ബിജി മോൾ എം.എൽ.എയെ അറസ്റ്റ് ചെയ്യേണ്ടെന്ന റിപ്പോർട്ട് ഹൈകോടതി തള്ളി
text_fieldsകൊച്ചി: ഇടുക്കി എ.ഡി.എമ്മിനെ ആക്രമിച്ച കേസിൽ പ്രതിയായ ഇ.എസ്. ബിജിമോൾ എം.എൽ.എയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന പൊലീസ് റിപ്പോർട്ട് ഹൈകോടതി തള്ളി. സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസിലെ പ്രതിയാണ് ബിജി മോൾ. അതിനാൽ തന്നെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് വീഴ്ചയാണ്. ഡി.ജി.പി തന്നെ ഈ വിഷയം വിശദമായി പരിശോധിക്കണം. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും കോടതി നിർദേശിച്ചു. പ്രതിയെ എന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ജസ്റ്റിസ് ബി. കെമാൽ പാഷ ചോദിച്ചു.
എ.ഡി.എമ്മിനെ ആക്രമിച്ച കേസിൽ ബിജി മോളിൽ നിന്നും വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വിശദീകരിച്ചു. കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ ബിജി മോളെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടെന്ന് ജസ്റ്റിസ് കെമാൽ പാഷ പൊലീസിനോട് ആരാഞ്ഞിരുന്നു.
മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിന്‍റെ തെക്കേമലയിലെ പൊളിച്ചുമാറ്റിയ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ അവസരത്തില്‍ ഇടുക്കി എ.ഡി.എം മോന്‍സി പി. അലക്‌സാണ്ടറെ ഇ.എസ്. ബിജിമോള്‍ എം.എൽ.എ ആക്രമിച്ചെന്നാണ് കേസ്. ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ ജില്ലാ കലക്ടർ നിയോഗിച്ച പ്രകാരം 2015 ജൂലൈ മൂന്നിന് പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്ത് എത്തിയപ്പോഴായിരുന്നു സംഭവം. 2015 സെപ്റ്റംബർ ഏഴിന് ശരിയായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എ.ഡി.എം സമർപ്പിച്ച ഹർജിയിൽ കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് എ.ഡി.എം വീണ്ടും ഹൈകോടതിയിലെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.