ദലിത് ഒാട്ടോ ഡ്രൈവർ ചിത്രലേഖക്ക് നേരെ വീണ്ടും ആക്രമണം
text_fieldsകണ്ണൂർ: ജീവിക്കാനും തൊഴിൽ ചെയ്യാനുമുള്ള അവകാശത്തിന് വേണ്ടി സമരം നടത്തിയ ദലിത് വനിതാ ഒാട്ടോറിക്ഷാ ഡ്രൈവർ ചിത്രലേഖക്ക് നേരെ വീണ്ടും ആക്രമണം. ചിത്രലേഖയുടെ പയ്യന്നൂരിലെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഒാട്ടോറിക്ഷാ അക്രമികൾ തകർത്തു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒാട്ടോറിക്ഷ അക്രമികൾ പൂർണമായി തകർത്തെന്ന് ചിത്രലേഖ മാധ്യമത്തോട് പറഞ്ഞു. സി.പി.എം പ്രവർത്തകനാണ് വാഹനം തല്ലിതകർത്തത്. ഇയാൾ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ടെന്നും ചിത്രലേഖ വ്യക്തമാക്കി. സംഭവത്തിൽ പയ്യന്നൂർ പൊലീസിന് പരാതി നൽകാൻ ചിത്രലേഖ തീരുമാനിച്ചിട്ടുണ്ട്.
2005ല്‍ പയ്യന്നൂർ എടാട്ട് സ്റ്റാന്‍ഡിൽ നിന്ന് ഓട്ടോറിക്ഷ ഒാടിക്കാൻ തുടങ്ങിയതോടെയാണ് ചിത്രലേഖക്ക് നേരെ സി.ഐ.ടി.യു തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. സഹ ഡ്രൈവര്‍മാര്‍ ഒാട്ടോറിക്ഷ തടയുകയും ഇവരെ ഓട്ടോ ക്യൂവില്‍ നിന്ന് അകറ്റുകയും ചെയ്തതോടെ ചിത്രലേഖക്ക് ട്രിപ്പുകള്‍ കിട്ടാതായി. ടെലിഫോൺ വഴി യാത്രക്കാരുടെ ഒാട്ടം ലഭിച്ചപ്പോൾ പ്രകോപിതരായ എതിരാളികൾ ഒാട്ടോറിക്ഷ തകർത്തു. ഈ കേസിൽ തലശേരി സെഷൻസ് കോടതി ഒരാളെ ശിക്ഷിച്ചിരുന്നു.
ചിത്രലേഖയുടെ ഭാർത്താവിനും എടാട്ടിലെ വീടിനും നേരെ നിരവധി തവണ ആക്രമണമുണ്ടായി. ചിത്രലേഖയെയും ഭർത്താവ് ശ്രീഷ്കാന്തിനെയും പ്രതികളാക്കി എതിരാളികൾ നൽകിയ കേസിൽ ഇരുവർക്കുമെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ശ്രീഷ്കാന്ത് 32 ദിവസം ജയിലിലായെങ്കിലും ചിത്രലേഖക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഗതികെട്ട ചിത്രലേഖ ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2014 ഏപ്രിലില്‍ കണ്ണൂർ കലക്ടറേറ്റ് പടിക്കൽ സമരം നടത്തി.
താമസിക്കാൻ അഞ്ച് സെന്‍റ് സ്ഥലം അനുവദിക്കാനും കള്ളക്കേസ് പിൻവലിക്കാനും നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് 122 ദിവസം നീണ്ടുനിന്ന സമരം പിൻവലിക്കുകയായിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ജനുവരി അഞ്ചിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിനും മുമ്പിലും ചിത്രലേഖ സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.