നാല് ഡി.ജി.പിമാരുടെ സ്ഥാനക്കയറ്റം: തീരുമാനം ഇന്നുണ്ടായേക്കും
text_fieldsകോട്ടയം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്ത് സ്ഥാനക്കയറ്റം ലഭിച്ച നാല് ഡി.ജി.പിമാരുടെ വിഷയത്തില്‍ ബുധനാഴ്ച തീരുമാനം ഉണ്ടായേക്കും. അടിയന്തര തീരുമാനം വേണമെന്ന് ഡി.ജി.പിമാര്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എ.ഡി.ജി.പിമാരായ എ. ഹേമചന്ദ്രന്‍, എന്‍. ശങ്കര്‍ റെഡ്ഢി, രാജേഷ് ദിവാന്‍, ബി.എസ്. മുഹമ്മദ് യാസീന്‍ എന്നിവരെ സംസ്ഥാനത്തിന്‍െറ പ്രത്യേക അധികാരം ഉപയോഗിച്ച് മാര്‍ച്ചില്‍ മുന്‍ സര്‍ക്കാര്‍ ഡി.ജി.പിമാരാക്കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കാതെവന്നതോടെ അനിശ്ചിതത്വത്തിലായി. ഇവര്‍ക്കൊപ്പമുള്ള എ.ഡി.ജി.പി അസ്താനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുമില്ല. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഢിക്കാകട്ടെ പുതിയ നിയമനം നല്‍കിയിട്ടുമില്ല. എ. ഹേമചന്ദ്രന്‍ ചുമതല വഹിച്ചിരുന്ന ഇന്‍റലിജന്‍സിന്‍െറ ചുമതലയില്‍ ആര്‍. ശ്രീലേഖയെ നിയമിച്ചതിനാല്‍ ഫലത്തില്‍ ഇന്‍റലിജന്‍സിന്‍െറ തലപ്പത്ത് രണ്ട് എ.ഡി.ജി.പിമാരുമായി.
കേന്ദ്രത്തിന്‍െറ അനുമതിയില്ലാതെ ഡി.ജി.പി തസ്തികയില്‍ നിയമിക്കാനാവുമോയെന്ന് പരിശോധിച്ചെങ്കിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതായി. നാലുപേരെയും എ.ഡി.ജി.പി തസ്തികയില്‍ നിലനിര്‍ത്താനും ആലോചിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ ഇതുസംബന്ധിച്ച ശിപാര്‍ശയും സര്‍ക്കാറിന് കൈമാറി. തങ്ങളെ തരംതാഴ്ത്തിയാല്‍ അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച ഒമ്പത് അഡീഷനല്‍ ചീഫ് സെക്രട്ടറിമാരെയും തരംതാഴ്ത്തണമെന്ന് എ.ഡി.ജി.പിമാര്‍ ആവശ്യപ്പെട്ടത് ഐ.എ.എസ്-ഐ.പി.എസ് ഭിന്നതക്കും വഴിയൊരുക്കി തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറിമാരെ വീണ്ടും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരാക്കാമെന്ന ശിപാര്‍ശയാണ് നളിനി നെറ്റോ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
വിവാദമാവുമെന്ന് കണ്ടതോടെ രണ്ട് ഫയലുകളിലും തിടുക്കത്തില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഉയര്‍ന്ന ശമ്പളം ലഭിച്ചില്ളെങ്കിലും തരംതാഴ്ത്തരുതെന്നും സ്ഥാനക്കയറ്റം ഒഴിവാക്കാതെ തന്നെ പുതിയ തസ്തികയില്‍ നിയമിക്കണമെന്നും ഡി.ജി.പിമാര്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അഭ്യര്‍ഥിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ‘ജനറല്‍’ ഒഴിവാക്കി തസ്തികയില്‍ ഡയറക്ടര്‍ എന്ന പേരില്‍ പുതിയ നിയമനം നല്‍കാന്‍ ആലോചിച്ചെങ്കിലും നിയമതടസ്സങ്ങള്‍ നേരിട്ടു.
സ്ഥാനക്കയറ്റം അംഗീകരിക്കാതെ പുതിയ തസ്തികയില്‍ നിയമനം സ്വീകരിക്കില്ളെന്ന് ഇവര്‍ തീരുമാനിച്ചതോടെ സര്‍ക്കാറും വെട്ടിലായി. ജയില്‍ വകുപ്പ് മേധാവിയായി മറ്റൊരു എ.ഡി.ജി.പിയെ നിയമിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. കേന്ദ്രമാനദണ്ഡ പ്രകാരം കേരളത്തില്‍ രണ്ട് കേഡര്‍, രണ്ട് എക്സ് കേഡര്‍ ഡി.ജി.പി തസ്തികകളാണുള്ളത്. പൊലീസ് തലപ്പത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി തലവേദനയാകുമെന്നതിനാല്‍ തീരുമാനം ഇനിയും വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. ഇവരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നതോടെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.