കരുണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരുണ എസ്റ്റേറ്റിന് കരം അടക്കുന്നതിന് വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. മൂന്ന് വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ കരം അടക്കാനാവൂ എന്നതായിരുന്നു സര്‍ക്കാറിന്‍റെ ആദ്യ ഉത്തരവ്. പുതിയ സാഹചര്യത്തില്‍ കോടതിയുടെ തീരുമാനം വന്നാല്‍ മാത്രമേ കരം സ്വീകരിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആണ് കരുണ എസ്റ്റേറ്റില്‍ സര്‍വെ നടത്തിയത്. കരുണയില്‍ സര്‍ക്കാര്‍ ഭൂമിയില്ളെന്ന് സര്‍വെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ലാന്‍റ് ബോര്‍ഡ് സെക്രട്ടറി സമര്‍പിച്ച റിപോര്‍ട്ടിനെ തുടര്‍ന്നാണ് നികുതി പിരിച്ചെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. എന്നാല്‍, എന്തിനാണ് സ്വകാര്യ കമ്പനിക്കു വേണ്ടി ധൃതിവെച്ച് ഉത്തരവ് ഇറക്കിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായി മറുപടി പറഞ്ഞില്ല.
കാരുണ്യ ലോട്ടറി സ്വകാര്യ പ്രസില്‍ അച്ചടിക്കാന്‍ തീരുമാനിച്ചിട്ടില്ളെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെ.ബി.പി.എസ് ഒരു ആഴ്ച 3.15 കോടി കാരുണ്യ ലോട്ടറിക്ക് കൊടുത്തുകൊണ്ടിരിക്കുന്നുണ്ട്. ലോട്ടറിയിലൂടെ സര്‍ക്കാറിന്‍റെ വരുമാനമല്ല ലക്ഷ്യം. ലോട്ടറിയുടെ സാമൂഹ്യവശമാണ് സര്‍ക്കാര്‍ കാണുന്നത്. മറ്റൊരു ജോലിയും ചെയ്ത് ജീവിക്കാന്‍ കഴിയാത്ത വികലാംഗരും സ്ത്രീകളും അടക്കമുള്ളവര്‍ ഉണ്ട്. സ്ത്രീശക്തി ലോട്ടറി വരാന്‍ പോവുന്നുവെന്നും വനിതകളുടെ ക്ഷേമത്തിന് വേണ്ടിയുള്ള എട്ട് പരിപാടികള്‍ ആണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.