വഞ്ചിച്ചത് അസീസും കൂട്ടരും –കോവൂര്‍ കുഞ്ഞുമോന്‍
text_fieldsകൊല്ലം: ഇടതുപക്ഷ പ്രസ്ഥാനത്തെയും തൊഴിലാളികളെയും വഞ്ചിച്ചത് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും കൂട്ടരുമാണെന്ന് മുന്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നാവായിക്കുളം പഞ്ചായത്ത് അംഗമായിരുന്ന പ്രേമചന്ദ്രനെ എം.പിയും എം.എല്‍.എയും മന്ത്രിയുമൊക്കെയാക്കിയത് ഇടതുപക്ഷമാണ്. കശുവണ്ടി ഫാക്ടറിയില്‍ പരിപ്പ് തരംതിരിക്കുന്ന തൊഴിലാളിയായിരുന്നു അസീസ്. ആര്‍.എസ്.പി നേതാക്കളായ ശ്രീകണ്ഠന്‍ നായര്‍ക്കും ബേബിജോണിനും ചായ വാങ്ങിക്കൊടുത്താണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നത്.
ഏത് ആര്‍.എസ്.പിയാണ് കുമിളയെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം. ഇടതുസ്ഥാനാര്‍ഥിയായാണ് താന്‍ മൂന്നുതവണ എം.എല്‍.എ ആയത്. അതുകൊണ്ടാണ് യു.ഡി.എഫിന്‍െറ ഒൗദാര്യം വേണ്ടെന്നുവെച്ച് ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം നിരസിച്ചത്. രാജിവെക്കുന്ന കാര്യം ആരോടും പറഞ്ഞില്ല എന്നത് സത്യമാണ്. സ്വന്തം വീട്ടുകാരോടുപോലും പറയാതെയാണ് പലരും നേരത്തേ രാജിവെച്ചിട്ടുള്ളത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ താന്‍ ഷിബു ബേബിജോണില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിന് എന്താണ് തെളിവ്. തന്‍െറ ബംഗളൂരു യാത്രകളെ എ.എ. അസീസ് മോശമായി ചിത്രീകരിച്ചത് ശരിയല്ല. മഅ്ദനിയെ കാണാനാണ് ഒരു തവണ പോയത്. ആര്‍.എസ്.പി കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ പിന്നീട് പോയി. ഈ യാത്രകളില്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റിലെ ചില നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
ആര്‍.എസ്.പി ലെനിനിസ്റ്റിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് കത്ത് നല്‍കിയിട്ടുണ്ട്. ആര്‍.എസ്.പി (എല്‍) ജില്ലാ കണ്‍വെന്‍ഷന്‍ ഞായറാഴ്ച വൈകീട്ട് മൂന്നിന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന അസി. സെക്രട്ടറി കോവൂര്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍.എസ്.പി (എല്‍) സംസ്ഥാന കമ്മിറ്റി അംഗം എസ്. ബലദേവ്, കെ.പി. പ്രകാശ്, മണിലാല്‍, വിമല്‍ബാബു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.