മെത്രാന്മാര്‍ നൂറുമേനി വിളയിച്ച കായല്‍നിലം മാഫിയ സ്വന്തമാക്കിയത് മോഹവിലയ്ക്ക്
text_fieldsകോട്ടയം: മെത്രാന്മാരുടെ മേല്‍നോട്ടത്തില്‍ കൃഷിയിറക്കിയതിനത്തെുടര്‍ന്ന് മെത്രാന്‍ കായല്‍ എന്നറിയപ്പെടുന്ന പാടശേഖരം റിയല്‍ എസ്റ്റേറ്റ് കമ്പനി സ്വന്തമാക്കിയത് മോഹവില നല്‍കി. 404 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ 378 എക്കര്‍ സ്ഥലം 15 മുതല്‍ 30 ലക്ഷം രൂപവരെ നല്‍കിയാണ് വിവിധ പേരുകളില്‍ കമ്പനി വാങ്ങിക്കൂട്ടിയത്. ഏക്കറിന് 34,000ത്തോളം രൂപമാത്രം വില ഉണ്ടായിരുന്ന സമയത്താണ് റിയല്‍ എസ്റ്റേറ്റ് മാഫിയ വന്‍വില വാഗ്ദാനം ചെയ്തത്. ഇതോടെ 150ഓളം കര്‍ഷകര്‍ ഇവര്‍ക്ക് ഭൂമി വിട്ടുനല്‍കുകയായിരുന്നു. പദ്ധതിക്കൊപ്പം നാട്ടുകാരെ നിര്‍ത്താന്‍കൂടി ലക്ഷ്യമിട്ടാണ് ഈ ഭാഗങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത വില നല്‍കിയത്. എന്നാല്‍, 25 ഏക്കറോളം വയല്‍ ഇപ്പോഴും മാഫിയക്ക് കിട്ടാക്കനിയാണ്. 165തരം പക്ഷികളുടെയും 58 ഇനം മത്സ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയായ ഈ പ്രദേശം നികത്താന്‍ അനുമതി നല്‍കി റവന്യൂ വകുപ്പിന്‍െറ ഉത്തരവ് പുറത്തുവന്നതോടെ ഇടവേളക്കുശേഷം ഈ കായല്‍നിലം വീണ്ടും പ്രതിഷേധ ഭൂമിയാകുകയാണ്.
ഉത്തരവ് അടിയന്തരമായി പിന്‍വലിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി സി.പി.എമ്മും കെ.എസ്.കെ.ടി.യുവും രംഗത്തത്തെി. മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സുരേഷ് കുറുപ്പ് എം.എല്‍.എയും ആവശ്യപ്പെട്ടു. മെത്രാന്‍ കായല്‍ നികത്താന്‍ അനുവദിക്കില്ളെന്ന് കുട്ടനാട് വികസനസമിതിയും വ്യക്തമാക്കി.
19ാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിലുണ്ടായ ഭക്ഷ്യക്ഷാമത്തെ തുടര്‍ന്നാണ് കുമരകം അട്ടിപീടിക ഭാഗത്തെ കായല്‍ വളച്ചുകെട്ടി കൃഷിനിലമാക്കി രൂപപ്പെടുത്തിയത്. ഇങ്ങനെ ഒരുക്കിയെടുത്ത പാടശേഖരം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്വത്തായി മാറി. വൈദിക സെമിനാരിയിലെ ആവശ്യങ്ങള്‍ക്കാണ് ഇവിടുത്തെ നെല്ല് ഉപയോഗിച്ചിരുന്നത്. ബ്രണ്ടന്‍കായല്‍, ഉരിയരി കായല്‍, ചോറ്റുകായല്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് പിന്നീടിത് വിപുലമാക്കി. ഭൂപരിഷ്കരണനിയമം നടപ്പായതോടെ സഭ പാട്ടക്കുടിയാന്മാര്‍ക്ക് നിലം വീതിച്ചുനല്‍കി. കുമരകത്തെ പ്രമുഖ കര്‍ഷക കുടുംബങ്ങളിലേക്കാണ് ഈ നിലം എത്തിയത്. ഇതില്‍ അടിവാക്കല്‍ കുട്ടന്‍ എന്നൊരാള്‍ തനിക്ക് കിട്ടിയ നിലം സഭക്ക് തിരികെ നല്‍കി. ചെറിയ സ്ഥലത്ത് കൃഷി പ്രായോഗികമല്ലാത്തതിനാല്‍ സഭ ഈ നിലവും വില്‍ക്കുകയായിരുന്നു.
കാലക്രമേണ ധാരാളം ചെറുകിട കര്‍ഷകര്‍ ഇതിന്‍െറ ഭൂവുടമകളായി. ഇവരില്‍നിന്നാണ് 2007ല്‍ യു.എ.ഇ സ്ഥാനമായ ‘റകീന്‍’ കമ്പനിയുടെ ഭാഗമായ ‘റാക്കിന്‍േറാ ഡെവലപ്പേഴ്സ്’ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ഇത് സ്വന്തമാക്കിയത്. വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത കമ്പനി അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാറിനു മുന്നില്‍ പദ്ധതി അവതരിപ്പിച്ചു. ആദ്യം പദ്ധതിയോട് അനുകൂലമായി പ്രതികരിച്ച സര്‍ക്കാര്‍ പ്രതിഷേധം ശക്തപ്പെട്ടതോടെ അനുമതി നിഷേധിച്ചു.
ഇതിനിടെ സ്ഥലം വിട്ടുനല്‍കാത്തവര്‍ കൃഷിയിറക്കാന്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശമനുസരിച്ച് ജില്ലാ കലക്ടര്‍ പരാതിക്കാരായ കര്‍ഷകരെയും കമ്പനി പ്രതിനിധികളെയും ചേര്‍ത്ത് ചര്‍ച്ച നടത്തിയെങ്കിലും കൃഷി ചെയ്യാന്‍ താല്‍പര്യമില്ളെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. തുടര്‍ന്ന് കൃഷിക്കാവശ്യമായ സഹായം നല്‍കാനാകുമോയെന്ന് പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ കുമരകം പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു ഹൈകോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് ഫാം ടൂറിസമെന്ന തരത്തില്‍ പുതിയ പദ്ധതി സമര്‍പ്പിച്ച് കമ്പനി അനുകൂല ഉത്തരവ് നേടിയെടുത്തത്.
കേരളത്തിന്‍െറ ഭക്ഷ്യശേഖരത്തിലേക്ക് ടണ്‍ കണക്കിന് നെല്ല് നല്‍കിയിരുന്ന നിലം നികത്താന്‍, തരിശിടുക, എന്നിട്ട് തരിശെന്ന പേരില്‍ അനുമതി തേടുകയെന്ന തന്ത്രമാണ് കമ്പനി പ്രയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.