വിൻസൻ എം.പോളിെൻറ നിയമനത്തിന് ഹൈകോടതി സ്റ്റേ
text_fieldsകൊച്ചി: വിന്‍സന്‍ എം.പോളിനെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട നടപടികളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഹൈകോടതി. ഹരജിയില്‍ എതിര്‍കക്ഷികളായ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വ്യവസായ മന്ത്രി എന്നിവര്‍ക്ക് ഉള്‍പ്പെടെ നോട്ടീസ് അയച്ചു. മറ്റ് അംഗങ്ങളുടെ നിയമനത്തിനും സ്റ്റേ ബാധകമാണ്.
മുഖ്യ വിവരാവകാശ കമീഷണറേയും മറ്റ് കമീഷണര്‍മാരേയും ചട്ടം ലംഘിച്ചാണ് നിയമന സമിതി ശിപാര്‍ശ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ട്രാവന്‍കൂര്‍ ടൈറ്റാനിയം മുന്‍ മാനേജിങ് ഡയറക്ടര്‍ സോമനാഥന്‍ പിള്ള നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്.
മുഖ്യ വിവരാവകാശ കമീഷണറായി വിന്‍സന്‍ എം. പോളിനെ നിയമിക്കാനുള്ള തീരുമാനത്തിന്‍െറ രേഖകള്‍ ഹാജരാക്കാന്‍ നേരത്തേ ഈ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിയമനത്തിന് അനുമതി വേണ്ടതിനാല്‍ തീരുമാനത്തിന്‍േറത് ഉള്‍പ്പെടെ രേഖകള്‍ ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് സര്‍ക്കാറിന് വേണ്ടി സീനിയര്‍ ഗവ. പ്ളീഡര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിട്ടത്.
സംസ്ഥാന സര്‍ക്കാര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വ്യവസായ മന്ത്രി, വിന്‍സന്‍ എം. പോള്‍, മറ്റ് കമീഷണര്‍മാര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹരജി നല്‍കിയത്. സര്‍ക്കാറിനും മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും വേണ്ടി ഗവ. പ്ളീഡര്‍ നോട്ടീസ് കൈപ്പറ്റി. മറ്റ് എതിര്‍കക്ഷികള്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹരജി വീണ്ടും മാര്‍ച്ച് ഒമ്പതിന് പരിഗണിക്കും.
വിവരാവകാശ നിയമ കമീഷണര്‍മാരുടെ യോഗ്യതയും നിയമന നടപടികളുമായി ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ 15(3) വകുപ്പ് പാടെ ലംഘിച്ചാണ് വിന്‍സന്‍ എം. പോളിന് അനുകൂലമായ തീരുമാനമെടുത്തത്. മറ്റ് കമീഷണര്‍മാരുടെ കാര്യത്തിലും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ഭരണത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ ബന്ധം മാത്രമാണ് നിയമിക്കപ്പെട്ടവര്‍ക്കുള്ള യോഗ്യത. കമീഷണര്‍മാരായി പല മേഖലകളില്‍ നിന്നുള്ളവരെ നിയമിക്കണമെന്ന ചട്ടവും പാലിച്ചില്ല.
ആദ്യ വിജ്ഞാപന പ്രകാരമുള്ള നിയമന നടപടിക്രമങ്ങളാണ് നിയമന സമിതി മുമ്പാകെ ഉണ്ടായതെങ്കിലും അജണ്ടയിലില്ലാത്ത മുഖ്യ വിവരാവകാശ കമീഷണര്‍ നിയമനത്തിലും സമിതി തീരുമാനമെടുക്കുകയായിരുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.