കരുണ എസ്റ്റേറ്റ്: നിലപാട് തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടി പിന്തുണ ഉണ്ടാകില്ളെന്ന് സുധീരന്‍
text_fieldsതിരുവനന്തപുരം: കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കാന്‍ നല്‍കിയ ഉത്തരവിനെതിരെ കെ.പി.സി.സി ഭാരവാഹിയോഗത്തില്‍ പ്രസിഡന്‍റ് വി.എം. സുധീരന്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാത്തപക്ഷം പാര്‍ട്ടിയുടെ പിന്തുണ സര്‍ക്കാറിന് ഉണ്ടാകില്ളെന്ന് അദ്ദേഹം തുറന്നടിച്ചു.
സര്‍ക്കാറിനെ ആരോപണങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ താന്‍ നടത്തിയ ജനരക്ഷാമാര്‍ച്ചിലൂടെ സാധിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ ഉത്തരവുകള്‍ സര്‍ക്കാറിനുമേല്‍ വീണ്ടും അഴിമതിയുടെ നിഴല്‍ വീഴ്ത്തുന്നു. ഇതിനുപിന്നില്‍ കളികളുണ്ട്. മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയതും ഇതേ കളികളുടെ ഭാഗംതന്നെയാണ്. സോളാര്‍, സരിത വിഷയങ്ങളില്‍ മന്ത്രിമാരെ റോഡിലിട്ട് വലിച്ചിഴച്ചപ്പോള്‍ പാര്‍ട്ടി അവര്‍ക്കൊപ്പം നിന്നു. ന്യായമായ കാര്യങ്ങളില്‍ കൂടെനില്‍ക്കാം. എന്നാല്‍, ഇത്തരം കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല. കരുണ എസ്റ്റേറ്റിന്‍െറ കാര്യത്തില്‍ എ.ജിയുടെ നിയമോപദേശം തേടാനുള്ള നീക്കം ആരെ സഹായിക്കാനാണെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ എ.ജിയെ വിശ്വസിക്കാനാവില്ല. അദ്ദേഹത്തെപ്പറ്റി ഹരിത എം.എല്‍.എമാര്‍ നേരത്തേ പറഞ്ഞകാര്യങ്ങള്‍ വിശദീകരിക്കുന്നില്ല. ഉത്തരവിന് പിന്നില്‍ അഴിമതിയുണ്ടെന്ന് സംശയിച്ചാല്‍ ആരെയും കുറ്റം പറയാനാകില്ല. അതിനാല്‍ എത്രയും പെട്ടെന്ന് വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സുധീരന്‍ തുറന്നടിച്ചു.
സുധീരന്‍െറ പ്രസംഗത്തിനുമുമ്പ് പോകാന്‍ തുടങ്ങിയ മുഖ്യമന്ത്രിയെ തനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാല്‍ മതിയെന്നു പറഞ്ഞ് ഇരുത്തിയ ശേഷമാണ് സുധീരന്‍ സര്‍ക്കാറിനെതിരെ പൊട്ടിത്തെറിച്ചത്. കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് അഴിമതിയില്ളെന്ന് തെളിയിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുഖ്യമന്ത്രി തന്‍െറ പ്രസംഗത്തില്‍ കാണിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിക്കളയുന്നുവെന്നായിരുന്നു സുധീരന്‍െറ മറുപടി.
പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രധാന്യം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു. പുതുമുഖങ്ങളെന്നാല്‍ ചെറുപ്പക്കാര്‍ മാത്രമാകരുതെന്നും വിവിധ ഡി.സി.സി പ്രസിഡന്‍റുമാര്‍ നിര്‍ദേശിച്ചു. ഏറെക്കാലത്തെ പ്രവര്‍ത്തനപരിചയമുള്ള തങ്ങള്‍ക്കും തെരഞ്ഞെടുപ്പില്‍ പരിഗണന നല്‍കണമെന്ന് പ്രസിഡന്‍റുമാര്‍ ആവശ്യപ്പെട്ടു.
റോഡില്‍ ഇറങ്ങി പ്രതിഷേധം നടത്തി നിലവിലുള്ള എം.എല്‍.എമാരെ മാറ്റാനുള്ള നടപടികള്‍ക്കെതിരെ വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ ശക്തമായി രംഗത്തുവന്നു. താന്‍ ഉള്‍പ്പെടെ ആരെ വേണമെങ്കിലും യോഗം ചേര്‍ന്ന് മാറ്റാമെന്നും അതിനുപകരം റോഡില്‍ ബഹളം ഉണ്ടാക്കിയല്ല മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന സതീശന്‍െറ ആവശ്യത്തോട് കെ.പി.സി.സി പ്രസിഡന്‍റും യോജിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക പരിഗണ ഉള്‍പ്പെടെ പരിഗണിക്കണമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞതവണ കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫിന് വേണ്ടി മത്സരിച്ച നേതാക്കളെല്ലാം ഒരു സമുദായത്തില്‍നിന്ന് മാത്രമായത് തിരിച്ചടിക്ക് കാരണമായതായി അവര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും വിവാദങ്ങള്‍ ഒഴിവാക്കണമെന്നും യോഗത്തില്‍ സംബന്ധിച്ച എ.കെ. ആന്‍റണി ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ കെ.പി.സി.സി നിര്‍വാഹകസമിതിയുടെയും ഉച്ചക്കുശേഷം തെരഞ്ഞെടുപ്പ് സമിതിയുടെയും യോഗങ്ങള്‍ നടക്കും.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.