സംവിധായകൻ സജി പരവൂർ അന്തരിച്ചു
text_fieldsതിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സജി പരവൂർ (48) അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. പുലർച്ചെ ഒന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രാവിലെ 10 മണിക്ക് പരവൂർ ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വെക്കും. തുടർന്ന് 4.30ന് കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ സംസ്കാരം നടക്കും.
2010ൽ സുരേഷ് ഗോപിയും മോഹൻ ലാലും മുഖ്യവേഷത്തിലെത്തിയ 'ജനകൻ' എന്ന സിനിമയുടെ സംവിധായകനാണ്. ലെനിൻ രാജേന്ദ്രൻ അടക്കം നിരവധി പ്രമുഖരുടെ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നു. എൻ.ആർ. സഞ്ജീവ് എന്നാണ് യഥാർഥ പേര്. എന്നാൽ, സിനിമക്കാർക്കിടയിൽ സജി പരവൂർ എന്നാണ് അറിയപ്പെടുന്നത്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സ്‌കൂള്‍ ബസ്’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മകന്‍റെ പിറന്നാള്‍ ആഘോഷത്തിനായി വീട്ടിലെത്തിയ സജിയെ പക്ഷാഘാതത്തെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊല്ലം രാമൻകുളങ്ങര 'അഥീന'യിലായിരുന്നു താമസം. ശ്രീദേവിയാണ് ഭാര്യ. മകൻ: അനന്തൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.