ഇതരസംസ്ഥാനക്കാരായ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം –ബാലാവകാശ കമീഷന്‍
text_fieldsകൊച്ചി: കേരളത്തില്‍ വന്ന് പണിയെടുക്കുന്ന ഇതരസംസ്ഥാനക്കാരുടെ കുട്ടികളുടെ അവകാശസംരക്ഷണത്തിന് പൊതുസമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍. പെരുമ്പാവൂരില്‍ ഇതരസംസ്ഥാനക്കാരുടെ വീടുകളും അവരുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളും സന്ദര്‍ശിച്ചശേഷം കമീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭ കോശിയും അംഗങ്ങളായ കെ. നസീറും മീന കുരുവിളയും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പെരുമ്പാവൂരിലെ കണ്ടത്തറ ഗവ. യു.പി സ്കൂളിലാണ് സന്ദര്‍ശനം നടത്തിയത്. സ്കൂളിലെ ഇരുന്നൂറോളം കുട്ടികളില്‍ നൂറിലേറെപേര്‍ ഇതരസംസ്ഥാനക്കാരാണ്. ഇവിടെ കൂടുതലും ബംഗാളി കുട്ടികളാണുള്ളത്. ഇവരുടെ പഠനം മിക്കപ്പോഴും പലകാരണങ്ങളാല്‍ മുടങ്ങുന്നതായി ബോധ്യപ്പെട്ടുവെന്ന് കമീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭ കോശി പറഞ്ഞു. ഈ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ നാട്ടുകാരുടെ കുട്ടികളെ ചേര്‍ക്കാന്‍ മടികാണിക്കുന്ന പ്രവണതയും കാണുന്നുണ്ട്. സ്കൂള്‍ കലോത്സവങ്ങളില്‍ ഇവര്‍ക്ക് പങ്കെടുക്കാനും കഴിയുന്നില്ല. ശരിയായ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്നതാണ് ഇതിന് കാരണം.
കായിക മത്സരങ്ങള്‍ക്കും ഇതേ സ്ഥിതിയാണ്. പലപ്പോഴും ആധാര്‍ പോലെയുള്ള രേഖകള്‍ മാത്രമാണ് ഇവര്‍ ആശ്രയിക്കുന്നത്. മിക്ക കുട്ടികളും പഠനത്തിലും കായിക, കലാ മത്സരങ്ങളിലും മിടുക്കരാണ്. കുട്ടികള്‍ ഭൂരിഭാഗത്തിനും മലയാളം നന്നായി കൈകാര്യംചെയ്യാന്‍ അറിയാം. ബംഗാളി, ഒഡിഷ വിഭാഗക്കാര്‍ പ്രത്യേകമായാണ് പലയിടങ്ങളിലും താമസിക്കുന്നത്. ഇവരുടെ കുട്ടികള്‍ പഠിക്കുന്നതും വെവ്വേറെ സ്കൂളുകളിലാണ്.
ഇതരസംസ്ഥാന കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫലപ്രദമായ സംവിധാനം ആവിഷ്കരിക്കണമെന്ന് കമീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടും. പ്രായം തികയാത്ത കുട്ടികള്‍ പലപ്പോഴും പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതായി കമീഷന് ബോധ്യപ്പെട്ടു. എന്നാല്‍, മിക്ക സ്കൂളുകളിലും കുട്ടികളെ തങ്ങളുടെ മാതൃഭാഷ പഠിപ്പിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലകാര്യമാണെന്നും കമീഷന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.