പഠന വൈകല്യ ആനുകൂല്യം ലഭിക്കാന്‍ നാലാം ക്ളാസിനുമുമ്പേ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം –ഡി.പി.ഐ
text_fieldsതിരുവനന്തപുരം: പഠനവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അത് തെളിയിക്കാനാവശ്യമായ സര്‍ട്ടിഫിക്കറ്റ് നാലാം ക്ളാസിനുമുമ്പേ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഒരു സ്കൂളില്‍നിന്ന് മാത്രം 30 വരെ വിദ്യാര്‍ഥികള്‍ക്ക് പഠനവൈകല്യമുള്ളതായി ഹെഡ്മാസ്റ്റര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത്തരം സ്കൂളുകളില്‍ പ്രത്യേക പരിശോധന നടത്തിയ ശേഷമാണ് ആനുകൂല്യങ്ങള്‍ അനുവദിച്ചത്. അതുകൊണ്ടാണ് പഠനവൈകല്യ ആനുകൂല്യം അനുവദിച്ച വിദ്യാര്‍ഥികളുടെ പട്ടിക വൈകിയത്. ഡിസംബറിനകം പട്ടിക സമര്‍പ്പിക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മാര്‍ച്ചില്‍ വരെ പട്ടിക സമര്‍പ്പിച്ചവരുണ്ട്.
ഫെബ്രുവരി വരെ സമര്‍പ്പിച്ചവരുടെ പേരുകളാണ് പരിഗണിച്ചത്. ഇത്തവണ 17000 കുട്ടികള്‍ക്ക് പഠന വൈകല്യമുള്ളതായും അവര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നുമാണ് സ്കൂളുകള്‍ വഴി അപേക്ഷ ലഭിച്ചത്. 15000 വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം അനുവദിച്ചത്. പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓട്ടിസം ബാധിച്ച വിദ്യാര്‍ഥികള്‍ക്ക് അവരെ പഠിപ്പിക്കുന്ന റിസോഴ്സ് അധ്യാപകരത്തെന്നെ വ്യാഖ്യാതാവായി അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ റിസോഴ്സ് അധ്യാപകരെ സ്കൂള്‍ മാറ്റി നിയമിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം സ്ക്രൈബിനെ ഉപയോഗിച്ച് പരീക്ഷയെഴുതിയ ഒട്ടേറെ പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചത് സംശയാസ്പദമാണെന്നും ഈ സാഹചര്യത്തില്‍ കൂടിയാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതെന്നും ഡി.പി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.