വിദ്യാര്‍ഥികളെ വലച്ച കണക്ക് പരീക്ഷ; ഹൈകോടതി സി.ബി.എസ്.ഇ നിലപാട് തേടി
text_fieldsകൊച്ചി: സിലബസിന് പുറത്തെ ചോദ്യങ്ങള്‍ കുത്തിനിറച്ച് നടത്തിയ 12ാം ക്ളാസ് കണക്ക് പരീക്ഷ റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈകോടതി സി.ബി.എസ്.ഇയുടെ നിലപാട് തേടി. പരീക്ഷ നടത്തിയ ചോദ്യപേപ്പറിന്‍െറ അടിസ്ഥാനത്തില്‍ കൃത്യമായ മൂല്യനിര്‍ണയം നടത്തുന്നത് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ ഐ.ഇ.എസ് വിദ്യാര്‍ഥിനിയും മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി ജുനൈദിന്‍െറ മകളുമായ അഖീല നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്. മാര്‍ച്ച് 14ന് നടന്ന സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് (സി.ബി.എസ്.ഇ) പരീക്ഷയില്‍ സിലബസിന് പുറത്തെ ചോദ്യങ്ങളായിരുന്നു ഏറെയും. ഇത് വിദ്യാര്‍ഥികളെ ഏറെ വലച്ചു.
12ാം ക്ളാസ് വിദ്യാര്‍ഥികളുടെ നിലവാരത്തെക്കാള്‍ ഏറെ ഉയര്‍ന്നതും, സിലബസില്‍നിന്നും മാതൃകാ ചോദ്യപേപ്പറില്‍നിന്നും ഏറെ വ്യത്യസ്തവുമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതുമായിരുന്നു ചോദ്യ പേപ്പറെന്ന് ഹരജിയില്‍ പറയുന്നു. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളാണ് സി.ബി.എസ്.ഇ പിന്തുടരുന്നത്. എന്നാല്‍, ഇത്തവണ ഈ പുസ്തകത്തിന് പുറത്തുനിന്നായിരുന്നു അധിക ചോദ്യങ്ങളും. സ്വകാര്യ പ്രസാധകരുടെ പാഠപുസ്തകങ്ങളാണ് ചോദ്യപേപ്പര്‍ തയാറാക്കാന്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
മാര്‍ക്ക് കുറയുന്നത് സംസ്ഥാനത്തെ പ്രഫഷനല്‍ കോഴ്സ് പ്രവേശത്തെ ദോഷകരമായി ബാധിക്കും. സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശത്തിന് 12ാം ക്ളാസില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വേണമെന്നാണ് നിബന്ധന. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ 40 ശതമാനം മാര്‍ക്കുമതി. എ.ഐ.സി.ടി.ഇ പ്രവേശത്തിനും 45 ശതമാനം മാര്‍ക്ക് മതി. സംസ്ഥാന സിലബസ് പ്രകാരം പരീക്ഷയെഴുതുന്നവര്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രഫഷനല്‍ കോഴ്സ് പ്രവേശത്തില്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടാന്‍ പരീക്ഷയിലെ അപാകത ഇടയാക്കുമെന്നും അഡ്വ. എ.കെ. ഹരിദാസ് മുഖേന നല്‍കിയ ഹരജിയില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കി പുന$പരീക്ഷ നടത്തുകയോ മൂല്യനിര്‍ണയം ഉദാരമാക്കുകയോ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. ചോദ്യപേപ്പര്‍ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കാനും മൂല്യനിര്‍ണയത്തിനുമുമ്പ് പരിഹാര നടപടി സീകരിക്കാനും തീരുമാനിച്ചതായി സി.ബി.എസ്.ഇ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന്, പരീക്ഷയും മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട നിലപാട് രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി സി.ബി.എസ്.ഇയോട് നിര്‍ദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.