പാവങ്ങള്‍ക്ക് കൈത്താങ്ങായി സംഘടിത സകാത് സജീവം
text_fieldsകോഴിക്കോട്: റമദാന്‍ അവസാനത്തിലേക്ക് കടന്നതോടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍െറ മഹത്തായ ലക്ഷ്യവുമായി സംഘടിത സകാത് സംരംഭങ്ങള്‍ സജീവമായി. സാമ്പത്തിക ഭദ്രതയുള്ളവരുടെ സമ്പാദ്യത്തില്‍നിന്ന് രണ്ടര ശതമാനം ശേഖരിച്ച് സമൂഹത്തിലെ അവശവിഭാഗങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയാണ് സംഘടിത സകാത് കമ്മിറ്റികള്‍. സംസ്ഥാനത്ത് ഏറ്റവും വലിയ സംഘടിത സകാത് സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ബൈത്തുസകാത് കേരളയുടെ ആഭിമുഖ്യത്തില്‍ 1500 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്, 2131 വീടുകളുടെ നിര്‍മാണത്തിന് ഭാഗിക സഹായം, 395 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണസഹായം, 2504 പേര്‍ക്ക് ചികിത്സാ സഹായം എന്നിവ ഇതുവരെ ലഭ്യമാക്കി. 1309 പേര്‍ക്ക് കടബാധ്യത തീര്‍ക്കാനുള്ള സഹായം, 1041 വ്യക്തികള്‍ക്ക് തൊഴില്‍ പദ്ധതികള്‍, 1497 പേര്‍ക്ക് റേഷന്‍ പെന്‍ഷന്‍, 83 പേര്‍ക്ക് കുടിവെള്ള പദ്ധതികള്‍ എന്നിവയും യാഥാര്‍ഥ്യമാക്കി.
കോഴിക്കോട്ടെ കാലിക്കറ്റ് സിറ്റി സകാത് ആന്‍ഡ് റിലീഫ് കമ്മിറ്റി 2015-16 വര്‍ഷത്തില്‍ 51 പേര്‍ക്ക് വിദ്യാഭ്യാസ സഹായവും 74 പേര്‍ക്ക് വൈദ്യസഹായവും 25 പേര്‍ക്ക് സ്വയം തൊഴില്‍ സഹായവും ലഭ്യമാക്കിയതായി സെക്രട്ടറി എ.എം. അബ്ദുല്‍ മജീദ് പറഞ്ഞു. 25 പേരുടെ കടബാധ്യത തീര്‍ക്കുകയും 48 പേര്‍ക്ക് ഭവന നിര്‍മാണ സഹായം ലഭ്യമാക്കുകയും ചെയ്തു. 17 നിരാലംബര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുകയും ചെയ്യുന്നുണ്ട്. കേരള നദ്വത്തുല്‍ മുജാഹിദീന് കീഴില്‍ മുജാഹിദ് സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിക്ക് കീഴില്‍ 150 ഓളം വീടുകളുടെ നിര്‍മാണത്തിന് ഭാഗികസഹായം നല്‍കിയതായി ജില്ലാ സെക്രട്ടറി വളപ്പില്‍ സലാം പറയുന്നു. കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് പത്ത് ലക്ഷത്തോളം രൂപയാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നത്. 12 പേരുടെ കടം വീട്ടി. എണ്‍പതോളം പേര്‍ക്ക് നിത്യചെലവിന് പെന്‍ഷനും നല്‍കുന്നു. ഭവനരഹിതര്‍ക്ക് മാവൂരില്‍ 50 വീടുകളുടെ നിര്‍മാണം നടന്നുവരികയാണ്. സ്വയം തൊഴിലിന് അഞ്ച് ഉന്തുവണ്ടികളും നല്‍കി.
മര്‍ക്കസുദ്ദഅ്വയില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി അഞ്ഞൂറോളം മഹല്ലുകളില്‍നിന്ന് ശേഖരിക്കുന്ന തുകയുടെ അഞ്ച് ശതമാനം എടുത്താണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അമ്പതോളം പേര്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കിയതാണ് പ്രധാനം. വിസ്ഡം ഗ്ളോബല്‍ വിഷന് കീഴിലെ കേരള സകാത് കമ്മിറ്റി 66 പേര്‍ക്ക് സ്വയംതൊഴില്‍, 17 പേര്‍ക്ക് വീട്, 15 പേര്‍ക്ക് ചികിത്സ എന്നിവ ലഭ്യമാക്കി. കടം കൊണ്ട് വലഞ്ഞ 17 പേര്‍ക്കും സഹായം ലഭ്യമാക്കിയതായി ഭാരവാഹി സജാദ് പറഞ്ഞു. മുസ്ലിം സര്‍വിസ് സൊസൈറ്റിക്ക് കീഴിലെ സകാത് സെല്ലിന് കീഴില്‍ 13 വീട് നിര്‍മാണം, നൂറോളം വീട് അറ്റകുറ്റപ്പണി, അഞ്ഞൂറോളം പേര്‍ക്ക് മരുന്ന്, ഇരുന്നൂറോളം പേര്‍ക്ക് വിദ്യാഭ്യാസ സഹായം, 30 പേര്‍ക്ക് സ്വയംതൊഴില്‍ എന്നിവ ലഭ്യമാക്കി.
കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതിയും പ്രവര്‍ത്തിക്കുന്നു. വാടകവീടുകളില്‍നിന്നും മറ്റും ഒഴിവാക്കപ്പെട്ട് തെരുവിലേക്ക് ഇറക്കപ്പെടുന്നവര്‍ക്കുള്ള അഭയ കേന്ദ്രമാണ് 48 സകാത് ഭവനുകള്‍. നൂറ് കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസ ഭക്ഷണത്തിനുള്ള ‘കൃപ’ പദ്ധതിയും ആരംഭിച്ചതായി സെക്രട്ടറി പി. സിക്കന്തര്‍ പറയുന്നു. എം.ഇ.എസിന് കീഴിലെ കമ്മിറ്റി അയ്യായിരത്തോളം പേര്‍ക്ക് വിദ്യാഭ്യാസ സഹായം എത്തിച്ചതായി സെക്രട്ടറി പി.കെ. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. 25 വിദ്യാര്‍ഥികളെ ദത്തെടുത്താണ് പഠിപ്പിക്കുന്നത്. സ്വയംതൊഴില്‍, രോഗികള്‍ക്ക് സഹായം തുടങ്ങിയവയും ലഭ്യമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.