മെത്രാന്‍ കായല്‍ നികത്തല്‍ ഉത്തരവ് കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് അട്ടിമറിച്ച്
text_fieldsകോട്ടയം: കുമരകത്തെ മെത്രാന്‍ കായല്‍ പാടശേഖരം കൃഷിഭൂമിയാണെന്നും നികത്താന്‍ അനുവദിക്കരുതെന്നും രണ്ടുതവണ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. രണ്ട് ജില്ലാ കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് അവഗണിച്ചും അട്ടിമറിച്ചുമാണ് സര്‍ക്കാര്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയതെന്ന വിവരവും പുറത്തുവന്നു. കൃഷി-പരിസ്ഥിതി വകുപ്പും പാടശേഖരം നികത്തുന്നതിനെതിരെ റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം, പാടശേഖരം കൃഷിഭൂമിയല്ളെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് റവന്യൂ വകുപ്പ് ഇറക്കിയ പുതിയ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണെന്നും വ്യക്തമായി. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറച്ച് ഭൂമി കൈവശപ്പെടുത്തിയ യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയെ സഹായിക്കാന്‍ ഉന്നതതല നീക്കം നടന്നുവെന്ന ആരോപണമുണ്ട്. മെത്രാന്‍കായല്‍ നികത്താന്‍ പാടില്ളെന്ന് 2010ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി അന്ന് കോട്ടയം ജില്ലാ കലക്ടറായിരുന്ന മിനി ആന്‍റണിയും അടുത്തിടെ ഇതുസംബന്ധിച്ച് വീണ്ടും റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് ഇപ്പോഴത്തെകലക്ടര്‍ യു.വി. ജോസും ‘മാധ്യമ’ത്തോട് പറഞ്ഞു.
മെത്രാന്‍ കായല്‍ കൃഷിഭൂമിയാണോയെന്നായിരുന്നു 2010ല്‍ റവന്യൂ വകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് തേടിയത്. കൃഷി ഇറക്കുന്നില്ളെങ്കിലും പാടശേഖരം കൃഷിഭൂമിയാണെന്ന് ഡാറ്റാ ബാങ്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതനുസരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും ഇപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായ മിനി ആന്‍റണി വ്യക്തമാക്കി. കൃഷിഭൂമിയാണെന്നത് സംബന്ധിച്ച് കോട്ടയം ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറുടെ പക്കല്‍ എല്ലാ രേഖകളും ഉണ്ടെന്നും തന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഭൂമി നികത്തുന്നതിന് അനുമതി നല്‍കാനുള്ള നീക്കത്തില്‍നിന്ന് അന്ന് റവന്യൂ വകുപ്പ് പിന്മാറിയിരുന്നുവെന്നും അവര്‍ പറഞ്ഞു.
കായല്‍ കൃഷിഭൂമിയാണെന്ന് ഡാറ്റാ ബാങ്കില്‍ രേഖപ്പെടുത്തിയിട്ടും വീണ്ടും നികത്താന്‍ സര്‍ക്കാര്‍ അനുമതി തേടിയതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പുതിയ ആരോപണം. മുന്‍ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ അടുത്തിടെ റവന്യൂ വകുപ്പില്‍നിന്ന് വീണ്ടും ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തേടിയതിന് പിന്നില്‍ വന്‍ അഴിമതി നടന്നതായാണ് സൂചന.
എന്നാല്‍, കായല്‍ കൃഷിഭൂമിയാണെന്നും നികത്താന്‍ പാടില്ളെന്നുമായിരുന്നു തന്‍െറ പുതിയ റിപ്പോര്‍ട്ടെന്ന് ഇപ്പോഴത്തെ കോട്ടയം കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൃഷി നിലച്ചിട്ട് നാലുവര്‍ഷമായെങ്കിലും ഇവിടെ കൃഷി പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നുവെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിന് ജില്ലാ ഭരണകൂടവും അനുമതി നല്‍കിയിരുന്നു. വേമ്പനാട്ട് കായലിന്‍െറ ഭാഗമായ മെത്രാന്‍കായല്‍ യു.എ.ഇ കമ്പനി വാങ്ങിയത് കായല്‍ ടൂറിസം ലക്ഷ്യമിട്ടായിരുന്നു. ഇതിനായി ഭൂവുടമകളുടെ പങ്കാളിത്തവും കമ്പനി ഉറപ്പുവരുത്തിയിരുന്നു.
ഭൂമിയുടെ ക്രയവിക്രയമടക്കം നടന്നിട്ടും സര്‍ക്കാര്‍ മൗനം പാലിച്ചതും വിവാദമായിട്ടുണ്ട്. ഭൂമിയുടെ രജിസ്ട്രേഷന്‍ അടക്കമുള്ള നടപടികളും അതീവ രഹസ്യമായിട്ടാണ് നടത്തിയത്. ഇതിനായി നിലവിലെ നിയമങ്ങളും അട്ടിമറിച്ചു. ഈ ഇടപാടുകള്‍ക്ക് പിന്നിലും വന്‍ അഴിമതിയാണ് അരങ്ങേറിയതത്രെ. കായല്‍ മണ്ണിട്ട് നികത്തുന്നത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന പരിസ്ഥിതി വകുപ്പിന്‍െറ റിപ്പോര്‍ട്ടും ഉന്നതതലത്തില്‍ അട്ടിമറിക്കപ്പെട്ടു. മെത്രാന്‍ കായല്‍ ഉള്‍പ്പെടുന്ന 378 ഏക്കര്‍ ഭൂമി നികത്താനുള്ള നീക്കത്തിനുപിന്നില്‍ ചില സഭാ നേതാക്കളുടെ ഇടപെടല്‍ നടന്നെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. കുട്ടനാട് വികസന സമിതിയും സി.പി.എമ്മും സി.പി.ഐയും ഇതിനകം തന്നെ വിഷയം ഏറ്റെടുത്ത് കൊടിനാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.