വല്ലാര്‍പാടം:ചര്‍ച്ചയില്‍ താല്‍ക്കാലിക ഒത്തുതീര്‍പ്പ്; ട്രക് തൊഴിലാളി സമരം പിന്‍വലിച്ചു
text_fieldsതിരുവനന്തപുരം: ലേബര്‍ കമീഷണറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലെ ട്രക് തൊഴിലാളികള്‍ നടത്തിവന്ന സമരത്തിന് താല്‍ക്കാലിക ഒത്തുതീര്‍പ്പ്. തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ് ആന്‍ഡ് റിസര്‍ച് സെന്‍ററിലെ (നാറ്റ്പാക്) ഉദ്യോഗസ്ഥരും ലേബര്‍ കമീഷണറേറ്റിലെ പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന വിദഗ്ധ സമിതിക്ക് രൂപംനല്‍കും. സമിതി മൂന്നുമാസത്തിനകം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തൊഴില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ലേബര്‍ കമീഷണര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് താല്‍ക്കാലിക ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങിയത്. ഇതോടെ അനിശ്ചിതകാല സമരം പിന്‍വലിക്കുന്നതായി 10 സംഘടനകളുടെ കൂട്ടായ്മയായ ട്രേഡ് യൂനിയന്‍ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
മൂന്നു മാസത്തേക്കുള്ള താല്‍ക്കാലിക ധാരണപ്രകാരം തൊഴിലാളികളുടെ വേതനവര്‍ധനക്കും ധാരണയായി. നിലവില്‍ 653 രൂപ ലഭിക്കുന്ന 20 അടി നീളമുള്ള കണ്ടെയ്നര്‍ ലോറികളിലെ ഡ്രൈവര്‍മാരുടെ വേതനം 850 രൂപയാക്കി. 40 അടി നീളമുള്ള കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍മാരുടെ വേതനം 850 രൂപയില്‍നിന്ന് 1050 ആയി വര്‍ധിപ്പിച്ചു. യഥാക്രമം ഈ ട്രക്കുകളിലെ ക്ളീനര്‍മാര്‍ക്ക്, ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്‍െറ നേര്‍പകുതിയാണ് നിശ്ചയിച്ചത്. ഇതിനു പുറമെ ദീര്‍ഘദൂരയാത്രകളില്‍ മിനിമം ബാറ്റ 150 രൂപയായും അതിന് മുകളിലുള്ള ദൂരത്തേക്ക് അഞ്ചു ശതമാനം വീതം വര്‍ധനയും അനുവദിക്കും. മൂന്നു മാസത്തേക്കാണ് ശമ്പള വര്‍ധന. വിദഗ്ധ സമിതി ഫെയറും വാടകയും പുതുക്കി നിശ്ചയിക്കുന്നതോടെ പുതിയ നിരക്ക് ഏര്‍പ്പെടുത്തുമെന്നാണ് ചര്‍ച്ചയിലെ ധാരണ. ദൂരവും വാടകയുമടക്കം കാര്യങ്ങള്‍ സമിതിയുടെ പഠനപരിധിയില്‍പെടും.
കണ്ടെയ്നര്‍ ട്രക്കുകളുടെ പാര്‍ക്കിങ്ങിന് ടെര്‍മിനലിന് സമീപത്ത് താല്‍ക്കാലിക ക്രമീകരണമൊരുക്കും. മൂന്നു മാസത്തിനുള്ളില്‍ സ്ഥിരം സൗകര്യമുണ്ടാക്കാമെന്നാണ് തൊഴിലാളികള്‍ക്ക് ലഭിച്ച ഉറപ്പ്. ബോണസ്, ഹാള്‍ട്ടിങ് ബാറ്റ, ഷിഫ്റ്റിങ് അലവന്‍സ്, എന്‍ബ്ളോക് മൂവ്മെന്‍റ്, എക്സാമിന്‍ ബാറ്റ തുടങ്ങി 12ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.
വിഷയങ്ങളെല്ലാം വിദഗ്ധ സമിതി പഠിക്കും. മൂന്നു മാസത്തിനുള്ളില്‍ പരിഹാരമുണ്ടായില്ളെങ്കില്‍ സമരം പുനരാരംഭിക്കുമെന്ന് തൊഴിലാളി പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. ഇതിനകം ലേബര്‍ വിഭാഗവുമായി ബന്ധപ്പെട്ട് 10 ചര്‍ച്ചകളും കമീഷണറുടെ അധ്യക്ഷതയില്‍ രണ്ട് യോഗങ്ങളും നടന്നതായി തൊഴിലാളി പ്രതിനിധികള്‍ പറയുന്നു. 1700ഓളം ട്രക് ലോറികളാണ് കൊച്ചി, വല്ലാര്‍പാടം മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. 3000ത്തോളം തൊഴിലാളികളുമുണ്ട്. ചര്‍ച്ചയില്‍ ലേബര്‍ കമീഷണര്‍ കെ. ബിജു, റീജനല്‍ ലേബര്‍ കമീഷണര്‍ മുരളീധരന്‍ നായര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ട്രാഫിക് മാനേജര്‍ ഡോ. സി. ഉണ്ണികൃഷ്ണന്‍, എറണാകുളം ഡി.എല്‍.ഒ സൈനുലാബ്ദ്ദീന്‍, തൊഴിലാളി സംഘടനാ പ്രതിനിധികളായ ഷാജി പുത്തലത്ത്, എം. ജമാല്‍കുഞ്ഞ് (ഐ.എന്‍.ടി.യു.സി), ജോസി, ജോസഫ് സേവ്യര്‍ (സി.ഐ.ടി.യു), ചാള്‍സ് ജോര്‍ജ്, സി.കെ. പരമേശ്വരന്‍ (ടി.യു.സി.ഐ), ആഷിഖ് (സി.ടി.ടി.യു), അഡ്വ. സാം (ബി.കെ.എസ്), ഡി. കുഞ്ഞുമോന്‍ (ബി.എം.എസ്), വി.യു. ഹംസകോയ (സി.പി.എസ്.എ) എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.