സി.പി.എം പട്ടികയില്‍ ഗുരുദാസനും
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ എണ്ണം വീണ്ടും ഉയരും. കൊല്ലം നിയമസഭാ മണ്ഡലത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ഗുരുദാസന്‍െറ പേര് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചതോടെയാണിത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ആറ് പേര്‍ മത്സരിച്ചാല്‍ മതിയെന്നാണ് നേതൃത്വം തീരുമാനിച്ചത്. പിണറായി വിജയന്‍ (ധര്‍മടം), ഇ.പി. ജയരാജന്‍ (മട്ടന്നൂര്‍), തോമസ് ഐസക് (ആലപ്പുഴ), എ.കെ. ബാലന്‍ (തരൂര്‍), ടി.പി. രാമകൃഷ്ണന്‍ (പേരാമ്പ്ര), എം.എം. മണി (ഉടുമ്പന്‍ചോല) എന്നിവരെയാണ് സെക്രട്ടേറിയറ്റില്‍നിന്ന് സ്ഥാനാര്‍ഥികളാക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ. ഷൈലജ പേരാവൂരിലും കേന്ദ്ര കമ്മിറ്റി ക്ഷണിതാവായ വി.എസ്. അച്യുതാനന്ദനെ മലമ്പുഴയിലും സ്ഥാനാര്‍ഥികളാക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ എണ്ണം എട്ടായി. പി.കെ. ഗുരുദാസന്‍െറ പേരുകൂടി അംഗീകരിച്ചാല്‍ എണ്ണം ഒമ്പതാവും.
തിരുവനന്തപുരത്തോ കൊല്ലത്തോ മുസ്ലിം വിഭാഗത്തില്‍നിന്ന് സ്ഥാനാര്‍ഥി വേണമെന്ന് നേതൃത്വം നിര്‍ദേശിച്ചിരുന്നു. കൊല്ലത്ത് സി.പി.എം മത്സരിക്കുന്ന മൂന്ന് മണ്ഡലത്തിലും മുസ്ലിം ഇതര വിഭാഗത്തില്‍നിന്നുള്ളവരെയാണ് നിര്‍ദേശിച്ചത്. ഇതോടെ ഈ വിഭാഗത്തില്‍നിന്ന് ഒരാളെ കണ്ടെത്തേണ്ട ചുമതല തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനായി. തുടര്‍ന്നാണ് അരുവിക്കരയില്‍ പാളയം ഏരിയാ സെക്രട്ടറി എ.എ. റഷീദിന്‍െറയും എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷിജുഖാന്‍െറയും പേരുകള്‍ നിര്‍ദേശിക്കുന്നതില്‍ എത്തിയത്. അതേസമയം പത്തനംതിട്ടയില്‍ ആറന്മുള മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പരിഹരിക്കപ്പെടാത്തത് സി.പി.എം ജില്ലാ നേതൃത്വത്തിന് തലവേദനയാവും. മറ്റ് ജില്ലകളില്‍നിന്ന് പുതുക്കിയ പട്ടിക തിങ്കളാഴ്ചതന്നെ സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 16ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാവും അന്തിമതീരുമാനം കൈക്കൊള്ളുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.