നെല്‍പ്പാടങ്ങളില്‍ കൊയ്ത്തുത്സവത്തിന് പകരം നിക്ഷേപ മാമാങ്കം
text_fieldsതിരുവനന്തപുരം: സര്‍ക്കാറിന്‍െറ പുതിയ ഉത്തരവുകളനുസരിച്ച് തണ്ണീര്‍ത്തടങ്ങളിലും നെല്‍പ്പാടങ്ങളിലും കൊയ്ത്തുത്സവത്തിന് പകരം നിക്ഷേപ മാമാങ്കമാകും ഇനി സംഘടിപ്പിക്കുക. നിക്ഷേപം വരണമെങ്കില്‍ നെല്‍പ്പാടം നികത്തണമെന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. എറണാകുളം വൈക്കം താലൂക്കിലെ ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്തി ടൗണ്‍ഷിപ് പദ്ധതിയും വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര വില്ളേജില്‍ 95.44 ഏക്കറും തൃശൂരില്‍ കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ളേജില്‍ 32.41 ഏക്കറും നികത്തി ഹൈടെക്/ ഐ.ടി പാര്‍ക്കുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയത് മാറിയ കാഴ്ചപ്പാടിന്‍െറ ചുവടുപിടിച്ചാണ്.
തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണനിയമംമൂലം നെല്‍വയല്‍ നികത്താന്‍ നേരിട്ട് ഉത്തരവ് നല്‍കാന്‍ സര്‍ക്കാറിന് കഴിയില്ല. നിയമം അട്ടിമറിച്ചാല്‍ മാത്രമേ വയല്‍ നികത്താനാവൂ. അതിനാല്‍ നിയമത്തിനുള്ളില്‍നിന്ന് പദ്ധതിക്ക് അനുമതി നല്‍കുകയാണ്. ഭൂപരിഷ്കരണനിയമം 1964ലെ 81ാം വകുപ്പ് പ്രകാരം പരമാവധി വിസ്തീര്‍ണത്തില്‍ കവിഞ്ഞുള്ള ഭൂമിയുടെ ഉടമാവകാശം അനുവദിച്ചാണ് ഉത്തരവ് ഇറക്കുന്നത്. വ്യവസായം, മെഡിക്കല്‍ സയന്‍സ്, വിദ്യാഭ്യാസം, ടൂറിസം, ഐ.ടി തുടങ്ങിയ മേഖലകളില്‍ സംരംഭം തുടങ്ങുന്നവര്‍ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് നല്‍കുന്നെന്നാണ് ഉത്തരവില്‍ വ്യക്തമാകുന്നത്.
പല ജില്ലയില്‍നിന്നും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി പദ്ധതി ആരംഭിക്കാന്‍ ഡസന്‍കണക്കിന് അപേക്ഷകള്‍ കാര്‍ഷികോല്‍പാദന കമീഷണര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനായി നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചത്. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചു. അതിന് എല്ലാ വകുപ്പുകളും പച്ചക്കൊടി കാട്ടി. ഒടുവില്‍ പരിസ്ഥിതി വകുപ്പിന്‍െറ വിയോജനക്കുറിപ്പാണ് മുഖ്യമന്ത്രിയുടെ നീക്കത്തിന് തടയിട്ടത്. എന്നാല്‍, സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്‍വാങ്ങിയില്ളെന്നാണ് പുതിയ ഉത്തരവുകള്‍ നല്‍കുന്ന സൂചന.
ഓര്‍ഡിനന്‍സ് കൊണ്ടുവരാതെ നിയമലംഘനം നടത്തുകയാണ് പുതിയ തന്ത്രം. മെഗാ പദ്ധതികള്‍ക്ക് ഭൂപരിഷ്കരണനിയമത്തിലെ ഭൂപരിധിയില്‍ ഇളവ് അനുവദിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അത് നിയമലംഘനമല്ളെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍, ഇളവ് അനുവദിക്കുന്ന ഭൂമി നെല്‍പ്പാടമാണ്. ഇക്കാര്യം ഉത്തരവിന്‍െറ ഒടുവിലത്തെ വരികളില്‍നിന്ന് വായിച്ചെടുക്കണം. നെല്‍വയല്‍ നികത്താതെ ഐ.ടി പാര്‍ക്ക് അടക്കമുള്ള സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയില്ല. സ്വകാര്യ സംരംഭങ്ങള്‍ക്ക് നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കാന്‍ നിലവിലെ നിയമത്തില്‍ വ്യവസ്ഥയില്ല.
അതിനാല്‍ ഈ ഉത്തരവുകളൊന്നും നിലനില്‍ക്കില്ളെന്ന് ടി.എന്‍. പ്രതാപനെപ്പോലുള്ളവരുടെ നിലപാട്. നിയമത്തിലെ ‘പൊതു ആവശ്യം’ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകള്‍ക്കായി നേരത്തേ വയലുകള്‍ നികത്തിയിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് ഇപ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഭൂപരിധിയില്‍ ഇളവ് നല്‍കുന്നത്. അതാകട്ടെ കൂടുതല്‍ ഭൂമി കൈവശംവെക്കാനാണ്. നെല്‍പ്പാടങ്ങള്‍ വാങ്ങിക്കൂട്ടിയ ഭൂമാഫിയക്ക് ഉത്തരവ് സഹായകമാവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.