മണി ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ; പരാതി നൽകുമെന്ന് സഹോദരൻ
text_fieldsചാലക്കുടി: നടൻ കലാഭവൻ മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് വന്നതിനുശേഷം പരാതി നൽകുമെന്ന് സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ. സംശയങ്ങൾ പൊലീസിനെ ബോധ്യപ്പെടുത്തും. മിഥൈൽ ആൽക്കഹോൾ കണ്ടെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണം. രാസപരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി അറിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ നിമ്മി പ്രതികരിച്ചു. എന്നാല്‍ അദ്ദേഹത്തിനോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെന്നും കരുതുന്നില്ല. അതിനാൽ തന്നെ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണം. ഗുരുതര കരള്‍ രോഗമുള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
ബിയര്‍ മാത്രമെ മണി കഴിക്കാറുള്ളു. മരണത്തിന്‍റെ തലേദിവസം ഔട്ട് ഹൗസില്‍ ചാരായം കൊണ്ടുവന്നതിന് തെളിവില്ല. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാകാം അദ്ദേഹം മദ്യപിച്ചതെന്നും കുടുംബജീവിതത്തില്‍ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും നിമ്മി പറഞ്ഞു. മണിയെ ആശുപത്രിയില്‍ കൊണ്ടുപോയതിന്‍റെ പിറ്റേ ദിവസമാണ് തങ്ങള്‍ വിവരമറിയുന്നതെന്നും നിമ്മി മാധ്യമങ്ങളോട് പറഞ്ഞു
അതേസമയം, മണിയുടെ ഔട്ട് ഹൗസില്‍ ചാരായം കൊണ്ടുവന്നതായി റിപ്പോർട്ടുണ്ട്. പ്രത്യേക അതിഥികളെത്തുമ്പോഴാണ് ഔട്ട് ഹൗസില്‍ ചാരായമെത്തിച്ചിരുന്നത്. മണിയുടെ സഹായികളായിരുന്നു ഇത് കൊണ്ടുവന്നിരുന്നത്. എന്നാല്‍ മണി ചാരായം കുടിക്കാറില്ലായിരുന്നുവെന്നും കസ്റ്റഡിയിലെടുത്തവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
കേസിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവരാണ് കസ്റ്റഡിയിലായത്. കഴിഞ്ഞദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.