ജനാധിപത്യ കേരള കോണ്‍ഗ്രസ് പിറന്നു; ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാന്‍
text_fieldsകൊച്ചി: മാണി ഗ്രൂപ് വിട്ട ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തിലെ വിഭാഗം ‘ജനാധിപത്യ കേരള കോണ്‍ഗ്രസ്’ രൂപവത്കരിച്ചു. ഫ്രാന്‍സിസ് ജോര്‍ജാണ് ചെയര്‍മാന്‍. 326 സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ പങ്കെടുത്തു. സുശക്തമായ കേന്ദ്രത്തിനൊപ്പം സംതൃപ്തവും സമാധാനപരവുമായ സമൃദ്ധ കേരളം കെട്ടിപ്പടുക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കുമെന്നും ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരം 27, കൊല്ലം 18, പത്തനംതിട്ട 30, ആലപ്പുഴ 31, കോട്ടയം 46, ഇടുക്കി 16, എറണാകുളം 64, തൃശൂര്‍ 22, പാലക്കാട് 26, കോഴിക്കോട് എട്ട്, വയനാട് ആറ്, കണ്ണൂര്‍ 21, മലപ്പുറം അഞ്ച്, കാസര്‍കോട് ആറ് എന്നിങ്ങനെയാണ് സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ പങ്കെടുത്തത്. യൂത്ത്ഫ്രണ്ട്, കെ.എസ്.സി, വനിത കോണ്‍ഗ്രസ്, കര്‍ഷക യൂനിയന്‍, കെ.ടി.യു.സി എന്നീ പോഷക സംഘടനകളില്‍ നിന്ന് രാജിവെച്ച സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.
മുന്‍ എം.എല്‍.എ ഡോ. കെ.സി. ജോസഫിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ആന്‍റണി രാജു അവതരിപ്പിച്ച കരട് ഭരണഘടന, ഭേദഗതികളോടെ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി ചെയര്‍മാനായി ഫ്രാന്‍സിസ് ജോര്‍ജിനെ തെരഞ്ഞെടുത്തു. മെംബര്‍ഷിപ് അടിസ്ഥാനത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ ഒക്ടോബര്‍ ഒമ്പതിന് മുമ്പ് പൂര്‍ത്തിയാക്കി വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലം വരെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ വിവിധതലങ്ങളില്‍ അഡ്ഹോക് കമ്മിറ്റികള്‍ക്ക് രൂപം നല്‍കാന്‍ ചെയര്‍മാനെ ചുമതലപ്പെടുത്തി. മാര്‍ച്ച് 16ന് മൂന്നിന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും.
1964 ല്‍ രൂപം കൊണ്ട കേരള കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. നാല് പതിറ്റാണ്ട് കൈപ്പിടിയിലൊതുക്കിയ പാര്‍ട്ടിയെ മാണി കുടുംബ സ്വത്താക്കി മകന് തീറെഴുതാനുള്ള നീക്കങ്ങളാണ് പുതിയ പാര്‍ട്ടിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.മുന്‍ എം.എല്‍.എമാരായ പി.സി. ജോസഫ്, മാത്യൂ സ്റ്റീഫന്‍, മുന്‍ എം.പി വക്കച്ചന്‍ മറ്റത്തില്‍, കെ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ബേബി പതിപ്പിള്ളി, യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്‍റ് എ.കെ.ജോസഫ്, പാര്‍ട്ടി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് എം.പി പോളി, മാത്യു കുന്നപ്പള്ളി തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.