രാഷ്ട്രീയക്കളിയും നിയമനടപടിയും; ‘വിവരാവകാശം’ താളംതെറ്റുന്നു,
text_fieldsകൊച്ചി: പൊതുജനങ്ങള്‍ക്ക് ഏറ്റവും ഫലപ്രദ ആയുധമായി മാറിയ വിവരാവകാശ നിയമം താളംതെറ്റുന്നു. ഭരണം അവസാനിപ്പിക്കുന്നതിനുമുമ്പ് സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയക്കളിയും തുടര്‍ന്നുള്ള നിയമനടപടികളുമാണ് പാരയായത്. വിവരാവകാശ കമീഷന്‍ പരിഗണിക്കേണ്ട 13000 പരാതി കെട്ടിക്കിടക്കുകയാണ്.
സിബി മാത്യൂസ് മുഖ്യ കമീഷണറും സോണി തെങ്ങമം, കെ. നടരാജന്‍, സി.എസ്. ശശികുമാര്‍, ഡോ.കുര്യാസ് കുമ്പളക്കുഴി, എ.എന്‍. ഗുണവര്‍ധനന്‍ എന്നിവര്‍ അംഗങ്ങളുമായ വിവരാവകാശ കമീഷനാണ് നിലവിലുണ്ടായിരുന്നത്. ഇതില്‍ ഡോ.കുര്യാസ് കുമ്പളക്കുഴി, എം.എന്‍. ഗുണവര്‍ധനന്‍, സോണി തെങ്ങമം എന്നിവരുടെ കാലാവധി കഴിഞ്ഞു. വി.എസ്. അച്യുതാനന്ദന്‍െറ ബന്ധുവിന്‍െറ ഭൂമികേസുമായി ബന്ധപ്പെട്ട് കെ. നടരാജന്‍ സസ്പെന്‍ഷനിലുമാണ്. ഇതോടെ, മുഖ്യ വിവരാവകാശ കമീഷണറും ആറ് അംഗങ്ങളും എന്നത് മുഖ്യ കമീഷണര്‍ സിബി മാത്യൂസും സി.എസ്. ശശികുമാറുമായി ചുരുങ്ങി.
മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിച്ച് മാസങ്ങളായിട്ടും നിയമനത്തിന് നടപടി ആരംഭിക്കാത്തതിനെ ത്തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.
ആറാഴ്ചക്കകം നിയമനനടപടി സ്വീകരിക്കാന്‍ ഹൈകോടതി ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് അന്ന് നിലവിലുണ്ടായിരുന്ന ഒഴിവുകളിലേക്ക് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. അപ്പോഴാണ് ഏപ്രിലില്‍ 23ന് മുഖ്യ വിവരാവകാശ കമീഷണറുടെ കാലാവധി കഴിയുന്നകാര്യം ശ്രദ്ധയില്‍പെട്ടത്. ഏറെതാമസിയാതെ നടരാജന്‍െറ കാലാവധിയും കഴിയും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ നിയമിക്കാന്‍ കഴിയില്ളെന്ന തിരിച്ചറിവിനെ ത്തുടര്‍ന്ന് മുഖ്യ വിവരാവകാശ കമീഷണറടക്കം ആറ് സ്ഥാനങ്ങളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുതുക്കി.
നിയമം, പൊതുകാര്യം, മാധ്യമരംഗം, മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന വൈദഗ്ധ്യമുള്ളവരെ നിയമിക്കണമെന്ന് മാത്രമാണ് വിവരാവകാശ നിയമത്തില്‍ വിശദീകരിക്കുന്നത്. വ്യക്തത ആവശ്യപ്പെട്ട് വിവരാവാകാശ പ്രവര്‍ത്തകന്‍ നമിത് ശര്‍മ സുപ്രീംകോടതിയെ സമീപിച്ചതിനത്തെുടര്‍ന്ന് വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവരില്‍നിന്ന് പൊതുവിജ്ഞാപനം വഴി അപേക്ഷ സ്വീകരിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കാബിനറ്റ് മന്ത്രി എന്നിവരുള്‍പ്പെട്ട സമിതി അഭിമുഖം നടത്തി, ഓരോ ഒഴിവിനും മൂന്നുപേര്‍ വീതമുള്ള ചുരുക്കപ്പട്ടിക തയാറാക്കി നിയമനത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു.
ഇതില്‍ പലതും പാലിക്കാതെയാണ് സര്‍ക്കാര്‍ നിയമനനീക്കം നടത്തിയത്.
ഫെബ്രുവരി 22ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സമിതി യോഗം ചേര്‍ന്നു. എന്നാല്‍, ചുരുക്കപ്പട്ടിക തയാറാക്കാതെ യോഗം ചേര്‍ന്നതില്‍ അച്യുതാനന്ദന്‍ വിയോജിപ്പ് രേഖപ്പെടുത്തി. അന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞ സമിതി തൊട്ടടുത്ത ദിവസം യോഗം ചേര്‍ന്ന് വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമീഷണറായും അങ്കത്തതില്‍ ജയകുമാര്‍, എബി കുര്യാക്കോസ്, പി.ആര്‍. ദേവദാസ്, അബ്ദുല്‍ മജീദ്, റോയ്സ് ചാക്കോ എന്നിവരെ അംഗങ്ങളുമായി നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശസമര്‍പ്പിച്ചു. ഭരണമുന്നണിക്കിടയിലെ രാഷ്ട്രീയ വീതംവെപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്.
മാനദണ്ഡങ്ങള്‍ പാലിച്ചില്ളെന്ന് വി.എസ്. അച്യുതാനന്ദന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന് മാത്രമല്ല, ശിപാര്‍ശ അംഗീകരിക്കരുതെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നിയമനതീരുമാനം കോടതികയറിയത്. രണ്ടാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാനാണ് ഉത്തരവ്. ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് യഥാസമയം നിയമനം നടത്താരിക്കുകയും ഭാവിയിലുണ്ടാകുന്ന ഒഴിവിലേക്ക് രാഷ്ട്രീയലക്ഷ്യത്തോടെ നിയമനത്തിന് നീക്കം നടത്തുകയും ചെയ്തതാണ് കാര്യങ്ങളാകെ താളംതെറ്റിച്ചത്. വിവരാവകാശ നിയമം അനുസരിച്ച് കിട്ടുന്ന അപേക്ഷകള്‍ക്ക് യഥാസമയം മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ മടിച്ചാല്‍ നീതി നേടാനുള്ള സംവിധാനമാണ് ഇതോടെ താളംതെറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.