പ്രോഫ്കോണിന് തുടക്കം കാമ്പസുകളെ വര്‍ഗീയവത്കരിക്കരുത് –എം.എസ്.എം
text_fieldsനെടുമ്പാശ്ശേരി: സൗഹാര്‍ദത്തിന്‍െറയും സഹിഷ്ണുതയുടെയും വിളനിലങ്ങളാകേണ്ട കാമ്പസുകളെ വര്‍ഗീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുജാഹിദ് സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് (എം.എസ്.എം) 20ാം അന്താരാഷ്ട്ര പ്രഫഷനല്‍ സ്റ്റുഡന്‍റ്സ് കോണ്‍ഫറന്‍സ് ‘പ്രോഫ്കോണ്‍’ ആഹ്വാനം ചെയ്തു. മതങ്ങളെ സ്വാര്‍ഥ താല്‍പര്യങ്ങല്‍ക്ക് വേണ്ടി വൈകാരികമായി സമീപിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ വിദ്യാര്‍ഥി സമൂഹം തയാറാകണം. രാജ്യത്തോട് കൂറുപുലര്‍ത്തി രാജ്യപുരോഗതിയില്‍ പങ്കാളികളാകാന്‍ സാധിക്കണം.
ഇസ്ലാമിനെക്കുറിച്ച് തെറ്റായ അധ്യാപനങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് മുസ്ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രോഫ്കോണ്‍ ഉദ്ഘാടനം ചെയ്ത പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ശൈഖ് അബൂ ഉസാമ ഖലീഫ അദ്ദഹബി അഭിപ്രായപ്പെട്ടു. ഇസ്ലാമിന്‍െറ യഥാര്‍ഥ വായനയെ പ്രോത്സാഹിപ്പിക്കാനും ഇസ്ലാമിക അധ്യാപനങ്ങള്‍ പ്രബോധനം ചെയ്യാനും മുസ്ലിംകള്‍ മുന്നോട്ടുവരണം. നന്മചെയ്യാനുള്ള ഒരു അവസരവും പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. നസീഫ് അധ്യക്ഷതവഹിച്ചു. കേരള യൂനിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ മുഖ്യാതിഥിയായി. നന്മയില്‍ അധിഷ്ഠിതമായ മാറ്റമുണ്ടാക്കാനും വിജ്ഞാനംകൊണ്ട് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ടെക്നിക്കല്‍ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുറഹ്മാന്‍, പി.എം. ഷാഹുല്‍ ഹമീദ്, എന്‍.കെ. ശംസുദ്ദീന്‍, ശിഹാബ് എടക്കര, എം.എസ്.എം സംസ്ഥാന സെക്രട്ടറി പി. ലുബൈബ്, സി. മുഹാസ് എന്നിവര്‍ സംസാരിച്ചു. അബ്ദുറഷീദ് കുട്ടമ്പൂര്‍, റുസ്തം ഉസ്മാന്‍, ഉമര്‍ഖാന്‍ മദീനി, അര്‍ഷദ് താനൂര്‍ ശുഹൈബ് കരമന, മന്‍സൂര്‍ സ്വലാഹി, ശാഫി സ്വബാഹി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
സമ്മേളനം ഞായറാഴ്ച സമാപിക്കും. www.msmkerala.co.in/live, www.tuneislam.com/live, wisdomglobaltv എന്നീ സൈറ്റുകളില്‍ തത്സമയം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.