മെഗാപദ്ധതികള്‍ക്ക് വയല്‍നികത്താന്‍ ഓര്‍ഡിനന്‍സിന് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്വകാര്യമേഖലയില്‍ മെഗാ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് ഓര്‍ഡിനന്‍സിന് രൂപംനല്‍കാന്‍ മന്തിസഭായോഗത്തില്‍ കുറിപ്പ് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് രേഖകള്‍. ഇതിന് പരിസ്ഥിതിവകുപ്പിന്‍െറ വിയോജനക്കുറിപ്പ് തിരിച്ചടിയായതോടെയാണ് റവന്യൂ വകുപ്പില്‍ മെത്രാന്‍കായല്‍ നികത്താന്‍ പുതിയനീക്കം ആരംഭിച്ചത്. 2015 സെപ്റ്റംബര്‍ ഒമ്പതിലെ മന്ത്രിസഭയോഗം ഫയല്‍ പരിഗണിച്ചിരുന്നു.
നെല്‍വയലുകളുടെ കാര്യത്തില്‍ നിയമ/ചട്ട രൂപവത്കരണത്തിന് അധികാരമുണ്ടെങ്കിലും തണ്ണീര്‍ത്തടങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തിന് അധികാരമില്ളെന്നായിരുന്നു പരിസ്ഥിതിവകുപ്പിന്‍െറ മറുപടി. തണ്ണീര്‍ത്തടങ്ങളെ സംബന്ധിച്ച നിയമ/ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിച്ചിട്ടുണ്ട്. കേന്ദ്ര നിയമത്തിന്‍െറ ചുവടുപിടിച്ച് സംസ്ഥാനം തണ്ണീര്‍ത്തട അതോറിറ്റി രൂപവത്കരിക്കാന്‍ തയാറെടുക്കുന്നതിനാല്‍ ചട്ടഭേദഗതി നടത്തേണ്ടതില്ളെന്ന പരിസ്ഥിതി വകുപ്പിന്‍െറ നിലപാടാണ് സര്‍ക്കാര്‍ നീക്കത്തിന് തടസ്സമായത്. മെത്രാന്‍ കായല്‍ തണ്ണീര്‍ത്തടമാണ്. ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ.വി.എസ്. വിജയന്‍ മെത്രാന്‍ കായലിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കായല്‍ നികത്തുന്നത് കുട്ടനാടിന്‍െറ ജൈവഘടനക്ക് ആഘാതമുണ്ടാക്കുമെന്നും നെല്‍കൃഷി തുടരണമെന്നും ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് ഡോ. വിജയന്‍ മാധ്യമത്തോട് പറഞ്ഞു. ഈ പഠനറിപ്പോര്‍ട്ട് അവഗണിച്ചാണ് ഓഡിനന്‍സിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നീക്കംനടത്തിയത്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിലെ ചില വകുപ്പുകള്‍ പരിഷ്കരിക്കണമെന്നായിരുന്നു റവന്യൂവകുപ്പ് ഓര്‍ഡിനന്‍സ് കരടില്‍ നിര്‍ദേശിച്ചത്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ ചില വകുപ്പുകള്‍ വന്‍കിട പദ്ധതികള്‍ തുടങ്ങുന്നതിന് തടസ്സമാണ്. നിലവിലെ വകുപ്പുകളെ മാറ്റി യുക്തമായ തീരുമാനമെടുക്കാന്‍ ജില്ലാ ഏകജാലക കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും അധികാരം നല്‍കണം. ഇതിനായി നിലവിലെ 10ാം വകുപ്പിന് പകരം പുതിയ വകുപ്പ് ഉള്‍പ്പെടുത്തണമെന്നും കുറിപ്പില്‍ നിര്‍ദേശിച്ചിരുന്നു.
നിയമഭേദഗതിക്കുള്ള നീക്കം വാര്‍ത്തയായപ്പോള്‍ ഇത് മാധ്യമസൃഷ്ടിയാണെന്നും മന്ത്രിസഭയിലോ പാര്‍ട്ടിയിലോ യു.ഡി.എഫിലോ ചര്‍ച്ച ചെയ്തിട്ടില്ളെന്നുമായിരുന്നു മന്ത്രി അടൂര്‍ പ്രകാശ് അന്ന് പ്രതികരിച്ചത്. അതേസമയം അട്ടിമറിയെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി ഉപസമിതിയെ നിയോഗിച്ചാണ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സര്‍ക്കാര്‍ നീക്കത്തിന് തടയിട്ടത്. ചട്ടഭേദഗതിയെ സംബന്ധിച്ച് ഉയര്‍ന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുധീരന്‍െറ നിര്‍ദേശം. കെ.പി.സി.സി റിപ്പോര്‍ട്ട് നെല്‍വയല്‍ തണ്ണീര്‍ത്തട നികത്തല്‍ നീക്കത്തിന് എതിരായിരുന്നു. അതും മറികടന്നാണ് ഇപ്പോഴത്തെ അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.