ദാൽ തടാകക്കരയിലെ റമദാൻ ദിനങ്ങൾ
text_fieldsമലയാളിയുടെ നോമ്പനുഭവങ്ങളിൽ അത്രയൊന്നും കേട്ട് പരിചയമില്ലാത്തതാണ് കശ്മീരിലെ നോമ്പ് കാലം. രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ കഴിയുമ്പോഴും റമദാനെ ആഘോഷപൂർവം വരവേൽക്കുകയാണ് കശ്മീരിലെ വിശ്വാസി സമൂഹം. 30 വർഷങ്ങൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ റമദാനിലൂടെയാണ് ഇത്തവണ കശ്മീർ കടന്നുപോവുന്നത്. വേനലിലെ ഏറ്റവും ചൂട് കൂടിയ ദിനങ്ങളിൽ 16 മണിക്കൂറിലേറെ നോമ്പനുഷ്ഠിക്കുന്ന വിശ്വാസികൾ നമ്മൾ മലയാളികളെ സംബന്ധിച്ച് അത്ഭുദം തന്നെയാണ്.
കേരളത്തിൽ നിന്നും വ്യത്യസ്തമായി ഒരു ദിവസം വൈകിയാണ് റമദാൻ ഇത്തവണ കാശ്മീരിലെത്തിയത്.എന്നാൽ, ദിവസങ്ങൾക്കു മുന്നെ തന്നെ റമദാനെ വരവേറ്റ് പള്ളികളും വീടുകളും ഒരുങ്ങിയിരുന്നു. പുലർച്ചെ 3.37നുള്ള സുബഹി ബാങ്കോട് കൂടിയാണ് കശ്മീരിലെ റമദാൻ ആരംഭിക്കുന്നത്. 'സഹരി"ക്കായി വിശ്വാസികളെ വിളിച്ചുണർത്തുന്നതിനായി രാത്രി രണ്ട് മണിയോടെ തന്നെ കാശ്മീർ കവലകളിൽ മണിയടി ശബ്ദമാരംഭിക്കും. പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിൽ അറിയിപ്പ് മണിയായി ഉപയോഗിച്ചിരുന്ന നകാര മുഴക്കത്തിനു സമാനമായി അത്താഴത്തിനായി വിശ്വാസികളെ വിളിച്ചുണർത്തുന്ന സംവിധാനങ്ങൾ കാശ്മീരിൽ ഇന്നും നിലവിലുണ്ട്.
'വഖ്ത് സഹർ' എന്ന് പള്ളികളിൽ നിന്നും മൂന്ന് തവണ അനൗൺസ് ചെയ്യുന്നതോട് കൂടി അത്താഴത്തിന് വേണ്ടി വിശ്വാസികൾ എഴുന്നേറ്റു തുടങ്ങും. ചില പള്ളികളിൽ അനൗൺസ്മെന്‍റിന് ശേഷം ഈണത്തിൽ ഭക്തി ഗാനങ്ങൾ ഉറക്കെ പാടാറുമുണ്ട്. തഅജൂദ് നമസ്കാരം നിർവഹിക്കാനായി ഒരു ബാങ്ക്, അത്താഴം കഴിക്കുന്നത് അവസാനിപ്പിക്കുന്നതിനായി ഒരു ബാങ്ക് എന്നിവയും കശ്മീർ പള്ളികളുടെ പ്രത്യേകതയാണ്. ചോറിനോടൊപ്പം സാഗും സാബ്ജിയും ദാൽ കറിയുമാണ് അത്താഴത്തിന് കശ്മീർ വിശ്വാസികളുടെ ഇഷ്ട വിഭവങ്ങൾ.
ചൂട് കൂടിയ പകലുകളിൽ ദൈർഘ്യമേറിയ നോമ്പ് ദിനങ്ങൾ വിശ്വാസികൾക്ക് ഒരേ സമയം ആവേശവും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. "ഈ ചൂടിൽ നോമ്പെടുക്കാനാവുമോയെന്ന് എനിക്ക് സംശയം ഉണ്ട്. എന്നിരുന്നാലും ഈ നോമ്പ് കാലത്ത് ഏറ്റവും കൂടുതൽ നോമ്പ് എടുക്കുന്നതാരെന്ന് ഞങ്ങൾ കൂട്ടുകാർ തമ്മിൽ പന്തയം വെച്ചിട്ടുണ്ട് "-ഏഴാം ക്ലാസ് വിദ്യാർഥി ഐസം- ഉൾ-ഹഖ് പറയുന്നു. വേനൽ കാലത്ത് സ്കൂളുകൾക്ക് അവധി കിട്ടുകയാണെങ്കിൽ റമദാൻ എളുപ്പമായിരിക്കുമെന്ന് അഭിപ്രായപെടുന്നവരും കുറവല്ല. നോമ്പ് കാലമാണെങ്കിലും തുണി കൊണ്ട് മറ കെട്ടിയ ചായക്കടകൾ തെരുവുകളിൽ സജീവമാണ്. നോമ്പ് നോൽക്കത്തവർക്കും മറ്റുള്ളവർക്കുമായി തുറന്നിടുന്ന ഇത്തരം ചായക്കടകളിൽ എന്നാൽ തിരക്കിന് കുറവൊന്നുമില്ല. ചൂടുകൂടിയ പകലുകളിൽ വിശ്രമത്തിനായും പുകവലിക്കാനുമൊക്കെയായി ഇവിടെ പലരുമെത്താറുണ്ട്.
