പ്രവാചകനെ അവഹേളിച്ച് പംക്തി; ഖേദം പ്രകടിപ്പിച്ച് പത്രാധിപര്‍
text_fieldsകോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് പത്രപംക്തിയില്‍ വന്ന പരാമര്‍ശങ്ങള്‍ വിവാദമായതിനത്തെുടര്‍ന്ന് പത്രാധിപര്‍ ഖേദം പ്രകടിപ്പിച്ചു. ‘മാതൃഭൂമി’ പത്രത്തിലെ ‘നഗരം’ പ്രത്യേക പതിപ്പിലെ ‘ആപ്സ് ടോക്’ പംക്തിയിലാണ് പ്രവാചകനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വന്നത്. കടുത്ത പ്രതിഷേധവും ഓഫിസുകള്‍ക്കു മുന്നില്‍ പ്രകടനവും അരങ്ങേറിയതോടെ പത്രാധിപര്‍ ഖേദം പ്രകടിപ്പിച്ചു.
മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് വിവേചനമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി. കെമാല്‍ പാഷ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ പ്രഭാഷണത്തിന്‍െറ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകളാണ് പംക്തിയില്‍ അവതരിപ്പിച്ചത്. പ്രവാചകനെ കണക്കറ്റ് പരിഹസിക്കുന്ന കുറിപ്പില്‍ ഇസ്ലാമിക ജീവിതവ്യവസ്ഥയെയും അധിക്ഷേപിക്കുന്നു. തീവ്രവാദ സംഘടനയായ ഐ.എസുമായി ഇസ്ലാമിനെ ബന്ധിപ്പിക്കാനും ശ്രമിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളുടെ വിവരമൊന്നും പത്രത്തിലെ കുറിപ്പിലുണ്ടായിരുന്നില്ല. വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പത്രത്തിന്‍െറ ഓഫിസുകളിലേക്ക് പ്രതിഷേധവിളികള്‍ വന്നു. കോഴിക്കോട്, കാസര്‍കോട് ഓഫിസുകളിലേക്ക് പ്രകടനവും നടന്നു. ഇതോടെ, പത്രത്തിന്‍െറ ഇ-പേപ്പറില്‍നിന്ന് വിവാദ പേജ് പിന്‍വലിച്ചു. വൈകീട്ടോടെ ഓണ്‍ലൈന്‍ എഡിഷനില്‍ പത്രാധിപരുടെ ഖേദപ്രകടനവും വന്നു.
ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താനും പ്രവാചകനെ നിന്ദിക്കാനും ശ്രമിക്കുന്ന നീക്കത്തെ നേരിടുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ പറഞ്ഞു. വരികള്‍ക്കിടയില്‍ പ്രവാചകനിന്ദ നടത്തുകയും പത്രമുതലാളിമാര്‍ മതേതര വാദികളായി ചമയുകയും ചെയ്യുന്നത് കാപട്യമാണെന്നും അവര്‍ പറഞ്ഞു. പ്രവാചകനെ മോശമായി ചിത്രീകരിച്ചുവന്ന പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് എം. എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അശ്റഫലിയും ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ പത്രമോഫിസിലേക്ക് മാര്‍ച്ചും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.