കേരള കോൺഗ്രസ് (എം) പിളർന്നു; മൂന്നുപേർ രാജിവെച്ചു
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് (എം) പാർട്ടി പിളർന്നു. ജോസഫ് വിഭാഗത്തെ പിന്തുണച്ചിരുന്ന ഫ്രാൻസിസ് ജോർജ്, ആൻറണി രാജു, കെ.സി ജോസഫ് എന്നിവർ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു. പാർട്ടി വിടുന്നതായി ആൻറണി രാജു ആണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പാർട്ടിയുടെ സംഘടനാകാര്യങ്ങളിൽ കെ.എം മാണി ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്ന് ആൻറണി രാജു ആരോപിച്ചു.
വർഗീയ ശക്തികൾ പാർട്ടിയെ അടിയറ വെക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പാർട്ടി വിടുന്നതെന്ന് ആൻറണി രാജു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പാർട്ടിയിൽ കുടുംബ വാഴ്ചയാണ് നടക്കുന്നത്. മകന് ചെങ്കോലും കിരീടവും കൈമാറാനുള്ള നീക്കത്തിലാണ് മാണി. ഇത് അനുവദിക്കാൻ കഴിയില്ല. മന്ത്രിസ്ഥാനത്തിരുന്ന മാണി വഴിവിട്ട കാര്യങ്ങൾ നടത്തി. എൽ.ഡി.എഫിൽ നിന്ന് വാഗ്ദാനങ്ങൾ ലഭിച്ചിട്ടില്ല. ഇടതുമുന്നണിയുമായി ചർച്ച നടത്തിയിട്ടില്ല. കേരള കോൺഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കും. ഫ്രാൻസിസ് ജോർജായിരിക്കും പുതിയ പാർട്ടിയെ നയിക്കുകയെന്നും ആൻറണി രാജു പറഞ്ഞു.
പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ല. മകനുവേണ്ടി തഴക്കവും പഴക്കവുമുള്ളവരെ മാണി മാറ്റിനിർത്തുന്നു. കെ.എം മാണിയുമായി സന്ധിയില്ല. വാഗ്ദാനം ചെയ്ത സീറ്റ് വേണ്ടെന്നുവെച്ചാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ജോസ് കെ. മാണി ബി.ജെ.പി മന്ത്രിസഭയിൽ അംഗമാകും. മാണി കോഴ വാങ്ങിയിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. നിയമപരമായി കേസെടുക്കാൻ സാധിക്കില്ല എന്നാണ് ചാനൽ ചർച്ചകളിൽ പറഞ്ഞതെന്നും ചോദ്യത്തിന് മറുപടിയായി ആൻറണി രാജു വ്യക്തമാക്കി.
എൽ.ഡി.എഫുമായി സഹകരണത്തിന് ആലോചന തുടങ്ങിയെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. പാർട്ടിക്ക് വിരുദ്ധമായാണ് മാണി പെരുമാറുന്നത്. സംഘ്പരിവാർ ഭീഷണി നേരിടുന്ന സമയത്ത് ബി.ജെ.പിയുമായി മാണി വിഭാഗം സഖ്യ ചർച്ച നടത്തി. കർഷകപ്രശ്നങ്ങൾ, പട്ടയം, കസ്തൂരിരംഗൻ വിഷയങ്ങളിൽ പാർട്ടി ശക്തമായ നിലപാട് സ്വീകരിച്ചില്ല. ഈ മാസം ഒമ്പതിന് തിരുവനന്തപുരത്ത് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
അതേസമയം, പാർട്ടിയിൽ നിന്ന് വിട്ടുപോയവരെ തള്ളി പി.ജെ ജോസഫ് രംഗത്തെത്തി. പാർട്ടിയിൽ നിന്ന് ഇവർ വിട്ടുപോയതിനോട് യോജിപ്പില്ല. വികസന രംഗത്ത് മുന്നേറ്റം നടത്തിയ സർക്കാരാണ് ഇത്. അതിനാൽ ആ നിലപാട് തുടരണമെന്നാണ് തൻെറ അഭിപ്രായം. മലയോര കർഷകരുടെ വിഷയത്തിൽ ശക്തമായ നിലപാടാണ് പാർട്ടിക്കുള്ളതെന്ന് പറഞ്ഞ ജോസഫ് കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.