അട്ടപ്പാടിയിലെ ഫണ്ട് വിനിയോഗം: പ്രത്യേക ഓഡിറ്റിന് വിജിലന്‍സ് തീരുമാനം
text_fieldsപാലക്കാട്: അട്ടപ്പാടിയില്‍ ഇതിനകം നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ കാര്യക്ഷമത പരിശോധിക്കാന്‍ പ്രത്യേക ഓഡിറ്റ് നടത്താന്‍ സംസ്ഥാന വിജിലന്‍സ് പൊലീസ് തീരുമാനിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവയച്ചു. മധ്യമേഖലാ എസ്.പിയുടെ നേതൃത്വത്തിലാകും ബെനഫിറ്റ് ട്രാക്കിങ് ഓഡിറ്റ് എന്ന പേരില്‍ പരിശോധന നടക്കുക. കേന്ദ്രസര്‍ക്കാറിന്‍െറ 500 കോടി രൂപയുടെ പാക്കേജുള്‍പ്പെടെ അട്ടപ്പാടിയില്‍ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് അടുത്തിടെ അട്ടപ്പാടിയിലത്തെിയ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. നടക്കാനിരിക്കുന്ന ഓരോ പ്രവൃത്തിയും നിരീക്ഷിക്കാന്‍ തീരുമാനിച്ച വിജിലന്‍സ് പത്ത് വര്‍ഷത്തിനകം പ്രധാന പ്രവൃത്തികള്‍ക്ക് ചെലവഴിച്ച തുകയും അവയുണ്ടാക്കിയ പ്രയോജനവും താരതമ്യപ്പെടുത്തിയുളള ഓഡിറ്റ് നടത്താനാണ് തീരുമാനിച്ചത്.
ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ചുമതലയുള്ള അഡീഷനല്‍ ഡി.ജി.പിക്കും എസ്.പിമാര്‍ക്കും ഡിവൈ.എസ്.പിമാര്‍ക്കും ജൂണ്‍ 25 ന് അയച്ച ഉത്തരവില്‍ ഓഡിറ്റ് നടത്തേണ്ട രീതി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ഗ്രാമപഞ്ചായത്തുകളടങ്ങിയ 192 ഊരുകളുള്ള മേഖലയില്‍ 28 വ്യത്യസ്ത വകുപ്പുകള്‍ മുഖേന നടത്തിയ ക്ഷേമപദ്ധതികള്‍ ആസ്പദമാക്കിയാകും ഓഡിറ്റ് നടക്കുക.
കഴിഞ്ഞ 18 വര്‍ഷത്തിനിടെ അട്ടപ്പാടിയിലെ വിവിധ പദ്ധതികളെപ്പറ്റി ലഭിച്ച പരാതികളില്‍ അന്വേഷണങ്ങളും പരിശോധനകളുമായി 36 കേസുകളുണ്ടായിട്ടുണ്ടെന്ന് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ചെലവഴിക്കുന്ന തുകയും പദ്ധതികള്‍ മൂലം ആദിവാസി ഊരുകള്‍ക്കുണ്ടാകുന്ന ഗുണവും പ്രത്യേകം പരിശോധിക്കണം. പ്രധാന പദ്ധതികള്‍ പ്രത്യേകം പരിശോധിക്കും. ഓരോ വകുപ്പുകളും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ മൂന്ന് വീതം പദ്ധതികള്‍ തെരഞ്ഞെടുത്തുള്ള പരിശോധനയും നടത്തും. അടുത്തിടെ നടപ്പാക്കിയ ആദിവാസി ഭവനപദ്ധതിയില്‍ ഉദ്യോഗസ്ഥ ഒത്താശയോടെ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ ക്രമക്കേട് പരാതിയായി സര്‍ക്കാറിന് മുന്നിലത്തെിയിരുന്നു.
നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിച്ച 2014ല്‍ കേന്ദ്രമന്ത്രി ജയറാം രമേശും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ സന്ദര്‍ശനത്തിനൊടുവില്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് പ്രകാരമുള്ള പ്രവൃത്തികളില്‍ പലതും ഇപ്പോഴും ബാക്കിയാണ്. വിദൂര ഊരുകളിലത്തൊനായി റോഡ് നിര്‍മാണത്തിനായിരുന്നു ഇതില്‍ നൂറ് കോടിയും. ഈ പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.