എല്‍.ഡി.എഫ് സീറ്റ്ചര്‍ച്ച 19ന് പൂര്‍ത്തീകരിക്കും
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സീറ്റ് ചര്‍ച്ച മാര്‍ച്ച് 19ന് പൂര്‍ത്തിയാക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കുവെക്കല്‍ ചര്‍ച്ച അതിനുമുമ്പ് പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സി.പി.എം നേതൃത്വം നടത്തുന്നത്. 19ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ അന്തിമധാരണയില്‍ എത്തും.
സി.പി.എമ്മും സി.പി.ഐയും തമ്മിലാണ് പ്രധാനമായും ധാരണയിലെത്തേണ്ടത്. 27 സീറ്റിലാണ് സി.പി.ഐ കഴിഞ്ഞതവണ മത്സരിച്ചത്. 29 സീറ്റുകളാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഇരുപാര്‍ട്ടികളും ധാരണയിലത്തെിയശേഷമാവും മറ്റു കക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിക്കുക. പുതുതായി ഇടതുമുന്നണിയുമായി സഹകരിക്കാന്‍ രംഗത്തുള്ള കക്ഷികളുമായുള്ള ചര്‍ച്ചകളും ഇതിനിടയില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് (ഡി), ആര്‍. ബാലകൃഷ്ണപിള്ള വിഭാഗം, പി.സി. ജോര്‍ജ്, ജെ.എസ്.എസ്, സി.എം.പി, ആര്‍.എസ്.പി (എല്‍) തുടങ്ങിയവര്‍ക്കുള്ള സീറ്റുകളില്‍ ധാരണയാകേണ്ടതുണ്ട്. പുതിയകക്ഷികള്‍ക്ക് സീറ്റ് നല്‍കേണ്ടതുള്ളതിനാല്‍ ഘടകകക്ഷികള്‍ കൂടുതല്‍ മണ്ഡലങ്ങള്‍ ചോദിക്കരുതെന്ന് ചര്‍ച്ചയില്‍ സി.പി.എം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച സി.പി.എം നേതൃത്വവുമായി ചര്‍ച്ച നടത്തിയ ജെ.ഡി (എസ്), എന്‍.സി.പി, ഐ.എന്‍.എല്‍ കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടു. ജനതാദളും എന്‍.സി.പിയും ഏഴ് വീതം ചോദിച്ചു. ഐ.എന്‍.എല്‍ അഞ്ചാണ് ചോദിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, വൈക്കം വിശ്വന്‍ എന്നിവരാണ് സി.പി.എമ്മിനുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തത്.
അങ്കമാലി, കോവളം, മലപ്പുറം, തിരുവല്ല, വടകര സീറ്റുകളിലാണ് ജനതാദള്‍ കഴിഞ്ഞ തവണ മത്സരിച്ചത്. വയനാട്ടില്‍ കല്‍പറ്റയും തിരുവനന്തപുരം, ഇരവിപുരം, പള്ളുരുത്തി സീറ്റുകളില്‍ ഒന്നും മലപ്പുറത്തിന് പകരം ചിറ്റൂരുമാണ് ജനതാദള്‍ കൂടുതല്‍ ചോദിച്ചത്. മാത്യു ടി. തോമസ്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ ജനതാദളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
എന്‍.സി.പി കഴിഞ്ഞതവണ കുട്ടനാട്, പാലാ, എലത്തൂര്‍, കോട്ടക്കല്‍ സീറ്റുകളിലാണ് മത്സരിച്ചത്. ഇതുകൂടാതെ എറണാകുളം ജില്ലയില്‍ ഒന്നും ആറന്മുളയും കാഞ്ഞിരപ്പള്ളിയും ആവശ്യപ്പെട്ടു. മറ്റുള്ള കക്ഷികള്‍ക്കുകൂടി സീറ്റുകള്‍ നല്‍കാനുണ്ടെന്ന പൊതുഅവസ്ഥ കൂടി പരിഗണിച്ചുവേണം സീറ്റ് ആവശ്യപ്പെടാനെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്‍െറ അഭിപ്രായം. ഉഴവൂര്‍ വിജയന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് എന്‍.സി.പിയെ പ്രതിനിധീകരിച്ചത്.
കഴിഞ്ഞതവണ കൂത്തുപറമ്പ്, വേങ്ങര, കാസര്‍കോട് സീറ്റുകള്‍ ലഭിച്ച ഐ.എന്‍.എല്ലുമായുള്ള ചര്‍ച്ച കൂത്തുപറമ്പില്‍ തട്ടിനില്‍ക്കുകയാണ്. കൂത്തുപറമ്പാണ് ഐ.എന്‍.എല്ലിന്‍െറ പ്രഥമ പരിഗണന. അല്ളെങ്കില്‍ അഴീക്കോട്. കൂത്തുപറമ്പില്‍ മുറുകെ പിടിച്ച ഐ.എന്‍.എല്ലിന് സി.പി.എം വഴങ്ങിയില്ല. കുന്നംകുളം ചോദിച്ചെങ്കിലും കോഴിക്കോട് സൗത്തില്‍ മത്സരിക്കാന്‍ സി.പി.എം നിര്‍ദേശിച്ചു. കാസര്‍കോട് സീറ്റ് വേണ്ടെന്ന നിലപാടാണ് ഐ.എന്‍.എല്ലിന്. ജില്ലയില്‍തന്നെ മറ്റു സീറ്റ് ചോദിച്ചെങ്കിലും സി.പി.എം വഴങ്ങിയില്ല. ഈ മൂന്ന് കക്ഷികളുമായി മാര്‍ച്ച് 18നും 19നുമായി തുടര്‍ചര്‍ച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.