വെള്ളം നിറച്ചുവെക്കുന്ന കൽത്തൊട്ടികൾ
text_fieldsഅധികം ഇഫ്താര്‍ പരിപാടികള്‍ക്കൊന്നും ഞാന്‍ പോയിട്ടില്ല. ഡോ. എം.കെ. മുനീര്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഭാര്യയുമായി പങ്കെടുത്തിട്ടുണ്ട്. അതുതന്നെ നല്ളൊരു ഓര്‍മയാണ് സമ്മാനിച്ചത്. വ്രതനാളുകളില്‍ നോമ്പനുഷ്ഠിക്കുന്ന നിരവധി വിദ്യാര്‍ഥികളും സുഹൃത്തുക്കളും എനിക്കുണ്ട്.
ഉത്സവങ്ങളേക്കാള്‍ ആഘോഷങ്ങള്‍ നടക്കുന്ന കാലമാണിത്. മനുഷ്യന്‍െറ മനസ്സുകള്‍ മുഴുവന്‍ സന്തോഷത്തിന്‍െറ കുത്തൊഴുക്കില്‍പെടുന്ന അവസ്ഥയാണ് ഉത്സവങ്ങള്‍. ആചാരങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാം എല്ലാവര്‍ക്കും കൂടിയുള്ളതാണ്. അത് പകുത്തെടുക്കണം. നിര്‍ഭാഗ്യവശാല്‍ പകുത്തുകൊണ്ടുപോകുന്ന അവസ്ഥയാണുള്ളത്. എല്ലാവരും എല്ലാം പങ്കുവെക്കുന്ന അവസ്ഥയുണ്ടാകണം. ഇന്ന് അതിനൊന്നും ആര്‍ക്കും സമയമില്ല. വല്ലാതെ സാമൂഹിക ദാരിദ്ര്യം അനുഭവിക്കുന്ന കൂട്ടമായി നാം മാറി. സാമൂഹിക ബോധമുള്ളവരാക്കി നമ്മുടെ മക്കളെ വളര്‍ത്തണം. അവരുടെ ചിന്തയിലും ഭക്ഷണത്തിലും വികാരത്തിലും വായുവിലും അന്നത്തിലും വികാരത്തിലും ഒക്കെ നമ്മള്‍ വിഷം കലര്‍ത്തുന്നു. കേവലം ഭൗതികഭാഗ്യം മാത്രം ലഭിച്ചവരാണ് ഇന്നത്തെ തലമുറ. അവരനുഭവിക്കുന്നതും സാമൂഹികദാരിദ്ര്യമാണ്. കറന്‍സിക്കുവേണ്ടി കുട്ടികളെ പഠിപ്പിക്കുന്ന കാലം. ഈ നെറികേടിനെ നന്മകൊണ്ട് തടുക്കാന്‍ ഉത്സവങ്ങള്‍ക്കാകണം.
പണ്ട് ഞങ്ങളുടെ ചെറുപ്പത്തില്‍ നാടുനീളെ വെള്ളം നിറച്ചുവെക്കുന്ന കല്‍ത്തൊട്ടികള്‍ ഉണ്ടായിരുന്നു. മേഞ്ഞുനടക്കുന്ന കന്നുകാലികളും പറവകളും ഒക്കെ അതില്‍നിന്നും വെള്ളം കുടിച്ചു. വെള്ളം തീരുന്നതിനനുസരിച്ച് അത് നിറച്ചുവെക്കാന്‍ ഞങ്ങള്‍ മത്സരിച്ചു. അന്ന് ഒരു ജീവിയും ഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ചില്ല. ഒരു പറവയും ചിറകുകുഴഞ്ഞ് തൊണ്ട വരണ്ട് ഭൂമിയില്‍ വീണില്ല. ഇന്ന് കൊടുംചൂടില്‍ മൃഗങ്ങള്‍ ചത്തുവീഴുന്നു. പറവകള്‍ നാടുവിട്ട് പോയി. ചിറകടിയൊച്ചകളില്ലാതെ മരച്ചില്ലകള്‍ കരിഞ്ഞുണങ്ങിയ കാലം. മനുഷ്യന്‍ മനുഷ്യനുപോലും വെള്ളം കൊടുക്കാത്ത കാലം. നമ്മുടെ പൊതുകളിസ്ഥലങ്ങള്‍തന്നെ ഇല്ലാതായി. പിന്നെ നമ്മുടെ മക്കള്‍ എവിടെ കളിക്കും. അവര്‍ എങ്ങനെ കൂട്ടുകൂടും. കന്നുകാലികള്‍ക്ക് മേയാനുള്ള സ്ഥലവും കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും വലിയമനുഷ്യര്‍ പിടിച്ചെടുത്തു. കിളികള്‍ക്കുപോലും വെള്ളം കുടിക്കാനുള്ള ഇടങ്ങള്‍ നാം കവര്‍ന്നെടുത്തു. ജാതിപ്പിശാചും