Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇസ് ലാം സുശക്തമായ...

ഇസ് ലാം സുശക്തമായ കോട്ട

text_fields
bookmark_border
ഇസ് ലാം സുശക്തമായ കോട്ട
cancel

പണ്ട് രാജാക്കന്മാര്‍ അവരുടെ കൊട്ടാരത്തിന് ചുറ്റും ബലിഷ്ഠമായ കോട്ട കെട്ടുമായിരുന്നു. ഒരു ഈച്ചക്കുപോലും സുരക്ഷാക്രമീകരണങ്ങള്‍ ഭേദിച്ച് അകത്തുകടക്കാനാവാത്തവണ്ണം പഴുതടച്ച സംരക്ഷണമാണ് അവക്ക് ഒരുക്കിയിരുന്നത്. പൗരാണിക ഭാരതത്തിലെ അനേകം കോട്ടകള്‍ ഒരു ഗവേഷണ വിദ്യാര്‍ഥിയുടെ കൗതുകത്തോടെയും ജിജ്ഞാസയോടെയും ചുറ്റിനടന്ന് കണ്ടിട്ടുണ്ട്. എന്നാല്‍, എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് അക്ബര്‍ ചക്രവര്‍ത്തിയുടെ ഫത്തേപൂര്‍ സിക്രിയാണ്. കനത്ത കോട്ടമതിലുകളാല്‍ ചുറ്റപ്പെട്ട രാജകൊട്ടാരം. പുറത്ത് അഗാധമായ കിടങ്ങുകള്‍. അവയില്‍ ആളെപ്പിടിയന്മാരായ ചീങ്കണ്ണികളും മുതലകളും. കവാടം അടച്ചാല്‍ പിന്നെ ഒരാള്‍ക്കും കോട്ടക്കകത്ത് പ്രവേശിക്കാനാവില്ല.  കൊട്ടാരത്തിനകത്ത് എല്ലാവിധ സുഖസൗകര്യങ്ങളും ഭൗതികലോകത്തെ എല്ലാ ആര്‍ഭാടങ്ങളും ആഡംബരങ്ങളും.

ഇത്തരം കൊട്ടാരങ്ങളും കോട്ടകളും ഒരു പ്രതീകവും അടയാളവുമാണ്. പരിശുദ്ധ ഇസ്ലാം ഇതുപോലെ അതിശക്തമായ ഒരു കോട്ടയാണ്. ഈ കോട്ടയുടെ അടിത്തറ കറകളഞ്ഞ തൗഹീദാണ്. ഏകനായ, ഒറ്റയാനായ, പങ്കുകാരില്ലാത്ത, സമന്മാരില്ലാത്ത, സമശീര്‍ഷരും തുല്യരുമില്ലാത്ത അജയ്യനും അപ്രാപ്യനുമായ അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം. ഈ അടിത്തറയില്‍ പണിതുയര്‍ത്തപ്പെട്ട കോട്ടയുടെ മുന്‍വശത്തെ ഭിത്തി അഞ്ചുനേരത്തെ നമസ്കാരമാണ്. അഞ്ച് സമയങ്ങളില്‍ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ മുഖം മണ്ണില്‍ക്കുത്തി ദാസന്‍ സ്രഷ്ടാവിനോട് നടത്തുന്ന വിനയത്തിന്‍െറ പാരമ്യരൂപം. തൊട്ടടുത്ത ഭിത്തിയാണ് സകാത്. അല്ലാഹു നല്‍കിയ സമ്പത്തില്‍ പാവങ്ങളോടും നിരാലംബരോടുമുള്ള കടമയും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന മഹത്തായ കര്‍മം. മൂന്നാമത്തെ സംരക്ഷണകവചമാണ് നോമ്പ്. ആരുടെയെങ്കിലുമൊക്കെ ശ്രദ്ധയില്‍പെടാതെ എക്കാലത്തും നമസ്കരിക്കാന്‍ കഴിയില്ല.

സകാത് കുറഞ്ഞപക്ഷം വാങ്ങുന്നവനെങ്കിലും അറിയും. ജനലക്ഷങ്ങളോടൊത്തല്ലാതെ ഹജ്ജ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍, നോമ്പിന്‍െറ കാര്യം നോക്കുക. അത് ഒരടിമയും ഉടമയായ സ്രഷ്ടാവും തമ്മിലെ രഹസ്യ ഇടപാടാണ്. ഒരാളും അറിയാതെ ഒരിറക്ക് വെള്ളം അകത്താക്കാന്‍ ആര്‍ക്കും കഴിയും. സ്വകാര്യപാപങ്ങളെ നിയന്ത്രിക്കുന്ന, മലീമസമായ മനുഷ്യന്‍െറ അകം ശുദ്ധിയാക്കുന്ന, മോഹങ്ങളെ മെരുക്കുന്ന, ഓരോ അവയവത്തെയും അച്ചടക്കം പരിശീലിപ്പിക്കുന്ന നേടലിലെ നിസ്സാരതയും ത്യജിക്കലിലെ ത്യാഗവും ഉണര്‍ത്തുന്ന ഉജ്ജ്വല കര്‍മം. സാമൂഹികബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇസ്ലാമിന്‍െറ ഈറ്റില്ലത്തില്‍ ചെന്ന് ചരിത്രസ്മാരകങ്ങള്‍ നേരില്‍ക്കണ്ട് ആത്മസായൂജ്യം നേടാനും ഉതകുന്ന വിശുദ്ധ ഹജ്ജാണ് കോട്ടയുടെ നാലാമത്തെ ഭിത്തി.

അല്ലാഹു പറഞ്ഞു: ‘ആര് ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ ബലമുള്ള കയറിലാണ് പിടിച്ചിരിക്കുന്നത്. അത് തകരുന്ന പ്രശ്നമില്ല’ (വി:ഖു: 2:256). ഇസ്ലാമല്ലാത്ത കോട്ടയില്‍ അഭയം പ്രാപിച്ചവരുടെ അവസ്ഥ കാണുക ‘അവരുടെ ഉപമ എട്ടുകാലിയുടേതുപോലെയാണ്. വീടുകളില്‍ ഏറ്റവും ദുര്‍ബലം എട്ടുകാലിവലതന്നെയാണ്. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നെങ്കില്‍!’ (വി:ഖു: 29:41). ആയിരക്കണക്കിന് തൊഴിലാളികളുടെ അനേകകാലത്തെ അധ്വാനവും രക്തവും വിയര്‍പ്പും ജീവനുംകൊണ്ടാണ് രാജാക്കന്മാര്‍ കോട്ട പണിതിരുന്നതെങ്കില്‍ ഒരു പൈസ മുടക്കില്ലാതെ ഒരുതുള്ളി വിയര്‍പ്പ് പൊടിയാതെ അല്ലാഹു നല്‍കിയ ഇസ്ലാമെന്ന ബലിഷ്ഠമായ കോട്ടയില്‍ വിശ്വാസികള്‍ അഭയംപ്രാപിച്ചാല്‍ അവര്‍ ഇരുലോകത്തും സുരക്ഷിതരായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanDharmapatha
Next Story