തിരുവമ്പാടിയില്‍ ഉടക്കി താമരശ്ശേരി രൂപത
text_fieldsകോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി മത്സരിക്കുന്നതില്‍ പ്രതിഷേധവുമായി താമരശ്ശേരി രൂപത. ലീഗ് സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നും തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നുമാണ് രൂപതയുടെ മുന്നറിയിപ്പ്. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ വിയോജിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ രൂപതാ വക്താക്കള്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴോടെ കോഴിക്കോട് ഗെസ്റ്റ് ഹൗസിലത്തെിയാണ് ഇവര്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്. താമരശ്ശേരി രൂപതാ ചാന്‍സലറും വക്താവുമായ ഫാ. എബ്രഹാം കാവില്‍പുരയിടം, രൂപതക്ക് സ്വാധീനമുള്ള ഏഴു സംഘടനകളുടെ കൂട്ടായ്മ മലയോര വികസന സമിതി ചെയര്‍മാന്‍ ഡോ. ചാക്കോ കാളംപറമ്പില്‍, വൈസ് ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ, സെക്രട്ടറി മാര്‍ട്ടിന്‍ തോമസ്, ഫാ. മനോജ് പ്ളാക്കൂട്ടം തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. കസ്തൂരിരംഗന്‍ പ്രശ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലീഗ് എം.എല്‍.എമാര്‍ അനുകൂലനടപടി സ്വീകരിച്ചില്ല. സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കുമെന്നും രൂപതക്ക് താല്‍പര്യമുള്ളയാളെ മത്സരിപ്പിക്കുമെന്ന് കഴിഞ്ഞതവണ ഉറപ്പുനല്‍കിയതായും ഇവര്‍ നേതാക്കളെ ധരിപ്പിച്ചു. ലീഗിന്‍െറ മണ്ഡലമാണ് തിരുവമ്പാടിയെന്നും യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് ഏഴാം തീയതിക്കകം തീരുമാനമെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി ഇവരെ അറിയിച്ചു.
സഭക്ക് താല്‍പര്യമുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് മാസങ്ങള്‍ക്കുമുമ്പും രൂപതാ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. കൊടുവള്ളിയിലെ എം.എല്‍.എ വി.എം. ഉമ്മറാണ് തിരുവമ്പാടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. രൂപതയുടെ താല്‍പര്യം നേരത്തേ ലീഗ് നേതാക്കളായ കെ.പി.എ. മജീദ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെയും ഇവര്‍ അറിയിച്ചിരുന്നു. അതിനിടെ, ഇക്കാര്യത്തില്‍ ലീഗ് ആണ് തീരുമാനമെടുക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം രൂപതക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.