ടി.പി. രാജീവനും വി.ആര്‍. സുധീഷിനും പി.എന്‍. ഗോപീകൃഷ്ണനും അക്കാദമി അവാര്‍ഡ്
text_fieldsതൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2014ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്കാരങ്ങളും അവാര്‍ഡുകളും എന്‍ഡോവ്മെന്‍റുകളും പ്രഖ്യാപിച്ചു. നിരൂപകന്‍ പ്രഫ. എം. തോമസ് മാത്യുവും കവിയും നാടക പ്രവര്‍ത്തകനുമായ കാവാലം നാരായണപ്പണിക്കരുമാണ് വിശിഷ്ടാംഗങ്ങള്‍. 50,000 രൂപയും രണ്ട് പവന്‍െറ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് വിശിഷ്ടാംഗങ്ങള്‍ക്ക് നല്‍കുന്നത്.
സമഗ്ര സംഭാവന പുരസ്കാരത്തിന് ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശ്ശേരി, ഡോ. ജോര്‍ജ് ഇരുമ്പയം, മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ്. കമ്മത്ത് എന്നിവര്‍ അര്‍ഹരായി. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവന നല്‍കിയ, 60 പിന്നിട്ട എഴുത്തുകാര്‍ക്കാണ് സമഗ്രസംഭാവന പുരസ്കാരം നല്‍കുന്നത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.കവിതക്കുള്ള അവാര്‍ഡ് പി.എന്‍. ഗോപീകൃഷ്ണന്‍െറ ‘ഇടിക്കാലൂരി പനമ്പട്ടടി’ക്കാണ്. ടി.പി. രാജീവന്‍െറ ‘കെ.ടി.എന്‍. കോട്ടൂര്‍: എഴുത്തും ജീവിതവും’ നോവല്‍ അവാര്‍ഡിന് അര്‍ഹമായി. ചെറുകഥ അവാര്‍ഡ് വി.ആര്‍. സുധീഷിന്‍െറ ‘ഭവനഭേദന’ത്തിനാണ്. വി.കെ. പ്രഭാകരന്‍െറ ‘ഏറ്റേറ്റ് മലയാളന്‍’ ആണ് നാടകത്തിനുള്ള അവാര്‍ഡ് നേടിയത്. സാഹിത്യ വിമര്‍ശത്തിന് ഡോ. എം. ഗംഗാധരന്‍െറ ‘ഉണര്‍വിന്‍െറ ലഹരിയിലേക്ക്’, വൈജ്ഞാനിക സാഹിത്യത്തിന് ഡോ. എ. അച്യുതന്‍െറ ‘പരിസ്ഥിതി പഠനത്തിന് ഒരാമുഖം’, ജീവചരിത്രം/ആത്മകഥാ വിഭാഗത്തില്‍ സി.വി. ബാലകൃഷ്ണന്‍െറ ‘പരല്‍മീന്‍ നീന്തുന്ന പാടം’, യാത്രാവിവരണത്തിന് കെ.എ. ഫ്രാന്‍സിസിന്‍െറ ‘പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും’, വിവര്‍ത്തനത്തിന് സുനില്‍ ഞാളിയത്തിന്‍െറ ‘ചോഖേര്‍ബാലി’, ഹാസ സാഹിത്യത്തിന് ടി.ജി. വിജയകുമാറിന്‍െറ ‘മഴ പെയ്തു തീരുമ്പോള്‍’ എന്നിവ അര്‍ഹമായി. ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭ സ്വാമി സമ്മാനം എം. ശിവപ്രസാദ് എഴുതിയ ‘ആനത്തൂക്കം വെള്ളി’ എന്ന കൃതിക്കാണ്. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുന്നത്.ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം എന്നീ മേഖലകള്‍ക്ക് നല്‍കുന്ന ഐ.സി. ചാക്കോ എന്‍ഡോവ്മെന്‍റിന് ഡോ. എ.എം. ശ്രീധരന്‍െറ ‘ബ്യാരിഭാഷാനിഘണ്ടു’വും ചെറുകഥാ സമാഹാരത്തിനുള്ള ഗീത ഹിരണ്യന്‍ എന്‍ഡോവ്മെന്‍റിന് വി.എം. ദേവദാസിന്‍െറ ‘മരണസഹായി’യും അര്‍ഹമായി. രണ്ടിനും 5,000 രൂപ വീതമാണ് സമ്മാനം. ഉപന്യാസത്തിനുള്ള സി.ബി. കുമാര്‍ എന്‍ഡോവ്മെന്‍റ് ടി.ജെ.എസ്. ജോര്‍ജിന്‍െറ ‘ഒറ്റയാന്‍’ എന്ന കൃതിക്കാണ്.
വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എന്‍. പിള്ള എന്‍ഡോവ്മെന്‍റിന് മനോജ് മാതിരപ്പള്ളി എഴുതിയ ‘കേരളത്തിലെ ആദിവാസികള്‍: കലയും സംസ്കാരവും’ എന്ന പുസ്തകം അര്‍ഹമായി. രണ്ട് എന്‍ഡോവ്മെന്‍റിനും 3,000 രൂപയാണ് സമ്മാനത്തുക. നിരൂപണം/പഠനം ശാഖക്കുള്ള കുറ്റിപ്പുഴ എന്‍ഡോവ്മെന്‍റിന് പി.പി. രവീന്ദ്രന്‍െറ ‘ഭാവുകത്വത്തിന്‍െറ ഭൂമിശാസ്ത്ര’, കവിതക്കുള്ള കനകശ്രീ എന്‍ഡോവ്മെന്‍റിന് എന്‍.പി. സന്ധ്യയുടെ ‘ശ്വസിക്കുന്ന ശബ്ദം മാത്രം’, വൈദിക സാഹിത്യത്തിനുള്ള കെ.ആര്‍. നമ്പൂതിരി എന്‍ഡോവ്മെന്‍റിന് പി.എന്‍. ദാസ് എഴുതിയ ‘ഒരു തുള്ളി വെളിച്ചം’ എന്നീ കൃതികള്‍ അര്‍ഹമായി. 2,000 രൂപ വീതമാണ് സമ്മാനം. ജൂറി തുല്യ മാര്‍ക്ക് നിശ്ചയിച്ചപ്പോള്‍ നാടക അവാര്‍ഡില്‍ മാത്രമാണ് അക്കാദമി നിര്‍വാഹകസമിതിക്ക് ഇടപെടേണ്ടി വന്നതെന്ന് പ്രസിഡന്‍റ് പെരുമ്പടവും ശ്രീധരനും സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്കാദമി അവാര്‍ഡ് പ്രഖ്യാപനം വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. നടപടിക്രമങ്ങള്‍ പാലിച്ചാണ് അവാര്‍ഡ് നിശ്ചയിച്ചത്. ജൂറിയില്‍ ചിലരുടെ ഭാഗത്തുനിന്ന് അവാര്‍ഡ് നിശ്ചയിച്ചുകിട്ടാന്‍ വൈകിയിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. മാര്‍ച്ചില്‍ നടക്കുന്ന അക്കാദമി വാര്‍ഷികത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
മേതില്‍ അവാര്‍ഡ് നിരസിച്ചു
പാലക്കാട്: സാഹിത്യരംഗത്ത് സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം പ്രമുഖ സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്‍ നിരസിച്ചു. സമ്മാനം നല്‍കാന്‍ സാഹിത്യം ഒരു സ്പോര്‍ട്സ് അല്ല. രണ്ടും രണ്ടു ലോകമാണ്. സാഹിത്യ അക്കാദമിക്ക് ശരിയായ എഴുത്തുകാരനെ തിരിച്ചറിയാന്‍ കഴിവുണ്ടോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.