനാണ്.

സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചതും അവന്‍ തന്നെ. അവയൊക്കെയും ഓരോ സഞ്ചാരപഥത്തില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്’ (വി.ഖു. 21:33).  ആകാശങ്ങളെ ഏഴു തട്ടുകളായിട്ടാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് എന്നും ഖുര്‍ആന്‍ പറയുന്നു. ‘ഏഴാകശങ്ങളെ തട്ടുതട്ടുകളായി സൃഷ്ടിച്ചവന്‍’ (വി.ഖു. 6:73). ‘അല്ലാഹു എങ്ങനെയാണ് ഏഴാകാശങ്ങളെ തട്ടുകളായി സൃഷ്ടിച്ചുവെന്നത് നിങ്ങള്‍ വീക്ഷിക്കുന്നില്ളേ’ (വി.ഖു. 71:15).

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan
Next Story