യു.ഡി.എഫ് സീറ്റ് വിഭജനം: തീരുമാനമായില്ല, 14ന് വീണ്ടും ചര്‍ച്ച
text_fieldsതിരുവനന്തപുരം: സീറ്റ്വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ രണ്ടാംഘട്ട ഉഭയകക്ഷിചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. മുസ്ലിം ലീഗ്, ആര്‍.എസ്.പി ഒഴികെയുള്ള കക്ഷികളുമായി കോണ്‍ഗ്രസ് നേതൃത്വം വെവ്വേറെ നടത്തിയ ചര്‍ച്ചയാണ് ഫലംകാണാതെ പിരിഞ്ഞത്. 14ന് വീണ്ടും ചര്‍ച്ചചെയ്യാമെന്നാണ് എല്ലാവരെയും അറിയിച്ചിരിക്കുന്നത്. ആര്‍.എസ്.പി നേതൃത്വവുമായുള്ള ചര്‍ച്ച വെള്ളിയാഴ്ച നടക്കും.
കേരള കോണ്‍ഗ്രസ്-മാണി, ജേക്കബ് ഗ്രൂപ്പുകള്‍, ജെ.ഡി.യു, സി.എം.പി കക്ഷികളുമായാണ് വ്യാഴാഴ്ച ചര്‍ച്ച നടത്തിയത്. സീറ്റുകളുടെ കാര്യത്തില്‍ കര്‍ശനനിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. സി.എം.പി നേതൃത്വം മൂന്ന് സീറ്റാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടെണ്ണത്തില്‍ ഒതുങ്ങാന്‍ തയാറായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞതവണ സി.പി. ജോണ്‍ മത്സരിച്ച് പരാജയപ്പെട്ട കുന്നംകുളം സീറ്റ് ഇത്തവണയും അനുവദിക്കാമെന്ന ഉറപ്പ്മാത്രമാണ് കോണ്‍ഗ്രസ് നല്‍കിയത്. ഒരുസീറ്റ് മലബാര്‍മേഖലയില്‍ വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നെങ്കിലും 14ന് വീണ്ടും ചര്‍ച്ചയാകാമെന്ന് മാത്രമാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ബേപ്പൂര്‍ അല്ളെങ്കില്‍ എലത്തൂര്‍ ആണ് സി.എം.പി ഉന്നമിടുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച പിറവം, അങ്കമാലി ഉള്‍പ്പെടെ നാലുസീറ്റാണ് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍, മന്ത്രി അനൂപ് ജേക്കബിന്‍െറ സിറ്റിങ് സീറ്റായ പിറവം അനുവദിക്കാമെന്ന ഉറപ്പുമാത്രമാണ് വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ നല്‍കിയത്. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ജോണി നെല്ലൂര്‍ കഴിഞ്ഞതവണ മത്സരിച്ച് തോറ്റ അങ്കമാലി സീറ്റ് കിട്ടണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അവിടെ വിജയിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. ചര്‍ച്ചയില്‍ തൃപ്തിയില്ളെന്ന് ജോണി നെല്ലൂര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.
ആദ്യഘട്ടചര്‍ച്ചയില്‍ 18 സീറ്റിന് അവകാശവാദം ഉന്നയിച്ച മാണിഗ്രൂപ് നിലപാടില്‍ ഉറച്ചുനിന്നു. ചില ഘടകകക്ഷികള്‍ മുന്നണി വിട്ടുപോയതോടെ ഒഴിവുവന്ന ഒമ്പതുസീറ്റുകളില്‍ അര്‍ഹമായ വിഹിതം വേണമെന്ന ആവശ്യം ചര്‍ച്ചയില്‍ അവര്‍ ഉന്നയിച്ചു. പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ വിട്ടുനല്‍കാന്‍ ഒരുക്കമല്ളെന്നും അവര്‍ വ്യക്തമാക്കി. പാലക്കാട് മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളിലായി തങ്ങള്‍ക്ക് കഴിഞ്ഞതവണ അനുവദിച്ച മൂന്നുസീറ്റുകളില്‍ മാറ്റംവരുത്തി ജയിക്കാവുന്ന ഒരെണ്ണം വിട്ടുനല്‍കിയാല്‍ വിട്ടുവീഴ്ചക്ക് ഒരുക്കമാണെന്നും അവര്‍ അറിയിച്ചു.
ഒന്നാംഘട്ടത്തില്‍ 10 സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്ന ജെ.ഡി.യു ഉഭയകക്ഷിചര്‍ച്ചയില്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ പാര്‍ട്ടിക്ക് അനുവദിച്ച ഏഴുസീറ്റുകള്‍ മാത്രമേ ഇത്തവണയും നല്‍കാന്‍ സാധിക്കൂവെന്ന് കോണ്‍ഗ്രസ് നേതൃത്വം ജെ.ഡി.യുവിനെ അറിയിച്ചു. അങ്ങനെയെങ്കില്‍ കഴിഞ്ഞതവണ പാര്‍ട്ടിക്ക് അനുവദിച്ച വടകര, കൂത്തുപറമ്പ്, കല്‍പറ്റ എന്നിവ ഒഴികെയുള്ള നാല് സീറ്റുകളില്‍ മാറ്റംവരുത്തണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടു. ആവശ്യം പരിശോധിച്ച് 14ന് അറിയിക്കാമെന്ന് കോണ്‍ഗ്രസും അറിയിച്ചു.
മുസ്ലിം ലീഗ് നേതൃത്വം കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതിനാല്‍ വ്യാഴാഴ്ച അവരുമായി ഉഭയകക്ഷിചര്‍ച്ച ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.