ക്ഷണികമായ ജീവിതം ശാശ്വതം പരലോകം
text_fieldsനാം ജീവിക്കുന്ന ഐഹിക ലോകം വളരെ ക്ഷണികമാണ്. ഈ ലോകം നമുക്കൊരു ഇടത്താവളമാണ്. അത് യഥാര്‍ഥ ബോധ്യമായി മനസിലുണ്ടാവുമ്പോഴാണ് സത്യവിശ്വാസിക്ക് ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കുക. ഐഹിക ജീവിതം എന്നത് ചില കളിതമാശകള്‍ മാത്രമാണെന്നും പരലോകജീവിതമാണ് ശാശ്വതമായ ജീവതമെന്നും അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്.
പ്രവാചകന്‍ മുഹമ്മദ് (സ) അനുചരന്‍മാര്‍ക്ക് ചെറിയ ഉപമയിലൂടെ അത് വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. ഒരിക്കല്‍ നടന്നുപോകുമ്പോള്‍, ചെറിയ ചെവികളുള്ള തീരെ വിലകുറഞ്ഞ തരത്തിലുള്ള കഴുതയുടെ ജഡം കാണിച്ചിട്ട് പ്രവാചകന്‍ ചോദിച്ചു: ‘ഇങ്ങനെയൊന്ന് ഉണ്ടാവാന്‍ നിങ്ങളില്‍ ആര്‍ക്കാണ്ആഗ്രഹമുണ്ടാവുക’
സഹാബിമാരുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അത് ജീവിച്ചിരുന്നെങ്കില്‍ തന്നെ, ഞങ്ങള്‍ക്കാര്‍ക്കും അത് വേണ്ട. പിന്നെ, ചത്തത് കൂടിയാവുമ്പോള്‍ അതിന് ഒട്ടും വിലയില്ല’. അപ്പോള്‍ നബി (സ) പറഞ്ഞു. ഇതാണ് ഐഹിക ജീവിതം, ഈ ലോകത്തെ ജീവിതത്തിന് അത്രയേ വിലയുള്ളൂ. മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ഐഹിക ജീവിതത്തിന് കൊതുകിന്‍െറ ചിറകിന്‍െറ വില പോലുമില്ളെന്ന്.
അതായത്, പരലോകവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ നിസാരമാണ് ഇഹലോക ജീവിതം. പരലോകത്തെ ഒരു ദിവസം ഇഹലോകത്തെ 50,000 ദിവസത്തിന് തുല്യമാണ്. അങ്ങനെ വരുമ്പോള്‍ നാം ജീവിക്കുന്ന അമ്പതും അറുപതും വര്‍ഷം എത്ര നിസാരമാണ്. ഐഹിക ജീവിതത്തിന്‍െറ വഞ്ചനാത്മകമായ ചരക്കുകള്‍ക്ക് പിന്നാലെ പായാതെ, പരലോകത്തേക്കുള്ള പ്രതീക്ഷ വെച്ചുപുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുക. ഈ ജീവിതം ഒരു വഞ്ചനാത്മകമായ ചരക്കാണ്. ഇതിന്‍െറ പൊലിമയും ശോഭയും കണ്ട് നാം അതില്‍ ആകര്‍ഷിക്കപ്പെടും. ദുനിയാവിലെ ചില ആഢംബരങ്ങള്‍ കണ്ട് നമ്മള്‍ സ്വയം മോശക്കാരാണെന്ന് ചിന്തിക്കാറുണ്ട്. അതാണ് ഭൗതിക ജീവിതത്തിന്‍െറ അവസ്ഥ. ഐഹിക ജീവിതത്തിന്‍െറ പൊലിമയില്‍ മയങ്ങിപ്പോവുന്നവനല്ല സത്യവിശ്വാസി.
ഈ ലോകത്ത് ഒരാള്‍ എത്ര സുഖിച്ചു ജീവിച്ചാലും, എത്ര കഷ്ടപ്പെട്ട് ജീവിച്ചാലും അവന്‍ മരണപ്പെടും. അതിന് ശേഷം മറ്റൊരു ജീവിതത്തിലേക്ക് കടന്നുപോകേണ്ടി വരും. ഇത് ഓരോ ദിവസവും ഓര്‍മയുണ്ടാവുകയും ഐഹിക ജീവിതം പരലോകത്തേക്കുള്ള കൃഷിയിടമാക്കുകയും തന്‍െറ സമയമാകുന്ന മൂലധനമുപയോഗിച്ച് അല്ലാഹുവിലേക്ക് പരമാവധി പ്രവര്‍ത്തനങ്ങളിലൂടെ അടുക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ സത്യവിശ്വാസി. മനുഷ്യനെന്നത് കുറേ ദിവസങ്ങളുടെ ആകത്തുകയാണ്. കലണ്ടറില്‍ ദിവസങ്ങള്‍ മാറുന്നു. അതില്‍ ഏതോ ഒരുദിവസം നമ്മുടെ അന്ത്യദിനവും കുറിച്ചിട്ടുണ്ട്. അതിലേക്ക് നാം ഓടിയടുക്കുകയാണ്.
ഇതെല്ലാം വെച്ച് നാം നിരാശരാകണമെന്നല്ല പറയുന്നത്. മറിച്ച് ഐഹിക ജീവിതത്തിന്‍െറ സുഖസൗകര്യങ്ങളില്‍ നാം മതിമറക്കരുത്. ഇവിടുത്തെ സുഖസൗകര്യങ്ങളില്‍ നാം പ്രതീക്ഷ വെച്ചുപുലര്‍ത്തുക. ‘ദുനിയാവിനെക്കുറിച്ചുള്ള വ്യാഥികളില്‍ നീ ഞങ്ങളെ പെടുത്തരുതേ’ എന്നാണ് നാം പ്രാര്‍ഥിക്കുന്നത്. ദുനിയാവിനോടുള്ള നമ്മുടെ സമീപനം സന്തുലിതമായിരിക്കണം. അതിന് പിന്നാലെ ഓടാതെ, അത് പരലോകത്തിന് വേണ്ടി ഉപയോഗപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.