സംസ്ഥാനത്തെ ഓര്‍ഫനേജുകളുടെ നിലനില്‍പ് പ്രതിസന്ധിയില്‍
text_fieldsകോഴിക്കോട്: ബാലനീതി നിയമമനുസരിച്ച് അനാഥശാലകള്‍ നടത്തിക്കൊണ്ടുപോവാന്‍ കഴിയില്ളെന്ന് മാനേജ്മെന്‍റുകള്‍ വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ ഓര്‍ഫനേജുകളുടെ നിലനില്‍പ് പ്രതിസന്ധിയിലായി. ഓര്‍ഫനേജ് മാനേജ്മെന്‍റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബ്ള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരളയുടെ ജനറല്‍ ബോഡി യോഗമാണ് ബാലനീതി നിയമമനുസരിച്ച് അനാഥാലയങ്ങള്‍ നടത്താന്‍ സന്നദ്ധമല്ളെന്നും മേയ് ഒന്നുമുതല്‍ ഈ ഉത്തരവാദിത്തം ഗവണ്‍മെന്‍റ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടത്. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് യോഗം പ്രശ്നത്തിന്‍െറ ഗുരുതരാവസ്ഥ മനസ്സിലാക്കി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഹിന്ദു-മുസ്ലിം-ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 1200ല്‍ പരം അനാഥാലയങ്ങളാണ് നടന്നുവരുന്നത്.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ താമസിച്ചുപഠിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന കേരള ഹൈകോടതി വിധി (WP (C) No: 14259 of 2014) യാണ് ഓര്‍ഫനേജുകളുടെ നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിച്ചത്. ഓര്‍ഫനേജുകളുടെ ഭരണസമിതികളെ നോക്കുകുത്തികളാക്കുന്നതാണ് ഈ വിധിയെന്നാണ് ഓര്‍ഫനേജ് സംഘടനയുടെ ആരോപണം. കോടതിവിധിയനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും (സി.ഡബ്ള്യു.സി) മറ്റു ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും പൂര്‍ണ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമാണ് ഓര്‍ഫനേജുകള്‍.
ബാലനീതി നിയമത്തിലെ സെക്ഷന്‍ 2 (14) നിര്‍വചിച്ച 12 വിഭാഗം കുട്ടികളെയും പ്രവേശിപ്പിച്ച് സംരക്ഷിക്കേണ്ടിവരും. അനാഥാലയങ്ങളിലെ ഭൗതിക സൗകര്യങ്ങളും ജോലിക്കാരെ സംബന്ധിച്ച നിബന്ധനകളും കടുത്ത സാമ്പത്തികഭാരം വരുത്തുന്നതാണ്. 100കുട്ടികള്‍ക്ക് 25 ഉദ്യോഗസ്ഥര്‍ എന്ന കണക്കിന് സ്റ്റാഫിനെയും മറ്റും നിയമിക്കാന്‍ ബാലനീതി നിയമം (റൂള്‍ 68-9) നിഷ്കര്‍ഷിക്കുന്നുണ്ട്. ഇതേപോലെ റൂള്‍ 44 പ്രകാരം ഭക്ഷണക്രമവും ശയ്യോപകരണങ്ങള്‍ എന്നിവയും വ്യവസ്ഥ ചെയ്യുന്നുണ്ട്. സേവനമായിക്കണ്ട് പലരില്‍നിന്നും പിരിവെടുത്ത് കഷ്ടിച്ച് നടത്തിവരുന്ന അനാഥാലയങ്ങള്‍ക്ക് ഈ കര്‍ശന വ്യവസ്ഥകള്‍ പാലിച്ച് മുന്നോട്ടുപോവാന്‍ സാധ്യമല്ലാത്ത അവസ്ഥയാണെന്ന് അസോസിയേഷന്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാറിന്‍െറ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് രജിസ്റ്റര്‍ ചെയ്ത് നിബന്ധനകള്‍ പാലിച്ചാണ് സംസ്ഥാനത്തെ ഓര്‍ഫനേജുകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ ഈ ബോഡി നിലവിലിരിക്കെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ നടത്തിപ്പ് ചുമതല ഒഴിയാന്‍ തീരുമാനിക്കുന്നതെന്ന് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. മേയ് ഒന്നുമുതല്‍ ഓര്‍ഫനേജുകളുടെ നടത്തിപ്പ് ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഓര്‍ഫനേജസ് അസോസിയേഷന്‍െറ ആവശ്യത്തിന് സര്‍ക്കാര്‍ നടപടിയൊന്നും എടുക്കാത്തതിനാലാണ് ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന ഓര്‍ഫനേജസ് കണ്‍ട്രോള്‍ ബോര്‍ഡ് യോഗം പ്രശ്നത്തിന്‍െറ ഗുരുതരാവസ്ഥ മനസ്സിലാക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് കണ്‍ട്രോള്‍ ബോര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വകുപ്പുമന്ത്രി എം.കെ. മുനീറിനേയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.