ലൈറ്റ് മെട്രോയുടെ പേരിലും സര്‍ക്കാറിന്‍െറ ഉദ്ഘാടന തട്ടിപ്പ്
text_fieldsകോഴിക്കോട്: മോണോ റെയിലിന് പിന്നാലെ ലൈറ്റ് മെട്രോയുടെ പേരിലും സര്‍ക്കാറിന്‍െറ ഉദ്ഘാടന തട്ടിപ്പ്. കേന്ദ്രാനുമതിപോലും ലഭിക്കാത്ത ലൈറ്റ് മെട്രോ പദ്ധതിയുടെ എസ്റ്റിമേറ്റും മറ്റും തയാറാക്കുന്ന പ്രാഥമിക കടലാസ് ജോലികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രിലിമിനറി ഉദ്ഘാടനം എന്ന പേരില്‍ വെള്ളിയാഴ്ച കൊണ്ടാടുന്നത്. ഡി.എം.ആര്‍.സി തയാറാക്കിയ വിശദമായ പദ്ധതി രേഖക്ക് (ഡി.പി.ആര്‍) ഇതുവരെ കേന്ദ്രാനുമതിപോലും ലഭിച്ചിട്ടില്ല. കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അനുമതി ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇതിനിടെയാണ് മാര്‍ച്ച് നാല്, ഒമ്പത് തീയതികളില്‍ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍പദ്ധതിയുടെ പ്രാഥമിക ഉദ്ഘാടനം നിശ്ചയിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട സ്കെച്ച് ഉള്‍പ്പെടെയുള്ള കടലാസുകള്‍ തയാറാക്കുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കേന്ദ്രത്തിന്‍െറ അനുമതിയോ ഫണ്ട് അനുമതിയോ ലഭിക്കാതെ ഒരു നിര്‍മാണവും തുടങ്ങാനാവില്ളെന്നുമാണ് കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ് അധികൃതര്‍ പറയുന്നത്. കേന്ദ്രാനുമതിയും ടെണ്ടര്‍ ക്ഷണിക്കലും കഴിഞ്ഞ ശേഷമാണ് സര്‍ക്കാര്‍ നേരത്തേ മോണോ റെയില്‍പദ്ധതി ഉപേക്ഷിച്ചത്. ലൈറ്റ് മേട്രോക്കും സമാനമായ ഗതിയുണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച മോണോ റെയില്‍ പദ്ധതി അതിന്‍െറ അപ്രായോഗികതകൊണ്ട് ഉപേക്ഷിച്ചിരുന്നു. അതിന് ബദലായി 2014 സെപ്റ്റംബറിലാണ് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ ലൈറ്റ് മെട്രോ പദ്ധതി പ്രഖ്യാപിച്ചത്. 6728 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്‍െറ 20 ശതമാനം വീതവും 60 ശതമാനം വായ്പയായും ലഭ്യമാക്കുക എന്നാണ് വിഭാവനം ചെയ്തത്.
ഭൂമിയേറ്റെടുക്കല്‍ ചെലവ് സംസ്ഥാനം വഹിക്കും. ഡി.എം.ആര്‍.സി പഠനറിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരത്ത് 4219 കോടിയും കോഴിക്കോടിന് 2509 കോടി രൂപയുമാണ് ചെലവ്. തിരുവനന്തപുരം കരമന മുതല്‍ ടെക്നോസിറ്റി വരെ 21.82 കിലോമീറ്ററാണ് ലൈറ്റ് മെട്രോ. കോഴിക്കോട് മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ 13.30 കിലോമീറ്ററുമാണ് ദൈര്‍ഘ്യം. അതേസമയം, 10 ലക്ഷം ജനസംഖ്യയെങ്കിലുമുള്ള നഗരങ്ങളിലേക്കാണ് ഇത്തരം വന്‍കിട നഗര ഗതഗാത പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നല്‍കുക. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ഇത്രയും ജനസംഖ്യയില്ലാത്തതിനാല്‍ മോണോ, ലൈറ്റ് മെട്രോ പദ്ധതികള്‍ പ്രാവര്‍ത്തികമല്ളെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ 9.58 ലക്ഷം ജനങ്ങളും കോഴിക്കോട് കോര്‍പറേഷനില്‍ 6.09 ലക്ഷം ജനസംഖ്യയുമാണുള്ളത്. സംസ്ഥാനത്തെ സാഹചര്യത്തില്‍ കോടികള്‍ മുതല്‍മുടക്കുള്ള പദ്ധതിക്ക് വരുമാനം ഉണ്ടാകുമോ എന്നതിനും യാത്രക്കാര്‍ ഉണ്ടാകുമോ എന്നതിനും ഡി.എം.ആര്‍.സിക്ക് മറുപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.