കേരളത്തിൽ മേയ് 16ന് വോട്ടെടുപ്പ്; വോട്ടെണ്ണൽ 19ന്
text_fieldsന്യൂഡൽഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ മേയ് 16നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 19ന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിൽ 22. നാമനിർദേശപത്രിക സമർപ്പണം 29വരെ. സൂക്ഷ്മപരിശോധന ഏപ്രിൽ 30ഉം പിൻവലിക്കാനുള്ള അവസാന തീയതി മേയ് രണ്ടും ആണ്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായി മേയ് 16നും അസമിൽ രണ്ട് ഘട്ടങ്ങളായും (ഏപ്രിൽ 4, ഏപ്രിൽ 11), പശ്ചിമ ബംഗാളിൽ ആറ് ഘട്ടങ്ങളായും (ഏപ്രിൽ 4, ഏപ്രിൽ 11, ഏപ്രിൽ 17, ഏപ്രിൽ 21, ഏപ്രിൽ 30, മേയ് 5) വോട്ടെടുപ്പ് നടക്കും. അഞ്ചിടത്തെ വോട്ടെണ്ണൽ 19ന് ഒരുമിച്ച് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നസീം സെയ്ദി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ 2.56 കോടി വോട്ടർമാരുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 17 കോടി വോട്ടർമാർ. ഇത് ആദ്യമായി നിഷേധ വോട്ടിന് പ്രത്യേക ചിഹ്നവും സ്ഥാനാർഥികളുടെ ചിത്രവും വോട്ടിങ് മെഷീനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരുടെ ചിത്രം പതിച്ച സ്ലിപ്പുകൾ ഇലക്ടോറൽ ഒാഫീസർമാർ വീടുകളിൽ വിതരണം ചെയ്യും. ഭിന്നശേഷിയുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ലഭ്യമാക്കും. വോട്ടെടുപ്പിനായി കേരളത്തിൽ 21,000 പോളിങ് സ്റ്റേഷനുകൾ ഒരുക്കും.
ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ അധ്യക്ഷതയിൽ ചേർന്ന സമ്പൂർണ യോഗമാണ് തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നു മുതൽ മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും അഞ്ച് വീതം കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിക്കും.
അസമിൽ ഒന്നാം ഘട്ടം-61 സീറ്റ്, രണ്ടാംഘട്ടം-65 സീറ്റ്, ബംഗാളിൽ ഒന്നാംഘട്ടം-18 സീറ്റ് (ഏപ്രിൽ 4), 31 സീറ്റ് (ഏപ്രിൽ11), രണ്ടാംഘട്ടം-56 സീറ്റ്, മൂന്നാംഘട്ടം-62 സീറ്റ്, നാലാംഘട്ടം-49 സീറ്റ്, അഞ്ചാം ഘട്ടം-53 സീറ്റ്, ആറാംഘട്ടം-25 സീറ്റ്, തമിഴ്നാട്ടിൽ-234 സീറ്റ്, പുതുച്ചേരി-30 സീറ്റ്, കേരളം-140 എന്നിങ്ങനെയാണ് വിവിധ തീയതികളിൽ വോട്ടെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.