അധികാര ഇടനാഴികളില്‍ കാര്യസാധ്യക്കാരുടെ തിരക്ക്
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഏത് നിമിഷവും പ്രഖ്യാപിക്കുമെന്നിരിക്കെ, സെക്രട്ടേറിയറ്റ് ഇടനാഴികളില്‍ കാര്യസാധ്യക്കാരുടെ തിക്കുംതിരക്കും. ആഴ്ചയില്‍ മൂന്നും നാലും മന്ത്രിസഭായോഗങ്ങള്‍ ചേര്‍ന്നാണ് കൂട്ടത്തോടെ തീരുമാനങ്ങളെടുക്കുന്നത്. ഓരോ യോഗത്തിലും അജണ്ടയിലില്ലാത്ത 600ഓളം ഫയലുകള്‍ വരെയാണ് എത്തുന്നത്.
പരിഗണിക്കുന്ന വിഷയങ്ങളെന്തെന്നോ തീരുമാനമെന്തെന്നോ പുറംലോകത്തെ അറിയിക്കുന്നുമില്ല. മന്ത്രിസഭായോഗങ്ങള്‍ കഴിഞ്ഞ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി തീരുമാനങ്ങളറിയിക്കുന്ന പതിവുണ്ടെങ്കിലും അതും ഇപ്പോള്‍ ചുരുക്കി. കഴിഞ്ഞയാഴ്ച മൂന്ന് മന്ത്രിസഭായോഗങ്ങളാണ് നടന്നത്. പലതും മണിക്കൂറുകള്‍ നീണ്ടു. ഈ ആഴ്ച ചൊവ്വയും ബുധനും യോഗം ചേര്‍ന്നു. ചൊവ്വാഴ്ച രാവിലെ പത്തരക്ക് നിശ്ചയിച്ചതിനൊപ്പം വൈകുന്നേരം അഞ്ചര മുതല്‍ രാത്രി ഒമ്പത് വരെയും യോഗം നടന്നു. ഇന്നലെ രാവിലെ ആരംഭിച്ച മന്ത്രിസഭാ യോഗം ഉച്ചക്ക് ഒരുമണിക്ക് ശേഷമാണ് തീര്‍ന്നത്.
യോഗത്തിലേക്ക് ഓരോ മന്ത്രിയും കെട്ടുകണക്കിന് ഫയലുകളാണ് കൊണ്ടുവന്നത്. യോഗത്തിനിടെ പല മന്ത്രിമാരും പുറത്തിറങ്ങിവന്ന് സ്റ്റാഫിനെ വിളിക്കുകയും അവര്‍ ഫയലുകളുടെ കെട്ടുകള്‍ കൈമാറുകയും ചെയ്യുന്നത് കാണാമായിരുന്നു. തങ്ങളുടെ ഫയലുകളില്‍ തീരുമാനം എടുത്തുകഴിയുന്നതോടെ പല മന്ത്രിമാരും പുറത്തേക്ക് പോവുകയും ചെയ്തു. ഫയലുകളില്‍ തീരുമാനമായതിന്‍െറ സന്തോഷം ചില പേഴ്സനല്‍ സ്റ്റാഫംഗങ്ങളും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. രാവിലെ നിരവധി പരിപാടികള്‍ മന്ത്രിമാര്‍ നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിസഭ നീണ്ടതിനാല്‍ പങ്കെടുക്കാനായില്ല.
ഇത്രയും ഫയലുകള്‍ ഓരോ വകുപ്പില്‍നിന്ന് പോവുകയും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടും മന്ത്രിമാര്‍ മിക്കവരും വിഷയങ്ങളെക്കുറിച്ച് മൗനത്തിലാണ്. പൊതുപ്രാധാന്യമില്ലാത്തത് എന്ന് പറഞ്ഞ് പലരും ഒഴിയുകയാണ്. ഒൗദ്യോഗിക വാര്‍ത്താസമ്മേളനമോ വാര്‍ത്താക്കുറിപ്പോ രണ്ട് ദിവസവും ഉണ്ടായതുമില്ല.
ഭൂമിയും സ്ഥാപനങ്ങളും അനുവദിക്കല്‍, പാട്ടകുടിശ്ശിക ഒഴിവാക്കിക്കൊടുക്കല്‍, ജോലിയില്‍ സ്ഥിരപ്പെടുത്തല്‍, വിവിധ തസ്തികകളില്‍ നിയമനം നല്‍കല്‍, നടപടികള്‍ ഒഴിവാക്കല്‍ തുടങ്ങി അനവധി ഫയലുകളാണ് ഇക്കൂട്ടത്തിലുള്ളത്. എല്ലാ സര്‍ക്കാറുകളുടെയും അവസാന കാലത്ത് സെക്രട്ടേറിയറ്റ് വരാന്തകളില്‍ നേതാക്കളുടെ തിരക്ക് പതിവാണെങ്കിലും ഇക്കുറി അല്‍പം കൂടുതലാണ്. മന്തിമാരുടെ ഓഫിസുകളിലും വീടുകളിലും സന്ദര്‍ശക പ്രവാഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.