ഉമ്മൻചാണ്ടിക്കെതിരെ എസ്.എഫ്.ഐ പ്രസിഡൻറ്, മുകേഷ് കൊല്ലത്ത്
text_fieldsതിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ സി.പി.എം പരീക്ഷിക്കുന്നത് 25 കാരനായ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റിനെ. കൊല്ലത്ത് പാര്‍ട്ടി ചിഹ്നത്തില്‍ നടന്‍ മുകേഷിനെയും ബേപ്പൂരില്‍ കോഴിക്കോട് മേയറും വ്യവസായ പ്രമുഖനുമായ വി.കെ.സി. മമ്മത് കോയയെും നിര്‍ത്താനാണ് സാധ്യത. ആറന്‍മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ്ജ് സ്ഥാനാർഥിയാവുമെന്നാണ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ ധാരണ. ഓര്‍ത്തഡോക്സ് സഭാ നേതാവാണ് ഭര്‍ത്താവ് എന്നതും ശ്രദ്ധേയം. അഴീക്കോട് മണ്ഡലത്തിലും മാധ്യമ പ്രവര്‍ത്തകനായ എം.വി. നികേഷ് കുമാറിന്‍െറ പേര് പരിഗണനയിലുണ്ട്. സി.പി.എം സ്വതന്ത്രനായി മല്‍സരിക്കണമെന്ന താല്‍പര്യമാണ് നേതൃത്വം അറിയിച്ചത്.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായതിന് പിന്നാലെയാണ് ജെയ്ക് സി. തോമസിനെ ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ നിയോഗിക്കുന്നത്. അണ്ണാമലൈ സര്‍വകലാശാലയില്‍ എം.എ വിദൂര വിദ്യാഭ്യാസ അവസാന വര്‍ഷ പരീക്ഷ എഴുതിയ ജേയ്ക്ക് ഇത് പാര്‍ട്ടി ഏല്‍പ്പിച്ച ഗൗരവമായ ദൗത്യം.എസ്.എഫ്.ഐ നേതാവും പിന്നീട് കോണ്‍ഗ്രസുകാരിയുമായ സിന്ധുജോയി, സുജ സൂസന്‍ ജോര്‍ജ്ജ്, ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയ യുവനേതാക്കളെയാണ് മുന്‍പ് സി.പി.എം ഇവിടെ പരീക്ഷിച്ചിട്ടുള്ളത്.
കൊല്ലത്ത് പി.കെ. ഗുരുദാസന് പകരക്കാരനുള്ള അന്വേഷണമാണ് മുകേഷില്‍ എത്തിയത്.കമ്മ്യൂണിസ്റ്റു കുടുംബം, നാടക ആചാര്യന്‍ ഒ. മാധവന്‍െറ മകന്‍, സംഗീത നടാക അക്കാദമി മുന്‍ ചെയര്‍മാന്‍ എന്നതിലുപരി കൊല്ലത്തെ ജനപിന്തുണയും അനുകൂല ഘടകമായി.
സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിഎളമരം കരീം ഒഴിവായ സാഹചര്യത്തില്‍ ബേപ്പൂരില്‍ പറ്റിയ ആളെത്തേടി ജില്ലാ നേതൃത്വം നീണ്ട അന്വേഷണമാണ് നടത്തിയത്. പല പേരുകളും മാറിയശേഷമാണ് വി.കെ.സി. മമത് കോയയില്‍ എത്തിയത്.
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എതിരെ ജില്ലാ സെക്രട്ടേറിയറ്റംഗം റെജി സക്കറിയയെ നിര്‍ത്തും. ഏറ്റുമാനൂരില്‍ കെ. സുരേഷ് കുറുപ്പ് തന്നെയാവും സ്ഥാനാര്‍ത്ഥി. പാലക്കാട് വി.പി. റെജീനയും രംഗത്തുണ്ടാവും. വടക്കാഞ്ചേരിയില്‍ ചലച്ചിത്രതാരം കെ.പി.എ.സി ലളിതയുടെ പേരും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.