മതപ്പിശാചും ആകാന്‍ നാം കുട്ടികളെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അയിത്തം ഉണ്ടെന്ന് ആളുകള്‍ പറയുന്നവരുടെ വീടുകളില്‍പോലും പോയി ഭക്ഷണം കഴിക്കാന്‍ ഞങ്ങളുടെ തലമുറക്കായി. ഇന്നത് കഴിയും എന്നു തോന്നുന്നില്ല. ഒരേ തീയില്‍ വേവുന്ന ഭക്ഷണത്തില്‍പോലും നമ്മള്‍ വ്യത്യാസം കാണിച്ചു. അന്യന്‍െറ മുതലില്‍ ജീവിക്കുന്ന അല്‍പനും ദ്രോഹിയും ദരിദ്രനും ആയി മാറി. ദൈവത്തെപ്പോലും വിലകൊടുത്തുവാങ്ങുന്ന കാലത്ത് ബന്ധങ്ങള്‍ക്ക് എന്തു വില. സ്വന്തം വിയര്‍പ്പില്‍നിന്ന് ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. അത്യാവശ്യം അത് പങ്കിടാനും നാം പഠിപ്പിക്കണം. ചിലതൊക്കെ വേണ്ടെന്നുവെക്കാനും. എങ്കില്‍ മാത്രമേ ആര്‍ത്തിയുടെ കൈകളില്‍നിന്നും നമ്മുടെ തലമുറ രക്ഷപ്പെടൂ.
കക്ഷിരാഷ്ട്രീയവും മതരാഷ്ട്രീയവും ആണ് നാം നേരിടുന്ന രണ്ടു വെല്ലുവിളികള്‍. പാകംവന്ന യുവത്വം രാഷ്ട്രീയത്തില്‍ വന്നെങ്കില്‍ മാത്രമേ ഇതിന് മാറ്റമുണ്ടാകൂ. മോശമായതിനെ വളമാക്കി നല്ലതിനെ പൊലിപ്പിക്കാന്‍ കഴിയണം. അസഹിഷ്ണുത എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഈ കാലത്ത് അതിന് ആക്കം കൂടി. ഗാന്ധിയെ ഇക്കാലത്തും സ്വപ്നം കാണുന്നയാളാണ് ഞാന്‍. ഒരു പെണ്‍കുട്ടിക്ക് സ്വന്തം വീട്ടില്‍പോലും രക്ഷയില്ലാത്ത കാലം. ഭൂഗോളംതന്നെ വിലക്കുവാങ്ങാനുള്ള തുക ദലിതര്‍ക്കായി മാറ്റിവെക്കുന്ന ഭരണകൂടമുള്ള നാട്ടിലാണ് അടച്ചുറപ്പില്ലാത്ത ഒറ്റമുറിവീട്ടില്‍ ദലിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്.
ഒരു പെണ്‍കുട്ടി ഒന്നുറക്കെ കരഞ്ഞാല്‍പോലും ഞങ്ങളുടെ ചെറുപ്പത്തില്‍ അഞ്ചു കുന്നുകള്‍ക്കപ്പുറത്തുനിന്നുപോലും അവള്‍ക്കായി നാട്ടുകാര്‍ എത്തുമായിരുന്നു. അതില്‍നിന്നൊക്കെ മാറി തൊട്ടയല്‍വീട്ടിലെ രോദനങ്ങള്‍ക്കുപോലും കാതുകൊടുക്കാത്ത കൊടും കൂട്ടമായി നാം അധ$പതിച്ചിരിക്കുന്നു. ഇതിനൊക്കെ മാറ്റം വരുത്താന്‍ മനുഷ്യന്‍തന്നെ വിചാരിക്കണം. നമ്മുടെ ഉത്സവങ്ങള്‍ അതിനുള്ളതാക്കി പരിവര്‍ത്തനപ്പെടണം. കേവലം ഭക്ഷണക്കൂട്ട് മാത്രമാകരുത് നമ്മുടെ ഉത്സവങ്ങള്‍. എല്ലാ മതങ്ങളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നന്മ മാത്രം ഉദ്ഘോഷിച്ചിട്ടും നാട്ടിലുള്ളവരെല്ലാം മതക്കാരും രാഷ്ട്രീയക്കാരുമായിട്ടും നാട്ടില്‍ തിന്മക്ക് മാത്രം കുറവില്ല. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് ഇന്നുമറിയില്ല.
തയാറാക്കിയത്: നിസാര്‍ പുതുവന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.