മാതാപിതാക്കള്‍, സ്വര്‍ഗത്തിന്‍െറ താക്കോല്‍
text_fieldsഅല്ലാഹു അവന് ആരാധന കര്‍മങ്ങള്‍ ചെയ്യുന്നതിനോട് ചേര്‍ത്തുപറഞ്ഞ, വളരെ സുപ്രധാനമായ കാര്യം മാതാപിതാക്കളോടുള്ള നന്‍മയെക്കുറിച്ചാണ്. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘നിന്‍െറ നാഥന്‍ വിധിച്ചിരിക്കുന്നു, അവനെ മാത്രമേ നീ ഇബാദത്ത് ചെയ്യാന്‍ പാടുള്ളൂ. മാതാപിതക്കള്‍ക്ക് നീ നന്‍മ ചെയ്യുക’.
മാതാപിതാക്കളോട് നന്‍മ ചെയ്യുകയെന്നത് അല്ലാഹുവിനെ ആരാധിക്കുന്നതിനോടാണ് അവന്‍ ചേര്‍ത്തുപറഞ്ഞിരിക്കുന്നത്. നബി (സ) അതിനെ ഏറ്റവും നല്ല രണ്ട് വാചകങ്ങളില്‍ വിശദീകരിച്ചു. ‘അല്ലാഹുവിന്‍െറ തൃപ്തി ഒരാള്‍ക്ക് കരസ്ഥമാക്കണമെങ്കില്‍ അതിനുള്ള മാര്‍ഗം, മാതാപിതാക്കളുടെ തൃപ്തി കരസ്ഥമാക്കുക എന്നുള്ളത് മാത്രമാണ്.
മാതാപിതാക്കള്‍ അവനെക്കുറിച്ച് കോപിച്ചാല്‍, അല്ലാഹുവിന്‍െറ കോപം അവന് വന്നുഭവിക്കും. ഒരാള്‍ പ്രവാചകനോട് ചോദിച്ചു. അലഹുവിന്‍െറ റസൂലെ, ഞാന്‍ എന്‍െറ മാതാപിതാക്കളോട് എങ്ങനെ പെരുമാറണം. പ്രവാചകന്‍ ഒറ്റ വാചകത്തില്‍ സമഗ്രമായ മറുപടിയാണ് അതിന് നല്‍കിയത്: ‘അവര്‍ രണ്ടുപേരുമാണ് നിന്‍െറ സ്വര്‍ഗം, അവര്‍ രണ്ടുപേരുമാണ് നിന്‍െറ നരകം’. അതായത് ഒരാള്‍ക്ക് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ അവരുടെ തൃപ്തി കരസ്ഥമാക്കിക്കൊണ്ട് സ്വര്‍ഗത്തില്‍ പോകാം. അവരോട് അനീതിയും ധിക്കാരവും പ്രവര്‍ത്തിച്ചുകൊണ്ട് നരകത്തിലേക്കുള്ള വാതിലുകള്‍ തുറന്നുവെക്കുകയുമാവാം.’
സുകൃതവാനായ ഒരാള്‍ അദ്ദേഹത്തിന്‍െറ മാതാവ് മരിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘ഇന്ന് എന്‍െറ സ്വര്‍ഗത്തിന്‍െറ വാതിലുകള്‍ അടക്കപ്പെട്ടിരിക്കുന്നു.’
മാതാപിതാക്കള്‍ വൃദ്ധരായാല്‍ വൃദ്ധസദനത്തില്‍ അടക്കുകയും അവരുടെ കൂടെയുള്ള സഹവാസം വെറുക്കുകയും ചെയ്യുന്ന ഒരുപാട് മക്കളെ ഇന്ന് കാണാന്‍ സാധിക്കും. ഉയര്‍ന്ന ഭൗതിക വിദ്യാഭ്യാസമുള്ളവരെ പോലും ഇങ്ങനെ കാണാം. മാതാപിതാക്കളെ പുറത്തുള്ളവരുടെ കാരുണ്യത്തിന് വിട്ടുകൊടുക്കുക എന്ന് പറയുന്നത്, അത്രമാത്രം മനുഷ്യന്‍ അധപതിച്ചുവെന്നാണ്. വാസ്തവത്തില്‍ മാതാപിതാക്കളുടെ വില നമുക്ക് മനസിലാകണമെങ്കില്‍, അവര്‍ മരണപ്പെടണം. പലപ്പോഴും ജീവിച്ചിരിക്കുമ്പോള്‍, അത് അറിയാത്തവര്‍ മരണശേഷം അത് അറിഞ്ഞ് വിലപിക്കുന്നത് നാം കണ്ടിട്ടുണ്ട്.
ഒരാള്‍ പ്രവാചകനോട് ചോദിച്ചു. ഈ ഭൂമിയില്‍ എന്‍െറ ഏറ്റവും നല്ല സഹവര്‍ത്തിത്വത്തിന് അര്‍ഹരായിട്ടുള്ളത് ആരാണ്. പ്രവാചകന്‍െറ മറുപടി ഇങ്ങനെയായിരുന്നു: ‘നിന്‍െറ മാതാവാണ്’. പിന്നീടാരാണെന്ന് രണ്ട് പ്രാവശ്യവും റസൂലിന്‍െറ മറുപടി മാതാവ് എന്നുതന്നെയായിരുന്നു. പിന്നീടാണ് പിതാവ് എന്ന മറുപടി ലഭിച്ചത്. മാതാവിനോടുള്ള കടപ്പാടുകള്‍, എത്ര നല്ല പ്രവര്‍ത്തനങ്ങളിലൂടെ വീട്ടിയാലും അത് മതിയാവില്ല. വാര്‍ധക്യം ബാധിച്ച മാതാപിതാക്കളോട് ‘ഛെ’ എന്നൊരു വാക്ക് പോലും മാതാപിതാക്കളോട് പറയരുത്. കാരുണ്യത്തില്‍ നിന്നുള്ള വിനയത്തിന്‍െറ ചിറകുകള്‍ നിങ്ങള്‍ അവര്‍ക്ക് താഴ്ത്തിക്കൊടുക്കണം. മാതാപിതാക്കള്‍ക്ക് കാരുണ്യം ചെയ്യണമേ എന്ന് പ്രാര്‍ഥിക്കണമെന്നും പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.