കോഴിക്കോട്–കൊച്ചി അതിവേഗ കപ്പല്‍ സര്‍വിസ് ഈ മാസം –മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പോകാന്‍ കഴിയുന്ന അതിവേഗ കപ്പല്‍ സര്‍വിസ് ഈമാസം അവസാനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാലര മണിക്കൂറില്‍ കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും യാത്രക്കാര്‍ക്ക് പോകാന്‍ കഴിയുന്ന ഹൈഡ്രോഫോയില്‍ ഷിപ് സര്‍വിസാണ് ആരംഭിക്കുന്നത്. കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യാത്രാസൗകര്യത്തിനൊപ്പം വിനോദവും ലക്ഷ്യമാക്കിയാണ് കപ്പല്‍ സര്‍വിസ്.
കഴിഞ്ഞദിവസം ബേപ്പൂര്‍ പോര്‍ട്ടില്‍ ആദ്യമായി കണ്ടെയ്നര്‍ കപ്പല്‍ അടുത്തിരുന്നു. റോഡിലൂടെയുള്ള ചരക്കുനീക്കം മാറ്റി, ഉള്‍നാടന്‍ ജലഗതാഗതമോ സമുദ്രഗതാഗതമോ പ്രോത്സാഹിപ്പിക്കുകയാണ് നയം. ഇതിന്‍െറ ഭാഗമായി ഒരു ടണ്‍ ചരക്ക് ഒരു കിലോമീറ്റര്‍ ജലമാര്‍ഗംവഴി കൊണ്ടുപോകുമ്പോള്‍ ഒരു രൂപ സബ്സിഡി എന്ന തോതില്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാരംഭ പ്രവൃത്തി നടത്താനായി കേന്ദ്ര അനുമതി കിട്ടുന്നതുവരെ കാത്തിരുന്നാല്‍ പദ്ധതി നീളുമെന്നും അതിനാലാണ് കൊച്ചി മെട്രോയുടെ മാതൃകയില്‍ ലൈറ്റ് മെട്രോയുടേയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങളറിഞ്ഞിട്ടും വിമര്‍ശിക്കുന്നവര്‍ അറിവില്ലായ്മ നടിക്കുകയാണ്. കൊച്ചി മെട്രോയുടെ നിര്‍മാണപ്രവൃത്തിയിലൂടെയും മറ്റു പദ്ധതികളുടെ പൂര്‍ത്തീകരണത്തിലൂടെയും നമുക്കും കാര്യങ്ങള്‍ സമയത്ത് ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.