തോമസ് ഐസക് അവതരിപ്പിച്ചത് ബ്ലാക് പേപ്പര്‍ -കെ.എം. മാണി
text_fieldsതിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത് ബ്ളാക് പേപ്പറാണെന്ന് മുന്‍ ധനമന്ത്രി കെ.എം. മാണി. രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ധവളപത്രമെന്ന പേരില്‍ അദ്ദേഹം അവതരിപ്പിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. യു.ഡി.എഫ് സര്‍ക്കാറിനെ താറടിച്ചുകാണിക്കാനുള്ള കേവലതാല്‍പര്യം മുന്‍നിര്‍ത്തി തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിന്‍െറ കാപട്യം ജനം തിരിച്ചറിയുമെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തികരേഖയില്‍ പ്രതിപാദിക്കേണ്ട ഒരുവിവരങ്ങളും ഐസക്കിന്‍െറ റിപ്പോര്‍ട്ടിലില്ല. കാര്യമായ അവലോകനമോ വിലയിരുത്തലോ പരിഹാരനിര്‍ദേശങ്ങളോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കഴിഞ്ഞ സര്‍ക്കാര്‍ സാമ്പത്തികബാധ്യത വരുത്തിവെച്ചെന്ന അദ്ദേഹത്തിന്‍െറ മുതലക്കണ്ണീര്‍ കാപട്യമാണ്. ആയിരത്തില്‍പരം കോടിരൂപ നീക്കിയിരിപ്പ് വെച്ചശേഷമാണ് യു.ഡി.എഫ് അധികാരം വിട്ടൊഴിഞ്ഞത്.
സാമ്പത്തികബാധ്യത എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. വി.എസ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞപ്പോള്‍ 10,000 കോടിയുടെ ബാധ്യത വരുത്തിവെച്ചിരുന്നു. അതുമുഴുവന്‍ വീട്ടിയത് യു.ഡി.എഫാണ്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്രയും ജനക്ഷേമപദ്ധതികള്‍ ആരും നടപ്പാക്കിയിട്ടില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമപദ്ധതികള്‍ക്കുമാണ് കടമെടുത്തത്. അത് പൊതുജനതാല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. മെഗാ പ്രോജക്ടുകളായ കൊച്ചിന്‍ മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവക്കായി ഫണ്ട് വിനിയോഗിച്ചത് സംസ്ഥാന വികസനത്തിനുവേണ്ടിയാണ്. ഇവയില്‍നിന്നുള്ള വരുമാനം വരാനിരിക്കുന്നതേയുള്ളൂ. മെഡിക്കല്‍ കോളജും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജും തുടങ്ങിയത് വികസനോന്മുഖമായാണ്. റവന്യൂ, മൂലധന വരുമാനങ്ങളില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തുണ്ടായത്. ഇതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍െറ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ചില്ലറ സാമ്പത്തിക ഞെരുക്കങ്ങള്‍ ഉണ്ടായിട്ടും ഒരുദിവസം പോലും ട്രഷറി പൂട്ടേണ്ടിവന്നിട്ടില്ളെന്നും മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.