മെത്രാൻ കായൽ നികത്തൽ: അനുമതിക്ക് പിന്നിൽ അഴിമതിയെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മധ്യേ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട കോടികളുടെ അഴിമതിയും കൊള്ളയും ക്രമക്കേടും നിറഞ്ഞ നിയമവിരുദ്ധ തീരുമാനങ്ങള്‍ ഒരു കാരണവശാലും നടപ്പാക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയുടെ അവസാനത്തെ മൂന്ന് യോഗങ്ങളിലായി എടുത്ത 822 തീരുമാനങ്ങളില്‍ നല്ലൊരു പങ്കും ക്രമവിരുദ്ധവും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞവയാണ്. 54,000 അനധികൃത നിയമനങ്ങള്‍ സാധൂകരിച്ച് സ്ഥിരപ്പെടുത്താനും 13,032 പേരെ നിയമിക്കാനുമുള്ള തീരുമാനങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. മന്ത്രിസഭ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്നതിനാല്‍ ഉത്തരവിറക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകരുത്. മുന്‍ തീയതിവച്ച് ഉത്തരവിറക്കാനുള്ള സമ്മര്‍ദത്തിന് വഴിപ്പെടരുതെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി കുട്ടനാട്ടിലും എറണാകുളത്തുമുള്ള 425 ഏക്കര്‍ വയല്‍ നികത്താന്‍ റവന്യൂമന്ത്രി അനുമതി നല്‍കി ഇറക്കിയ ഉത്തരവ് സദുദ്ദേശപരമല്ല. അപ്പര്‍കുട്ടനാട്ടിലെ മെത്രാന്‍കായലില്‍ 378 ഏക്കറും എറണാകുളത്ത് കടമക്കുടിയില്‍ 47 ഏക്കറും നികത്താന്‍ ധൃതിപിടിച്ച് റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് ഒരു ന്യായീകരണവുമില്ല. തെരഞ്ഞെടുപ്പിന് തലേന്നാള്‍ ഇക്കോ ടൂറിസത്തോടും മെഡിക്കല്‍ ടൂറിസത്തോടും പ്രേമമുദിക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ട്. അതിനാല്‍ ഈ ഉത്തരവുകള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യ വിവരാവകാശ കമീഷണറുടെയും അംഗങ്ങളുടെയും നിയമനത്തിനുള്ള ഫയല്‍ തിരിച്ചയച്ച ഗവര്‍ണര്‍ പി. സദാശിവത്തിന്‍റെ നടപടി മാന്യതയുള്ളതാണ്. നിലവിലെ പി.എസ്.സി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് ഒരു ന്യായീകരണവുമില്ല. വര്‍ധിപ്പിച്ച അംഗസംഖ്യയുടെ വിജ്ഞാപനം പുറത്തുവരാത്തതിനാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പി.എസ്.സി അംഗത്തിന്‍റെ നിയമനത്തിനും ഗവര്‍ണര്‍ അംഗീകാരം നല്‍കരുതെന്നും കോടിയേരി പറഞ്ഞു.
നാട് കടുത്ത വേനല്‍ച്ചൂടിലും കുടിവെള്ള ക്ഷാമത്തിലും അമര്‍ന്നു. റോഡ് ഗതാഗതം താറുമാറായി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുത്ത് പണം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനുള്ള ജാഗ്രതയായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സര്‍ക്കാര്‍ കാട്ടേണ്ടിയിരുന്നത്. അത് ചെയ്യാതെ സ്വജനപക്ഷപാതവും കൊള്ളയും അഴിമതിയും നടത്താന്‍ അധികാരം ഉപയോഗിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോടിയേരി പ്രസ്താവനയില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.