കരയിച്ച കണക്ക് പരിശോധിക്കും
text_fieldsന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ ഉയര്‍ന്ന വിമര്‍ശവും വ്യാപക പരാതിയും മുന്‍നിര്‍ത്തി 12ാം ക്ളാസ് കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാനും മൂല്യനിര്‍ണയത്തിനമുമ്പ് പരിഹാര നടപടി സ്വീകരിക്കാനും കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് (സി.ബി.എസ്.ഇ) തീരുമാനിച്ചു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന പരീക്ഷയില്‍ നല്ല പങ്ക് ചോദ്യങ്ങള്‍ക്കും കുട്ടികള്‍ക്ക് ഉത്തരമെഴുതാന്‍ കഴിഞ്ഞില്ല. നിരാശയോടെ, കരഞ്ഞു കലങ്ങിയ കണ്ണുകളോടെയാണ് കുട്ടികള്‍ പുറത്തുവന്നത്. വാട്സ്ആപ് വഴിയും മറ്റും ഉത്തരേന്ത്യയില്‍ പല സ്ഥലത്തും ചോദ്യപേപ്പര്‍ ചോര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
രണ്ടു ദിവസമായി പാര്‍ലമെന്‍റില്‍ കേരള എം.പിമാരുടെ നേതൃത്വത്തില്‍ ഇതേക്കുറിച്ച് ഒച്ചപ്പാട് ഉയര്‍ന്നിരുന്നു. സി.ബി.എസ്.ഇ.ക്ക് വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും വ്യാപക പരാതി കിട്ടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഗണിതശാസ്ത്ര വിദഗ്ധരെക്കൊണ്ട് ചോദ്യപേപ്പര്‍ പരിശോധിപ്പിച്ച് അനുഭാവപൂര്‍വം ഉത്തരക്കടലാസ് പരിശോധിക്കാന്‍ തീരുമാനിച്ചത്.
ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് പ്രവേശം പ്രയാസമാക്കുംവിധം അന്യസംസ്ഥാന സ്വകാര്യ-സ്വാശ്രയ കോളജ് ലോബി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമുണ്ട്. മെറിറ്റില്‍ പ്രവേശം കിട്ടാതെ വരുമ്പോള്‍ സ്വകാര്യ കോളജുകളില്‍ പ്രവേശം തേടുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷവും കണക്കു പരീക്ഷ പ്രയാസമായിരുന്നു. ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികളെ കുരുക്കാനാണ് ചോദ്യപേപ്പര്‍ കടുപ്പത്തിലാക്കിയതെന്ന് കോണ്‍ഗ്രസ് ഡെപ്യൂട്ടി ചീഫ് വിപ് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചു. പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി അംഗങ്ങള്‍ അടക്കമുള്ളവര്‍ പിന്തുണച്ചു.
പ്രശ്നം ഗൗരവമുള്ളതാണെന്നും കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുള്ളതാണെന്നും സര്‍ക്കാറിനു വേണ്ടി പ്രതികരിച്ച മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വിഷയം അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം മാനവശേഷി വികസന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് സി.ബി.എസ്.ഇയുടെ വിശദീകരണം. അതേസമയം, റാഞ്ചി, ധന്‍ബാദ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ നേരത്തെ കിട്ടിയെന്ന ആരോപണം തെറ്റാണെന്ന് മാനവശേഷി വികസന മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.