കോണ്‍ഗ്രസ് –കേരള കോണ്‍ഗ്രസ് ചര്‍ച്ച ഇന്ന്
text_fieldsകോട്ടയം: യു.ഡി.എഫ്സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്-എമ്മും തമ്മിലെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച കോട്ടയത്ത് നടക്കും. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതിനിടെയാണ് നാട്ടകം ഗെസ്റ്റ് ഹൗസില്‍ വൈകീട്ട് 4.30ന് നിര്‍ണായക ചര്‍ച്ച. ഇതിനുമുന്നോടിയായി നാലുമണിക്ക് യു.ഡി.എഫ് കോട്ടയം ജില്ലാ നേതൃയോഗം ഡി.സി.സി ഓഫിസില്‍ നടക്കും.
ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധാനംചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും കേരള കോണ്‍ഗ്രസിനെ പ്രതിനിധാനംചെയ്ത് ചെയര്‍മാന്‍ കെ.എം. മാണി, മന്ത്രി പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോയി എബ്രഹാം എം.പി എന്നിവരും പങ്കെടുക്കും.
ചര്‍ച്ചയില്‍ മലബാര്‍ മേഖലയില്‍ വിജയസാധ്യതയുള്ളതടക്കം കൂടുതല്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടും. കഴിഞ്ഞ തവണ മത്സരിച്ച പേരാമ്പ്ര, തളിപ്പറമ്പ് സീറ്റുകളിലൊന്ന് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം കുടിയേറ്റ മേഖലയിലെ യു.ഡി.എഫിന് സാധ്യതയുള്ള സീറ്റെന്ന ആവശ്യം ഇവര്‍ മുന്നോട്ടുവെക്കും. ഇരിക്കൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.ടി. ജോസിനെ പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കും. എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും സീറ്റുകളെന്ന ആവശ്യം ഇവര്‍ ഉന്നയിക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് വേണമെന്ന പാര്‍ട്ടിയുടെ ആവശ്യം കോണ്‍ഗ്രസ് പരിഗണിക്കാന്‍ സാധ്യതയില്ല. അതേസമയം, കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച പൂഞ്ഞാര്‍, കുട്ടനാട് മണ്ഡലങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. എന്നാല്‍, ഇതിനെ കേരള കോണ്‍ഗ്രസ് എതിര്‍ക്കും.
കോട്ടയം ഡി.സി.സി പ്രസിഡന്‍റിനായാണ് പൂഞ്ഞാര്‍ ആവശ്യപ്പെടുന്നത്. ഒമ്പത് സീറ്റുള്ള കോട്ടയം ജില്ലയില്‍ മൂന്ന് മണ്ഡലത്തില്‍ മാത്രമാണ് കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ചത്. ഈ സാഹചര്യത്തില്‍ പൂഞ്ഞാര്‍ ഏറ്റെടുക്കണമെന്ന വികാരംശക്തമാണ്. പിളര്‍പ്പ് വിലപേശല്‍ ശക്തി കുറച്ചെങ്കിലും കൈയിലിരിക്കുന്ന സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍നാലുമുതല്‍ ആറുസീറ്റുകള്‍ വരെ കൂടുതലായി ആവശ്യപ്പെടുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.