റമദാൻ കാലങ്ങളിൽ എല്ലാ നമസ്കാരത്തിനായും വിശ്വാസികൾ പള്ളികളിലെത്തുന്നതിനാൽ പലപ്പോഴും പള്ളികൾ നിറഞ്ഞു കവിയാറുണ്ട്. റോഡുകളിൽ പോലും നിസ്കാര പായ വിരിച്ച് നമസ്കരിക്കുന്ന വിശ്വാസികൾ റമദാനിലെ പതിവ് കാഴ്ച്ചയാണ്. കേരളത്തിലേത് പോലെ അത്ര പകിട്ടുള്ള ഇഫ്താറുകളല്ല കശ്മീർ പള്ളികളിലേത്. പാലും കസ്കസും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന ഒരു തരം സർബത്തും ഏതാനും ഈത്തപ്പഴങ്ങളുമാണ് പല പള്ളികളിലും ഇഫ്താറിനായി ഒരുക്കി വെക്കുന്നത്. മറ്റു ചിലപ്പോൾ ആരെങ്കിലും എന്തെങ്കിലും സ്പോൺസർ ചെയ്യുകയാണെങ്കിൽ ഈ ലിസ്റ്റ് നീളുമെന്ന് മാത്രം. ഏഴേ മുക്കാലോട് കൂടി പള്ളികളിൽ നിന്നും മൂന്ന് തവണ 'ഇഫ്താർ' എന്ന അനൗൺസ് ചെയ്യുന്നതോട് കൂടി വിശ്വാസികൾ നോമ്പ് തുറക്കുന്നു. ശേഷം മഗ് രിബ് ബാങ്ക് കൊടുക്കുകയും നമസ്കാരത്തിനായി ആളുകൾ പള്ളികളിലെത്തുകയും ചെയ്യുന്നു.
ഗോതമ്പു കൊണ്ടുണ്ടാക്കുന്ന 'ഗിർദാ' എന്ന പ്രത്യേക തരം റൊട്ടി കശ്മീർ നോമ്പ് തുറകളിലെ പ്രധാന വിഭവമാണ്. റമദാൻ ആരംഭിച്ചതോടെ 'ഗിർദ'ക്ക് വലിയ ഡിമാൻഡാണുള്ളത്. മലയാളികളെ പോലെ തന്നെ ചോർ ഇഷ്ടപെടുന്ന കശ്മീരികൾ നോമ്പ് തുറന്നതിനു ശേഷം പ്രധാനമായി കഴിക്കുന്നതും ചോർ തന്നെയാണ്. 'സാഗും' 'സാബ്ജി'യും 'ദാലും' എല്ലാം ചേർത്ത് ചോറു കഴിക്കാൻ ഇഷ്ടപെടുന്നവരാണ് കാശ്മീരികളിലധികവും. ബീഫ് ചേർത്തുണ്ടാക്കുന്ന 'റോഗൻ ജോഷ്' എന്ന കറിക്ക് റമദാനിൽ വലിയ ആരാധകരാണുള്ളത്. ബീഫ് കൊണ്ടുള്ള 'കുഫ്ത' എന്ന വിഭവത്തിനും ആരാധകർ കുറവല്ല.
രാഷ്ട്രീയമായ അരക്ഷിതാവസ്ഥയിലും സമാധാനം നിറഞ്ഞ നല്ലൊരു നാളെ സ്വപനം കണ്ട് റമദാനെ ഹൃദയത്തിലേറ്റുകയാണ് കശ്മീർ ജനത. പരിശുദ്ധ മാസത്തിൽ ഓരോ കശ്മീരിയും നെഞ്ചുരുകി പടച്ചവനോട് തേടുന്നതും അതു തന്നെയാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.